കൊച്ചി: മലയാളസിനിമയില്‍ അറിയപ്പെടുന്ന ഒരു ലോബിയുണ്ട്. മട്ടാഞ്ചേരികേന്ദ്രമായാണ് ആ ലോബി പ്രവര്‍ത്തിക്കുന്നതെന്നത് വിഖ്യാതമാണ്. ഇപ്പോള്‍ ദിലീപ് പഴയ കോമഡി ട്രാക്കിലേക്ക് തിരിച്ചുവന്ന് ഹിറ്റടിക്കാന്‍ ശ്രമിക്കുന്ന പ്രിന്‍സ് ആന്‍റ് ഫാമിലിയെ തല്ലിക്കൊഴിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ട്രോളന്മാരുടെ അഴിഞ്ഞാട്ടം കാണുമ്പോള്‍ ഇത്തരം ചില ലോബികളെ ഓര്‍ത്തുപോകുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ദിലീപിന്റെ ശരീരഭാഷ പഴയതാണെന്നാണ് ഇവരുടെ ഒരു കുറ്റപ്പെടുത്തല്‍. അപ്പോള്‍ രജനീകാന്ത് കഴിഞ്ഞ 50 വര്‍ഷമായി പിന്തുടരുന്നത് ഒരേ മാനറിസമാണ്. തീപ്പെട്ടിക്കൊള്ളി വായുവിലെറിഞ്ഞ് സിഗരറ്റ് കത്തിക്കുന്നതും അദ്ദേഹത്തിന്റെ തനതായ ഡയോലോഗ് പറച്ചില്‍ രീതിയും എല്ലാം അന്നും ഇന്നും ഒരുപോലെയാണ്. അതുപോലെ തന്നെയാണ് ദിലീപിന്റെ തമാശകളും. അതുകൊണ്ടാണ് ദിലീപ് സിനിമകള്‍ ഇന്നും ചാനലുകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നത്. എല്ലാം മറന്ന് ഒന്ന് ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നിധിയാണ് ദിലീപ് സിനിമകള്‍. ഇപ്പോള്‍ അദ്ദേഹത്തെ തകര്‍ത്തെറിയാനാണ് ശ്രമം നടക്കുന്നത്.
പ്രിന്‍സ് ആന്‍റ് ഫാമിലി ഭ,ഭ,ബ എന്ന സിനിമയിലെ ആദ്യഗാനത്തിനെതിരെ എന്തൊക്കെ ട്രോളുകളായിരുന്നു. പക്ഷെ ഗാനം പുറത്തിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നാല് ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. അഫ്സല്‍ ദിലീപിന് വേണ്ടി മനസ്സറിഞ്ഞ് പാടിയ ഗാനമാണ് ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം. . ഈ ഗാനത്തിനെ ഇഷ്ടപ്പെട്ട് ചിലര്‍ എഴുതിയ നല്ല കമന്‍റുകള്‍ ചേര്‍ത്ത് നിര്‍മ്മാതാക്കള്‍ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. അതില്‍ ദിലീപിനെ വിമര്‍ശിച്ച ഒരു കമന്‍റും ഉണ്ടായിരുന്നതിന്റെ പേരിലാണ് ഇപ്പോള്‍ ട്രോളന്മാര്‍ ആര്‍ത്തട്ടഹസിക്കുന്നത്. ഇതിന് പിന്നിലും കേരളത്തിലെ ചില പ്രത്യേകജനുസ്സില്‍ പെട്ട ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റുകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇവരാണ് ട്രോളന്മാര്‍ക്ക് വേണ്ട വിഭവം ഒപ്പിച്ചുകൊടുക്കുന്നത്.
സമീപകാലത്ത് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുള്ള താരമാണ് ദിലീപ്. പ്രതീക്ഷ വെച്ച് പുലർത്തിയിരുന്ന പല ചിത്രങ്ങളും തിയേറ്ററില്‍ വന്‍ പരാജയമായി മാറി. 2017 ല്‍ പുറത്തിറങ്ങിയ രാമലീലയ്‌ക്ക് ശേഷം ഒരു ഹിറ്റ് ചിത്രവും ദിലീപിന്‍റേതായി ഉണ്ടായിട്ടില്ല. അതില്‍ നിന്നും പുറത്തുകടക്കാന്‍ ആത്മാര്‍ത്ഥശ്രമം നടത്തുകയാണ് താരം. ‘പ്രിൻസ് ആൻഡ് ഫാമിലി’, ‘ഭ ഭ ബ’ (ഭയം, ഭക്തി, ബഹുമാനം) യില്‍ അഥിതി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്.ഉര്‍വ്വശിയും ബിന്ദുപണിക്കറും സിനിമയ്‌ക്ക് മിഴിവേകാന്‍ എത്തുന്നുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം അഫ്സല്‍ ചിത്രത്തില്‍ പാടുന്നുണ്ട്. അങ്ങിനെ വിജയത്തിനുള്ള ഫോര്‍മുലകള്‍ എല്ലാം എടുത്തുപ്രയോഗിക്കുന്നതിനിടയിലാണ് താരത്തിനെ ട്രോളി കൊല്ലാന്‍ ശ്രമം ചില ലോബികള്‍ ശ്രമം നടത്തുന്നത്.
‘കഴിഞ്ഞ കുറച്ചുകാലം ഞാന്‍ അനുഭവിച്ച പ്രശ്നങ്ങള്‍ എല്ലാം നിങ്ങള്‍ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാന്‍ തന്നെ മറന്നുപോയ അവസ്ഥയായി’- എന്ന് ദിലീപ് ഈയിടെ വേദനയോടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ഞാന്‍ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാന്‍ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്‌ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആളുകള്‍. വലിയ കമ്പനികളുടെ സിഇഒമാർ വരെ നമ്മളോട് സംസാരിക്കുമ്പോള്‍ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളില്‍ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മള്‍ നോർമലാകും, നമ്മള്‍ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതല്‍ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്. വീണുകഴിഞ്ഞാല്‍ വീണ്ടും ചാടി എഴുന്നേല്‍ക്കുന്നത് ആ ഒരു എനർജിയിലാണ്. ‘- ദിലീപ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക