കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 15ന് നടക്കുന്ന കൊല്ലം പൂരത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നതിനുള്ള അപേക്ഷ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മ്മല്‍കുമാര്‍ നിരസിച്ചു. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി, തഹസില്‍ദാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്‌റെയും വെടിക്കെട്ടിനുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ഈ സ്ഥലത്ത് പെസോ അനുശാസിക്കുന്ന നിബന്ധനക്കനുസൃതമായ മാഗസിന്‍ സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അറിയിപ്പില്‍ പറയുന്നു.
കൊല്ലം പൂരം നടക്കുന്ന ആശ്രാമം മൈതാനം നഗരത്തിന്റെ മധ്യഭാഗത്താണ്. ഫ്ളാറ്റുകളും മറ്റുമുള്ള ജനവാസ മേഖലയുമാണ്. പതിനായിരകണക്കിന് ആളുകള്‍ പൂരം കാണാനും അനുബന്ധ കച്ചവടങ്ങള്‍ക്കുമായി തിങ്ങിനിറയുന്ന അവസ്ഥയുണ്ടാകും. കൂടാതെ 30ല്‍ പരം ആനകള്‍ അണിനിരക്കുന്നതും വാഹനം പാര്‍ക്ക് ചെയ്യുന്നതും, ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാല്‍ അടിയന്തര സാഹചര്യം പരിഗണിച്ച് വാഹനങ്ങള്‍ മാറ്റുന്നതിനും ജനങ്ങളെ ഒഴിപ്പിക്കുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കും.
1990 ലെ മലനട വെടിക്കെട്ട് അപകടത്തിലും 2016 ലെ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ അപകടങ്ങളില്‍ ഒട്ടേറെപേര്‍ മരണമടഞ്ഞിരുന്നുവെന്നും അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക