ഹൈദരാബാദ് : തമിഴ്‌നാട് ഡിഎംകെ നേതാക്കളെ ശക്തമായി വിമർശിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി മേധാവിയുമായ പവൻ കല്യാൺ. ദേശീയ വിദ്യാഭ്യാസ നയത്തെ (എൻഇപി) എതിർക്കുകയും ഹിന്ദി അടിച്ചേൽപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുന്നവർ കാപട്യം കൊണ്ടുനടക്കുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു.
ഹിന്ദിയെ എതിർക്കുന്നുണ്ടെങ്കിലും ഈ നേതാക്കൾ തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്ത് ലാഭം ഉണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഈ നേതാക്കൾ ഹിന്ദിയെ എതിർക്കുന്നുവെന്നും എന്നാൽ സാമ്പത്തിക നേട്ടങ്ങൾക്കായി അവരുടെ തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നുണ്ടെന്നും പവൻ കല്യാൺ പറഞ്ഞു.
“ചിലർ സംസ്‌കൃതത്തെ വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, തമിഴ്‌നാട് നേതാക്കൾ ഹിന്ദിയെ എതിർക്കുന്നു, അതേസമയം സാമ്പത്തിക നേട്ടങ്ങൾക്കായി അവരുടെ സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നു,” – അദ്ദേഹം പറഞ്ഞു. കൂടാതെ അവർക്ക് ബോളിവുഡിൽ നിന്ന് പണം വേണം, പക്ഷേ ഹിന്ദി സ്വീകരിക്കാൻ വിസമ്മതിക്കുന്നു, എന്താണ് ഈ യുക്തിയെന്നും അദ്ദേഹം ചോദിച്ചു.
എൻഇപിയുടെ ത്രിഭാഷാ ഫോർമുലയിലൂടെ കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആരോപിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഇന്ത്യയ്‌ക്ക് രണ്ട് ഭാഷകൾ മാത്രമല്ല, തമിഴ് ഉൾപ്പെടെ നിരവധി ഭാഷകൾ ആവശ്യമാണ്. നമ്മുടെ രാജ്യത്തിന്റെ ഐക്യം നിലനിർത്തുന്നതിനു പുറമേ, നമ്മുടെ ജനങ്ങൾക്കിടയിലുള്ള സ്നേഹവും ഐക്യവും വർദ്ധിക്കുന്നതിന് ഭാഷാ വൈവിധ്യത്തെ നാം സ്വീകരിക്കണമെന്നും ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട് പവൻ കല്യാൺ പറഞ്ഞു.
നേരത്തെ ഇന്ത്യയെ വികസിപ്പിക്കുന്നതിനുപകരം ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്ന കാവി നയം എന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ എൻഇപിയെ നേരത്തെ വിശേഷിപ്പിച്ചത്. ഈ നയം തമിഴ്‌നാടിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. എൻഇപി നടപ്പിലാക്കുന്നതിനുള്ള ഫണ്ട് തടഞ്ഞുവച്ചുകൊണ്ട് കേന്ദ്രസർക്കാർ സംസ്ഥാനത്തെ സമ്മർദ്ദത്തിലാക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക