ന്യൂദല്‍ഹി: അധിക വായ്പയെടുക്കാനുള്ള അനുമതി കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതിന് പിന്നാലെ 6,000 കോടി രൂപ കൂടി കടമെടുക്കാന്‍ കേരളം. ഊര്‍ജ മേഖലയില്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് 6,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനം കേന്ദ്രധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അധിക വായ്പയെടുക്കാന്‍ കേന്ദ്രം നല്കിയ അനുമതി സാമ്പത്തിക വര്‍ഷാവസാനം കേരളത്തിന് ആശ്വാസമാകുന്നതാണ്. കേന്ദ്രധനകാര്യവകുപ്പുമന്ത്രി നിര്‍മല സീതാരാമനുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച അനൗദ്യോഗികമായിരുന്നുവെങ്കിലും കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. ഈ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് 12,000 കോടി രൂപ അധികവായ്പയെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രം അനുമതി നല്കിയത്.
2024-25 സാമ്പത്തിക വര്‍ഷം മാത്രം കേരളത്തിന്റെ ആകെ കടമെടുപ്പ് 42,000 കോടി രൂപയോളമായി. സര്‍ക്കാരിന്റെ പൊതുകടം ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണ ഒരുമാസം ശരാശരി 15,000 കോടി രൂപയാണ് ചെലവുകള്‍ക്കായി സംസ്ഥാനത്തിന് വേണ്ടത്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തെ അവസാനമാസം ആയതിനാല്‍ ഈ മാസം ഇതിനൊപ്പം 10,000 കോടി കൂടി ആവശ്യമായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക