കൊച്ചി: വ്യാജ ആധാര്‍ കാര്‍ഡിനു പിന്നാലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാജപേരില്‍ വ്യാപകമായി ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ പൊതുജന ആരോഗ്യ സമിതി യോഗം തീരുമാനിച്ചു. ഹോട്ടലുകളിലും മറ്റും ഹെല്‍ത്ത് കാര്‍ഡുള്ളവരെ മാത്രമേ ജോലിക്കു നിയോഗിക്കാവൂ എന്ന നിര്‍ദേശം കര്‍ക്കശമാക്കിയതോടെയാണ് പകര്‍ച്ചവ്യാധികള്‍ ഉള്ളവര്‍ പോലും വ്യാജ ഹെല്‍ത്ത് കാര്‍ഡിനെ ആശ്രയിക്കാന്‍ തുടങ്ങിയതെന്നാണ് വിവരം.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മലേറിയയും മഞ്ഞപ്പിത്തവും ഡെങ്കിയും അടക്കമുള്ള രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാനും പൊതുജന ആരോഗ്യ സമിതി തീരുമാനിച്ചിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ പരിശോധന, കുടിവെള്ളത്തിന്റെ ക്ലോറിനേഷന് എന്നിവ ഉറപ്പാക്കുന്നതിന് പരിശോധന കര്‍ശനമാക്കാന്‍ പോലീസ് , ഭക്ഷ്യസുരക്ഷാ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: