കോട്ടയം: രണ്ടാം വിള നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ പാടശേഖര സമിതികളുമായി നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് സപ്ലൈകോ ചെയര്‍മാന്‍ പി.ബി. നൂഹിനെ പാടശേഖരം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗം ചുമതലപ്പെടുത്തി. ആലപ്പുഴ ജില്ലയില്‍ നെല്ലിന്റെ ഗുണനിലവാരമനുസരിച്ച് മുന്‍കാലങ്ങളില്‍ ചെറിയതോതില്‍ കിഴിവ് കര്‍ഷകര്‍ അനുവദിച്ചിരുന്നു. എന്നാല്‍ കോട്ടയം ജില്ലയില്‍ ഈ കിഴിവ് മില്ലുടമകള്‍ ആവശ്യപ്പെട്ടുവെങ്കിലും അനുവദിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് പടശേഖരസമിതി സ്വീകരിച്ചിട്ടുള്ളത്. അതിനാല്‍ കൊയ്ത നെല്ല് സംഭരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും പാടശേഖരസമിതി നിലപാടില്‍ ഉറച്ചു നിന്നു.
കൃഷി വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച നടന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒന്‍പതിനായിരം (1800 ഏക്കര്‍) സംഭരണത്തിലെ വിഷയങ്ങള്‍ പാടശേഖരസമിതി സംഘടനാപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ വിശദീകരിച്ചു.പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും കോട്ടയം ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസ് ഉപരോധം അവസാനിപ്പിക്കണമെന്നും പാടശേഖരസമിതി നേതാക്കളോട് മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: