തമിഴ് സിനിമാലോകം അടക്കി വാണ എംജിആര്‍ പിന്നീട് അവിടുത്തെ മുഖ്യമന്ത്രിയായി. ഇതിനിടയില്‍ അദ്ദേഹത്തിന് വെടിയേല്‍ക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയക്കാരനും നടനുമായ എംആര്‍ രാധയാണ് അന്ന് എംജിആറിനെ വെടിവെച്ച് വീഴ്ത്തിയത്. തെന്നിന്ത്യയിലെ നടിമാരായ നിരോഷയുടെയും രാധിക ശരത് കുമാറിന്റെയുമൊക്കെ പിതാവായിരുന്നു എംആര്‍ രാധ
മൂന്ന് തവണ വിവാഹിതനായ രാധയ്ക്ക് പന്ത്രണ്ട് മക്കളാണുള്ളത്. ഇവരില്‍ ഭൂരിഭാഗം പേരും തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളാണ്. അങ്ങനെ നിരോഷയുടെ കൂടെ സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന് ആലപ്പി അഷ്റഫ്.
അന്ന് സിനിമയുടെ ചിത്രീകരണത്തിന് നിരോഷയ്ക്കൊപ്പം അവരുടെ അമ്മയും വന്നിരുന്നു. അവരുമായി സംസാരിക്കുന്നതിനിടയില്‍ ഭര്‍ത്താവ് എംജിആറിനെ വെടിവെക്കാന്‍ ഉണ്ടായ സാഹചര്യമെന്താണെന്ന് തന്നോട് പറഞ്ഞിരുന്നു എന്നാണ് അഷ്റഫ് വ്യക്തമാക്കുന്നത്.
ഒരുകാലത്ത് എംജിആറും എംആര്‍ രാധയും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. പ്രായത്തെ മാനിച്ചുകൊണ്ട് എംജിആര്‍ രാധയെ അണ്ണേ എന്നാണ് വിളിച്ചിരുന്നത്. നേരെ തിരിച്ച് എംജി ആറിനെ രാമചന്ദ്രാ… എന്ന പേര് വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള അപൂര്‍വ്വം നടന്മാരില് ഒരാള്‍ രാധയായിരുന്നു. ഇരുവരും ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്ന സമയത്ത് ‘ ഇത് താന്‍ തൊഴിലാളിയുടെ നമ്പിക്കൈ നക്ഷത്രം’ എന്നൊരു ഡയലോഗ് പറയം. എന്നാല്‍ എംജിആര്‍ ഈ ഡയലോഗ് തിരുത്തി ‘ഇത് താന്‍ തൊഴിലാളിയുടെ ഉദയസൂര്യന്’ എന്നാക്കി.
അന്ന് എംജിആറിന്റെ പാര്‍ട്ടിയുടെ ചിഹ്നം ഉദയസൂര്യനാണ്. രാധ മറ്റൊരു പാര്‍ട്ടിയുടെ നേതാവും. സ്ക്രീപ്റ്റിലുള്ള ഡയലോഗ് മാറ്റാന്‍ പാടില്ലെന്ന് രാധ വാശിപ്പിടിച്ചു. അങ്ങനെ ആരും എംജിആറിനോട് സംസാരിക്കാന്‍ ധൈര്യപ്പെടാത്ത കാലമാണ്. എങ്കിലും രാധ അത് പറഞ്ഞു. ആ ഡയലോഗ് വേണമെന്ന് എംജിആറും വാശിപ്പിടിച്ചു. വിട്ട് കൊടുക്കാന്‍ രാധയും തയ്യാറല്ലായിരുന്നു. ഒടുവില്‍ നിര്‍ബന്ധമാണെങ്കില്‍ താനില്ലാത്ത സീനില്‍ അങ്ങനെ പറഞ്ഞോളാന്‍ രാധ സമ്മതിച്ചു. എംജിആറിന് അത് സമ്മതിക്കേണ്ടിയും വന്നു
ഇതോടെയാണ് രാധയും എംജിആറും തമ്മിലൊരു പ്രശ്നം ഉടലെടുക്കുന്നത്. പിന്നീട് എംജിആറിന്റെ പല സിനിമകളില്‍ നിന്നും രാധ ഒഴിവാക്കപ്പെട്ടു. ചില സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ചെങ്കിലും പ്രധാന്യമില്ലാത്ത റോളുകള്‍ കൊടുത്ത് സൈഡിലാക്കി. എംജിആര്‍ തന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുന്നതാണെന്ന് മനസിലായ രാധയ്ക്ക് അദ്ദേഹത്തോടുള്ള രോഷം അടക്കാനായില്ല. എംജിആര്‍ നായകനായ ‘പെട്രല്‍താന്‍ പിള്ളയ്യ’ എന്ന സിനിമയുടെ നിര്‍മാണത്തിന് ഒരു ലക്ഷം രൂപ രാധ മുടക്കിയിരുന്നു. അന്നത്തെ ഒരു ലക്ഷം ഇന്നത്തെ കോടികളുടെ മൂല്യമുണ്ടാവും. സ്വന്തം വീട് വരെ പണയപ്പെടുത്തിയാണ് രാധ ഈ പണം സംഘടിപ്പിക്കുന്നത്.
വിചാരിച്ചത് പോലെ ഈ പടത്തിന്റെ ഷൂട്ടിങ് മുന്നോട്ട് പോകുന്നില്ലെന്ന് കണ്ടതോടെ രാധ പരിഭ്രാന്തിയിലായി. എംജിആര്‍ മനഃപൂര്‍പ്പം ഉഴപ്പുന്നതായി പലരും സംശയം പ്രകടിപ്പിച്ചതോടെ രാധ അങ്ങനെ വിശ്വസിച്ചു. ഷൂട്ടിങ്ങ് വീണ്ടും നീണ്ട് പോകാന്‍ തുടങ്ങിയതോടെ രാധയുടെ പണം താന്‍ തിരികെ തരുമെന്ന് എംജിആര്‍ പറഞ്ഞു. എന്നാല്‍ ആ വാക്ക് പാലിക്കപ്പെട്ടില്ല.
ഈ കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി രാധയും നിര്‍മാതാവ് എന്‍കെ വാസുവും എംജിആറിന്റെ വീട്ടില്‍ നേരിട്ട് പോയി അദ്ദേഹത്തെ കണ്ടു. സംസാരിച്ച് കൊണ്ടിരിക്കവേ പ്രകോപിതനായ രാധ ചാടി എഴുന്നേറ്റ് നടന് നേരെ വെടിവെച്ചു. രണ്ട് വെടിയുണ്ട കഴുത്തില്‍ തറച്ച് കയറി. തൊട്ട് പിന്നാലെ രാധ സ്വയം വെടിവെച്ചു. രണ്ടാളെയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു
വാര്‍ത്തയറിഞ്ഞ് എംജിആറിന്റെ ആളുകള്‍ രാധയുടെ വീട് വളഞ്ഞു. അന്ന് കുഞ്ഞുങ്ങളെയും എടുത്ത് അവിടെ നിന്ന് രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് തങ്ങള്‍ക്ക് പോലും അറിയില്ല. അവിടുന്ന് പോയില്ലായിരുന്നെങ്കില്‍ അക്രമികള്‍ തങ്ങളെ ജീവനോടെ കത്തിക്കുമായിരുന്നു. രാധയെ കൈയ്യില്‍ കിട്ടത്തതിന്റെ ദേഷ്യത്തിന് തങ്ങളുടെ വീട് തകര്‍ത്തെന്നും നിരോഷയുടെ അമ്മയും രാധയുടെ ഭാര്യയുമായ അവര്‍ തന്നോട് പറഞ്ഞെന്ന് ആലപ്പി അഷ്റഫ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: