തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചതിന് രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി ഇന്ദിരാഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണ്. കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍ തങ്ങള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് കര്‍ഷകരുടെ പ്രതികരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിനാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രേവതി പൊഗഡാഡന്ദയേയും സഹപ്രവര്‍ത്തക തന്‍വി യാദവിനെയും അറസ്റ്റ് ചെയ്തത്. ഇവര്‍ താമസിക്കുന്ന വീട് വളഞ്ഞ പോലീസ് പുലര്‍ച്ചയോടെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കര്‍ഷകരുടെ പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടെന്നു പറഞ്ഞ് ഒരു കോണ്‍ഗ്രസുകാരന്‍ നല്‍കിയ പരാതിയുടെ പേരിലാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ കഴുത്തില്‍ കത്തിവയ്‌ക്കുന്ന നടപടിയുണ്ടായത്. മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കുകയും, കര്‍ഷക പ്രതികരണങ്ങളുടെ വീഡിയോ പ്രസിദ്ധീകരിച്ച പള്‍സ് ടിവി എന്ന യൂട്യൂബ് ചാനല്‍ ഓഫീസ് അടച്ചുപൂട്ടി മുദ്രവയ്‌ക്കുകയും ചെയ്തു. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത രീതിഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും, രേവന്ത് റെഡ്ഡി തനി സ്വേച്ഛാധിപതിയെപ്പോലെയാണെന്നും പ്രതിപക്ഷമായ ബിജെപി വിമര്‍ശിക്കുകയുണ്ടായി. സംഭവത്തെ ചന്ദ്രശേഖരറാവുവിന്റെ ടിആര്‍എസും വിമര്‍ശിച്ചിട്ടുണ്ട്.
അധികാരത്തിലേറിയതോടെ തികഞ്ഞ ഏകാധിപതിയെപ്പോലെയാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറുന്നത്. തന്നെ ആരും എതിര്‍ക്കാനോ വിമര്‍ശിക്കാനോ പാടില്ലെന്ന നയമാണ് ഈ ഭരണാധികാരി സ്വീകരിക്കുന്നത്. ഭരണഘടനയും നിയമങ്ങളുമൊന്നും നോക്കാതെ പെരുമാറുകയും, തന്നെ മുഖ്യമന്ത്രിയാക്കിയ സോണിയാ കുടുംബത്തെ മാത്രമേ അനുസരിക്കുകയുള്ളൂഎന്നതുമാണ് ഈ മുഖ്യമന്ത്രിയുടെ നയം. സോണിയാ കുടുംബത്തെ പ്രീണിപ്പിക്കാന്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുകയെന്നതും രേവന്ത് റെഡ്ഡിയുടെ രീതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാക്ക സമുദായക്കാരനല്ലെന്ന് അടുത്തിടെ പ്രസ്താവിച്ചത് ഇതിലൊന്നാണ്. ഒരു ഷോമാനെപ്പോലെ പെരുമാറുന്ന രേവന്ത് റെഡ്ഡിയുടെ ഭരണം ജനവിരുദ്ധമാണെന്ന് ഇതിനോടകം തെളിഞ്ഞതാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതില്‍ ഈ ഭരണാധികാരി അസ്വസ്ഥനുമാണ്. വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ മാധ്യമപ്രവര്‍ത്തകരെ വരുതിയിലാക്കുന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്. ഇതുതന്നെയാണ് അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതും. ജനങ്ങള്‍ക്കുമേല്‍ ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ മാധ്യമങ്ങളുടെ നാവരിയുകയാണ് ഇന്ദിരാഗാന്ധിയും ചെയ്തത്. നിരവധി മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും മാധ്യമപ്രവര്‍ത്തകരെ ജയിലിലാക്കുകയും ചെയ്തിരുന്നു.
വനിതാ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ മാധ്യമരംഗത്തുനിന്ന് വലിയ പ്രതിഷേധമൊന്നും ഉയര്‍ന്നില്ല. ഒരു വാര്‍ത്ത കൊടുത്ത് സംഭവം അവസാനിപ്പിച്ച മട്ടാണ് പല മാധ്യമങ്ങളും. പത്രപ്രവര്‍ത്തക യൂണിയനും മിണ്ടാട്ടമില്ല. മാധമപ്രവര്‍ത്തകന്റെ മുഖം മൂടിയണിഞ്ഞ ജിഹാദിയെപ്പോലും സംരക്ഷിച്ചവരാണിവര്‍. ബിജെപി ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്താണ് ഇങ്ങനെയൊരു സംഭവം നടന്നതെങ്കില്‍ ഇതായിരിക്കില്ല അവസ്ഥ. പ്രസ്താവനകളും പ്രതിഷേധമാര്‍ച്ചുകളുമൊക്കെ അരങ്ങുതകര്‍ക്കുമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഈ പാര്‍ട്ടിയുടെ സര്‍ക്കാരുകള്‍ക്കും മാധ്യമപ്രവര്‍ത്തകരോട് അതിക്രമം കാണിക്കാനുള്ള അവകാശമുണ്ടെന്ന മട്ടിലാണ് മാധ്യമരംഗം നിശബ്ദത പാലിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുലും മറ്റും പലതവണ മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ചിട്ടുണ്ട്. അതൊക്കെ സ്വാഭാവികമായിക്കണ്ട് അവഗണിക്കുകയാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ പൊതുവെ ചെയ്യാറുള്ളത്. അതേസമയം, വിദേശഫണ്ടുകള്‍ കൈപ്പറ്റി രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും, സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മാധ്യമരംഗത്തുള്ളവര്‍ക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ നിയമനടപടികളെടുക്കുമ്പോഴുള്ള സ്ഥിതി ഇതല്ല. സിദ്ദിഖ് കാപ്പനും പ്രബീര്‍ പുര്‍വകായ്സ്‌കയും മറ്റും അറസ്റ്റിലായപ്പോള്‍ എന്തായിരുന്നു കോലാഹലം. ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെടണം. മാധ്യമധര്‍മം നിര്‍വഹിച്ചതിന് തെലങ്കാനയില്‍ അറസ്റ്റിലായ വനിതാ മാധ്യമപ്രവര്‍ത്തകരോട് ഐക്യം പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്വം മാധ്യമസ്വാന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കുണ്ട്. അവരെ എത്രയും വേഗം മോചിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: