വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനനിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ പരിശീലനം നല്‍കുന്നതോടൊപ്പം മൂല്യബോധവും സാന്‍മാര്‍ഗിക തത്വങ്ങളും വളര്‍ത്തിയെടുക്കുന്നതിനും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതിനും ആവശ്യമായ പരിശീലനം കൂടി ഉറപ്പാക്കണം. ഇതിനായി കുട്ടികളുടെ ആത്മീയ ഭാവം വളര്‍ത്തിയെടുക്കാന്‍ സൗകര്യം ഒരുക്കണം.
മതഗ്രന്ഥങ്ങളിലെ മൂല്യങ്ങള്‍ സ്വായത്തമാക്കുന്നതിനും അതിലൂടെ സൃഷ്ടാവിനോടും സമ സൃഷ്ടികളോടും സ്‌നേഹവും കരുണയും കാട്ടുന്നതിനുള്ള സൗകര്യം ഒരുക്കണം. എല്ലാവരും സമൂഹത്തില്‍ തുല്യരാണെന്നും അവരെ ചേര്‍ത്തു പിടിക്കാനും കരുതാനും ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നുമുള്ള ബോധ്യം വളര്‍ത്തിയെടുക്കാനും ഭവനങ്ങളിലും വിദ്യാലയങ്ങളിലും സൗകര്യം ഒരുക്കണം. അതിനായി മതഗ്രന്ഥങ്ങള്‍ വായിക്കുന്നതിന് രാവിലെയും വൈകുന്നേരങ്ങളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍ബന്ധമായുംസമയം വേര്‍തിരിച്ച് നല്‍കുകയും കൃത്യതയോടെ എല്ലാ സമയങ്ങളിലും വായിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. അതുപോലെ മത സ്ഥാപനങ്ങളില്‍ നടത്തുന്ന പ്രഭാഷണങ്ങളിലൂടെ മൂല്യങ്ങളും നല്ല ശീലങ്ങളും വളര്‍ത്തുന്നതിനും സമ സൃഷ്ടികളോട് സ്‌നേഹവും കാരുണ്യവും ഐക്യവും സാഹോദര്യഭാവവും വളര്‍ത്തുന്നതിനും സൗകര്യം ഒരുക്കണം. ഈ കാര്യങ്ങളില്‍ മാതാപിതാക്കളും ഗുരുക്കന്മാരും മടികൂടാതെ ശ്രദ്ധിക്കണം. ഇക്കാര്യങ്ങളില്‍ യഥാസമയങ്ങളില്‍ വ്യാപൃതരായാല്‍ കുട്ടികളില്‍ ദേഷ്യവും പകയും അക്രമവാസനയും ഒഴിവാകുകയും സ്വഭാവത്തില്‍ കാതലായ മാറ്റം സംഭവിക്കുകയും ചെയ്യും. ഒപ്പം വീടുകളിലും വിദ്യാലയങ്ങളിലും സൗഹാര്‍ദ്ദപരമായ സമീപനങ്ങള്‍ സ്വീകരിക്കുകയും സ്‌നേഹവും കരുതലും മതിയായ ശിക്ഷണവും നല്‍കിയാല്‍ കുട്ടികള്‍ കഠിന ഹൃദയരാകാതെ മൃദു സ്വഭാവമുള്ളവരായി മാറും.
പൂര്‍വ്വകാലത്തെ ഗുരുശിഷ്യ ബന്ധം വളര്‍ത്തിയെടുത്ത് ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കാനുള്ള സാഹചര്യം ഒരുങ്ങണം. വീടുകളിലും സ്‌കൂളുകളിലും കുട്ടികള്‍ക്ക് ഒറ്റപ്പെടലിന്റെ സാഹചര്യം ഉണ്ടാകരുത്. കുട്ടികളിലെ ഊര്‍ജ്ജം സദ് പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഉപയോഗപ്പെടുത്താന്‍ മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും കഴിയണം കുട്ടികളിലെ ജന്മസിദ്ധ സര്‍ഗ്ഗാത്മക കഴിവുകളെ ക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി മാനസിക ഉല്ലാസവും ഉണ്ടാക്കുന്നതിനും സമൂഹത്തിന് പ്രയോജനമുള്ള വ്യക്തിത്വങ്ങള്‍ ആയി വളര്‍ത്തിയെടുക്കാനും രക്ഷിതാക്കളും ഗുരുക്കന്മാരും തയ്യാറാകണം അങ്ങനെ കുട്ടികളിലെ ആത്മീയത ഉണര്‍ത്തി മൂല്യബോധവും സന്മനസ്സും വളര്‍ത്തിയെടുത്താല്‍ കുട്ടികള്‍ നല്ല ശീലം ഉള്ളവരായി സമൂഹത്തിന് ഗുണം ചെയ്യുന്ന പരസ്പരം സ്‌നേഹിക്കുന്ന വ്യക്തികളായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: