ന്യൂദല്‍ഹി: ഇരുപതു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ആശാ (എംപവറിങ് അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്സ്) പ്രവര്‍ത്തകരുടെ ക്ഷേമത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷന് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ശ്രദ്ധേയമാകുന്നു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളുമായി തുടര്‍ചര്‍ച്ചകള്‍ നടത്താനാണ് കമ്മിഷന് ഫെബ്രുവരി 21 ന് ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ തീരുമാനമെടുത്തത്. 15 ഇന നിര്‍ദേശ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധം ചെയ്തു.
യോഗത്തില്‍ ആശാ വര്‍ക്കര്‍മാരടെ പ്രതിനിധികള്‍ ഉള്‍പ്പെടെ വിദഗ്ധര്‍ പങ്കെടുത്തു. എന്‍എച്ച്ആര്‍സി ചെയര്മാന് ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യന്‍, അംഗങ്ങളായ ജസ്റ്റിസ് ബിദ്യുത് രഞ്ജന്‍ സാരംഗി, സെക്രട്ടറി ജനറല്‍ ഭരത് ലാല്‍ തുടങ്ങിയവര്‍ കൂടിയാലോചനകളില്‍ ഉണ്ടായിരുന്നു.
വിദ്യാസമ്പന്നര്‍ ഉണ്ടെങ്കിലും നൈപൂണ്യമുള്ളവരുടെ കുറവ് നികത്താന്‍ ആശാ വര്‍ക്കര്‍മാരുടെ സേവനത്തിലൂടെ കഴിയുന്നുവെന്നും ആരോഗ്യ മേഖലയുടെ അടിത്തറയില്‍ ഈ വിഭാഗം നടത്തുന്ന പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്നും യോഗം വിലയിരുത്തി. ആശാ വര്‍ക്കര്‍മാരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികള്‍ക്കുള്ള ആശയങ്ങള്‍ മുന്നോട്ടുവെച്ചാണ് യോഗം പിരിഞ്ഞത്.
പൊതുജനാരോഗ്യ വിഷയം ഭരണപരമായി സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമാണെന്ന് അധ്യക്ഷന്‍ വിശദീകരിച്ചു. ജനന നിയന്ത്രണവും കുടുംബ ക്ഷേമവും കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയിലാണ്. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയമാണ് ആശാ വര്‍ക്കര്‍മാരുടെ വിഷയം കൈകാര്യം ചെയ്യുന്നത്. സംസ്ഥാന തലത്തില്‍ ആരോഗ്യ വകുപ്പും. അതിനാല്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പൊതു സഹകരണത്തിലേ ഈ വിഷയത്തില്‍ നയവും പദ്ധതികളും നടപ്പാക്കാനാവൂ. നയ തീരുമാനങ്ങളും നടപ്പാക്കാവുന്ന പദ്ധതികളും വഴി ആശാ വര്‍ക്കര്‍മാരുടെ തൊഴില്‍ സാഹചര്യങ്ങളും ജീവിത നിലവാരവും ഉയര്‍ത്തേണ്ടതുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷന് യോഗത്തില്‍ വിശദീകരിച്ചു. അവര്‍ക്ക് മാന്യമായി ജീവിക്കാന്‍ ആവശ്യമായ പ്രോത്സാഹനം, പ്രതിഫലം, സുരക്ഷ തുടങ്ങിയവ ഉറപ്പാക്കേണ്ട ആവശ്യകത കമ്മിഷനംഗം സാരംഗിയും വിശദീകരിച്ചു. മൂന്നു വിഷയങ്ങളിലായിരുന്നു ചര്‍ച്ച: ആശാ വര്‍ക്കര്‍മാര്‍ നേരിടുന്ന വെല്ലുവിളികള്‍, ആശാ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്കുള്ള പങ്ക്, ആശാ വര്‍ക്കര്‍മാര്‍ക്ക് മാന്യമായി ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശത്തിലേക്കുള്ള വഴികള്‍ എന്നിവ.
ചര്‍ച്ചയ്ക്കൊടുവില്‍ കമ്മിഷന് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ചിലത്
- ആശാവര്‍ക്കര്‍മാരെ പ്രതിമാസ നിശ്ചിത ശമ്പളവും സാമൂഹ്യ സുരക്ഷാ പദ്ധതിയും പെന്‍ഷനും ശമ്പളമുള്ള അവധിയും കിട്ടുന്ന ജീവനക്കാരായി മാറ്റുക.
- രാജ്യമെമ്പാടും കുറഞ്ഞ ശമ്പള നിയമം ബാധകമായ പൊതു പ്രതിഫലം- ശമ്പളം ഉറപ്പാക്കുക.
- പ്രോത്സാഹന ധനസഹായ പദ്ധതിക്ക് പകരം ഘടനാ പ്രകാരമുള്ള ശമ്പള സംവിധാനം നടപ്പാക്കുക.
- ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രസവാനുകൂല്യങ്ങള്‍, അപകട ഇന്‍ഷുറന്‍സ് സഹായങ്ങള്‍ ലഭ്യമാക്കുക.
- വ്യക്തിപരമായ സംരക്ഷണ ഉപകരണങ്ങള്‍, യാത്രാബത്ത, ജോലിയുടെ ഭാഗമായ സന്ദര്‍ശനവേളകളില്‍ വിശ്രമ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുക.
- സാമൂഹ്യപ്രവര്ത്തനത്തിനിടെ ആക്രമണങ്ങള്‍ പോലുള്ള ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടി ഉറപ്പുവരുത്തുക.
- കെട്ടിട- അനുബന്ധ നിര്‍മാണ ക്ഷേമത്തിന്റെ പേരില്‍ പിരിച്ചെടുത്തിട്ടുള്ള സെസ് തുകയായ 49,268 കോടിരൂപ (2022 വരെ) ചെലവഴിക്കാത്തതുണ്ട്. അവ ശിശുസംരക്ഷണം, വയോജന സംരക്ഷണം, ആശാ ക്ഷേമം തുടങ്ങിയവയ്ക്ക് വിനിയോഗിക്കുക.
- ശിശുസംരക്ഷണ-ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടികള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യമേഖലയ്ക്ക് 70,051 കോടി രൂപ അനുവദിക്കുക.
- സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ ചെലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ക്രഷുകള്‍ ആരംഭിച്ച് ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുക.
- ആശാവര്‍ക്കര്‍മാര്‍ക്ക് ആരോഗ്യമേഖലയില്‍ കൂടുതല്പരിശീലനം ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളജുകളുമായി സഹകരിച്ച് ബ്രിഡ്ജ് കോഴ്സുകള്‍ നടത്തുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഈ വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളും കൂടിയാലോചനകളും നടത്താനാണ് കമ്മിഷന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: