ധാക്ക : ഷേഖ് ഹസീന വൈകാതെ വീണ്ടും ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തിരിച്ചെത്തുമെന്ന് അവാമി ലീഗ് നേതാവ് റബ്ബി ആലം. ബംഗ്ലാദേശില് നിന്നും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് അഭയം നല്കിയതില് മോദിയ്ക്കും ഇന്ത്യയ്ക്കും നന്ദിയുണ്ടെന്നും റബ്ബി ആലം പറഞ്ഞു. ഷേഖ് ഹസീനയുടെ വലംകയ്യായി പ്രവര്ത്തിക്കുന്ന നേതാവാണ് റബ്ബി ആലം.
ബംഗ്ലാദേശിലെ യുവാക്കളുടേത് തീവ്രവാദപ്രവര്ത്തനമായിരുന്നു. അവര് വലിയ തെറ്റ് ചെയ്തു. അവരെ മറ്റു ചിലര് ചൂഷണം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വിമര്ശിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ യുവാക്കളായിരുന്നു അമേരിക്കയുടെയും പാകിസ്ഥാന് രഹസ്യ ഏജന്സിയുടെയും സഹായത്തോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ പുറത്താക്കിയതിനെ വിമര്ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്ശനം.
രാഷ്ട്രീയ വിപ്ലവം നല്ലത് തന്നെ. പക്ഷെ ബംഗ്ലാദേശില് നടന്നത് അതല്ല. തീവ്രവാദപ്രവര്ത്തനമാണ്. ബംഗ്ലാദേശിലെ പ്രശ്നം അന്താരാഷ്ട്ര സമിതികള് കണക്കിലെടുക്കണം. – അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പല നേതാക്കളും ഇന്ത്യയില് അഭയം തേടിയിരിക്കുകയാണ്. അവര്ക്ക് അഭയം നല്കിയതിന് ഇന്ത്യാ സര്ക്കാരിന് അഭിനന്ദനങ്ങള്. – റബ്ബി ആലം പറഞ്ഞു.
2024ലാണ് മൂന്ന് തവണ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയായ ഷേഖ് ഹസീനയെ അട്ടിമറിച്ചത്. തുടര്ന്ന് അവര്ക്ക് ഇന്ത്യ അഭയം നല്കി. അതിന് ശേഷം മുഹമ്മദ് യൂനസ് എന്ന അമേരിക്കന് ചാരനാണ് ഇടക്കാല സര്ക്കാരിന്റെ ഭരണം കയ്യാളുന്നത്. അതിന് ശേഷം പല തവണ ഇന്ത്യയോട് ഷേഖ് ഹസീനയെ വിട്ടുകൊടുക്കാന് ആവശ്യപ്പെട്ടെങ്കിലും വിട്ടുകൊടുക്കാന് ഇന്ത്യ തയ്യാറായിട്ടില്ല.
ജോ ബൈഡന് ശേഷം ഡൊണാള്ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തില് വന്നതിന് ശേഷം ബംഗ്ലാദേശിലെ ഇടക്കാല സര്ക്കാരിനെതിരെ ചില നടപടികള് തുടങ്ങിയിരുന്നു. ബംഗ്ലാദേശിനുള്ള യുഎസ് എയ്ഡ് നിര്ത്തിവെക്കാന് അമേരിക്ക തീരുമാനിച്ചിരുന്നു. ബംഗ്ലാദേശിലെ കാര്യം മോദിക്ക് വിട്ടുകൊടുക്കുകയാണെന്നും മോദി-ട്രംപ് കൂടിക്കാഴ്ചയില് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ഷേഖ് ഹസീനയ്ക്ക് വീണ്ടും അധികാരത്തില് തിരിച്ചെത്താനുള്ള നീക്കങ്ങള് നടക്കുന്നുവെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: