തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ സംഗീതക്കച്ചേരിയില്‍ വാതാപി ഗണപതിം എന്ന കീര്‍ത്തനം ആലപിച്ച് എഡിജിപിയായ ശ്രീജിത് ഐപിഎസ്. രാഗം വിസ്തരിച്ചാണ് അദ്ദേഹം വാതാപി ആലപിച്ചത്.
ജോലിത്തിരക്കുകള്‍ക്കിടയില്‍ ഇതിനെല്ലാം എവിടെ സമയം എന്നാണ് കീര്‍ത്തനം കേട്ടവര്‍ അതിശയിക്കുന്നത്. ചെമ്പൈ വൈദ്യനാഥഭാഗതവരുടെ ഇഷ്ടകീര്‍ത്തനമാണിത്.
കര്‍ണ്ണാടകസംഗീതത്തിലെ ത്രിമൂര്‍ത്തികളായ മുത്തുസ്വാമിദീക്ഷിതര്‍ സംസ്കൃതത്തില്‍ എഴുതി ചിട്ടപ്പെടുത്തിയ കൃതിയാണിത്. ഹംസധ്വനി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ കൃതി ഗണേശനെ സ്തുതിക്കുന്ന ഒന്നാണ്.
നിരവധി കമന്‍റുകളാണ് ഈ കച്ചേരിയുടെ വീഡിയോയ്‌ക്ക് വരുന്നത്. “നമിയ്‌ക്കുന്നു സർ🙏 ഇത്രയും നല്ല ഒരു ഗായകൻ അങ്ങയുടെ ഉള്ളിൽ ഉണ്ടായിരുന്നു. സത്യത്തിൽ ശബരിമലയിൽ അന്ന് ആ സ്ത്രീകൾ കയറി വരുമ്പോൾ അങ്ങയുടെ നിസ്സഹായവസ്ഥയിൽ അങ്ങയുടെ കണ്ണിൽ നിന്നും ഒഴുകിയ ആ കണ്ണീർ.. ഒടുവിൽ എന്തായാലും അവരെ ശബരിമല പതിനെട്ടാംപടി ചവിട്ടാതെ അങ്ങേയ്‌ക്ക് തടയാൻ സാധിച്ചുവെന്നു തന്നെ ഞാൻ ആത്മാർത്ഥമായി വിചാരിക്കുന്നു.”- ഒരാളുടെ കമന്‍റ് ഇങ്ങിനെപ്പോകുന്നു. “ശബരിമലയിൽ ഉണ്ടായ സംഭവത്തിനുശേഷം ഇദ്ദേഹം വിശ്വാസിയായി മാറി, നല്ല കാര്യം . അമ്മേ ശരണം ദേവി ശരണം”-ഇതാണ് മറ്റൊരു കമന്‍റ്.
ശ്രീജിത് ഐപിഎസ് പാടിയ വാതാപീ കേട്ടപ്പോള്‍ അതിശയിച്ചുപോയി എന്നാണ് ആറ്റുകാലില്‍ അദ്ദേഹത്തെ അനുമോദിച്ച് കൊണ്ട് സംസാരിച്ച പത്മശ്രീ ഓമനക്കുട്ടി ടീച്ചര്‍ പറഞ്ഞത്. “ഒന്നു രണ്ടു മണിക്കൂര്‍ തയ്യാറെടുപ്പ് നടത്തി കച്ചേരി നടത്തുക എന്നത് നിസ്സാരകാര്യമല്ല. അസാമാന്യമായ ആത്മവിശ്വാസമാണ് ശ്രീജിതിനുള്ളത്. ഇത്രയും വലിയ ജോലിത്തിരക്കുകളാണ്. ഒരു മിനിറ്റില്ലാത്ത ജോലിത്തിരക്കിനുള്ളില്‍ എങ്ങിനെയാണ് പ്രാക്ടീസ് നടക്കുന്നത്? ഒരു കീര്‍ത്തനം 50 പ്രാവശ്യം പാടിയാലേ അത് അവതരിപ്പിക്കാന്‍ കഴിയൂ എന്ന് ഗുരുനാഥന്മാര്‍ പറഞ്ഞിട്ടുള്ളത്. എന്തായാലും ശ്രീജിത് ഒരു അതിശയപുരുഷനാണ്. “-ഓമനക്കുട്ടി ടീച്ചര്‍ പറഞ്ഞു.
ടീച്ചര്‍ എനിക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് ഉണ്ട് എന്ന് പറഞ്ഞത് പുകഴ്‌ത്തലാണോ ഇകഴ്‌ത്തലാണോ എന്ന് അറിയുന്നില്ലെന്ന് മറുപടി പ്രസംഗത്തില്‍ ശ്രീജിത് ഐപിഎസ് പറഞ്ഞു. സത്യം പറഞ്ഞാല്‍ ആഗ്രഹം കൊണ്ട് പാടുന്നതാണ്. ഒരു പാട് ശബ്ദം ഇടറി. ഗുരുസ്ഥാനത്ത് നിന്ന് പന്തളം ബാലന്‍ തന്ന ധൈര്യം തുണയായി. -ശ്രീജിത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക