India

1978ലെ അരുണാചല്‍ മതസ്വാതന്ത്ര്യനിയമം വിജ്ഞാപനം ചെയ്യണം; മതംമാറ്റങ്ങള്‍ തടയാന്‍ നിയമം കര്‍ശനമാക്കണം: വനവാസി കല്യാണാശ്രമം

Published by

കൊല്‍ക്കത്ത: 1978ല്‍ അരുണാചല്‍ പ്രദേശില്‍ അവതരിപ്പിച്ച മതസ്വാതന്ത്ര്യ നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് ഉടനടി രൂപം നല്കണമെന്ന് വനവാസി കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ സത്യേന്ദ്ര സിങ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രലോഭനവും സമ്മര്‍ദ്ദവും വഞ്ചനയും മൂലമുള്ള മതംമാറ്റങ്ങള്‍ തടയാന്‍ നിയമം കര്‍ശനമായി നടപ്പാക്കണം.

ഗോത്രജനതയുടെ ധര്‍മ്മവും വിശ്വാസവും സംരക്ഷിക്കുന്നതിന് ജനതാ പാര്‍ട്ടി സര്‍ക്കാരാണ് 1978 ല്‍ അരുണാചല്‍ പ്രദേശ് മതസ്വാതന്ത്ര്യ നിയമം പാസാക്കിയത്. എന്നാല്‍ ചട്ടങ്ങള്‍ നിര്‍ണയിക്കാത്തതിനാല്‍ 47 വര്‍ഷമായി ഇത് നടപ്പിലാക്കിയിട്ടില്ല, അരുണാചല്‍ പ്രദേശില്‍ 1078ന് മുമ്പ് ഒരു ശതമാനം മാത്രമായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ 2011 ആയപ്പോഴേക്കും 31 ശതമാനമായി കൂടിയത് ഈ നിയമം നടപ്പാക്കാനാകാത്തതുമൂലമാണെന്ന് സത്യേന്ദ്ര സിങ് പറഞ്ഞു.

ആറ് മാസത്തിനുള്ളില്‍ ചട്ടങ്ങള്‍ നിര്‍ണയിക്കണമെന്ന് കഴിഞ്ഞ് സപ്തംബര്‍ 30ന് ഗുവാഹത്തി ഹൈക്കോടതിയുടെ ഇറ്റാനഗര്‍ ബെഞ്ച് അരുണാചല്‍ പ്രദേശ് സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ക്കാനാണ് മതസംഘടനകള്‍ തയാറാകുന്നതെന്ന് സത്യേന്ദ്രസിങ് ആരോപിച്ചു.

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍, അരുണാചല്‍ പ്രദേശിലെ സനാതന ഗോത്ര സമൂഹത്തിലെ പകുതിയോളം ജനസംഖ്യയും മതപരിവര്‍ത്തനത്തിന് ഇരയായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ദേശസ്‌നേഹികളും ആത്മാഭിമാനികളുമായ ഗോത്രജനതയുടെ സാംസ്‌കാരിക സ്വത്വം സംരക്ഷിക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

കല്യാണ്‍ ആശ്രമം വൈസ് പ്രസിഡന്റ് ടെക്കി ഗുബിനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക