കൂടല്‍മാണിക്യം കഴക വിവാദത്തിന് ഒരു പ്രതീകാത്മക ചാരുത കൈവന്നിരിക്കുന്നു. തര്‍ക്കത്തിനിരയായ ബാലു മുന്നോട്ടുവന്ന് താന്‍ പ്രവര്‍ത്തിയെടുത്ത സമയത്തൊന്നും തന്നെ ജാതീയമായി ആരും അധിക്ഷേപിച്ചിട്ടില്ലെന്നും തനിക്ക് ആപ്പീസുജോലിതന്നെ മതിയെന്നും പറയുന്നു. ജോലിക്കപേക്ഷിക്കുമ്പോള്‍ ഇത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും ബാലു തുറന്നുപറഞ്ഞു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനൊരുങ്ങിയവര്‍ക്ക് ഈ വാക്കുകള്‍ നിരാശ പകര്‍ന്നിട്ടുണ്ടാവാം. രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ കടന്നുകയറാത്ത ആ പിള്ളവായില്‍ കള്ളമില്ലെന്നും കരുതാം. ദേവസ്വം ഭരരണസമിതിയും വെള്ളാപ്പള്ളിയും ദേവസ്വം മന്ത്രിയും മാധ്യമങ്ങളും ഉയര്‍ത്തിയ ഘോഷങ്ങള്‍ അങ്ങനെ നിഷ്പ്രഭമായത് ഭാഗ്യം. നിറഞ്ഞുകവിയുന്ന ക്ഷേത്രഭണ്ഡാരങ്ങളിലാണ് കക്ഷിരാഷ്‌ട്രീയ അധികാര മോഹങ്ങളുടെ കണ്ണ് എന്നാര്‍ക്കാണ് അറിയാത്തത്. ഗുരുവായൂരും ശബരിമലയും ലാഭമുണ്ടാക്കുന്ന ബെവറേജ് കോര്‍പ്പറേഷന്‍ പോലെയാണ് സമീപിക്കപ്പെടുന്നത്. കാര്യമായ മുടക്കില്ലാതെ ധനം വന്നുചേരുന്ന ഇടങ്ങളാണല്ലോ രണ്ടും. ദേവസ്വം ഭരണത്തിന്റെ കൊടിയടയാളം നോക്കിയല്ല, ക്ഷേത്രചൈതന്യവും ക്ഷേത്രാചാരങ്ങളിലെ നിഷ്‌കര്‍ഷയും തങ്ങള്‍ക്ക് ലഭിക്കുന്ന അനുഗ്രഹ സാന്ത്വനങ്ങളുമാണ് ഭക്തന് പ്രധാനം.
സെക്രട്ടറിയേറ്റിലും തൊഴിലാളി സംഘടനകള്‍ തമ്മിലും രാഷ്‌ട്രീയ നേതൃത്വത്തിലും നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് എം.എ. ജോണ്‍ പറഞ്ഞതോര്‍ക്കുന്നു. രാഷ്‌ട്രീയകക്ഷികളുടെ സംസ്ഥാന നേതാവിന്റെ മക്കളുടെ വിവാഹത്തിന് മറ്റു കക്ഷികളിലെ സംസ്ഥാന നേതാക്കളെ ക്ഷണിക്കുക പതിവാണ്. സ്വന്തം കക്ഷിയിലെ ഒരു സാധാരണ പ്രവര്‍ത്തകനോ താഴേ തട്ടിലെ നേതാക്കള്‍ക്കോ പരിഗണന ലഭിക്കണമെന്നില്ല. ഡ്രൈവര്‍ക്കുനേരെ നടക്കുന്ന അന്യായത്തിനെതിരെ സമരം ചെയ്യാന്‍ കണ്ടക്ടറുടെ സംഘടനയോ മെക്കാനിക്കുകളുടെ സംഘടനയോ മുന്നോട്ടുവരാറില്ലല്ലോ? ഇവിടെയൊക്കെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വര്‍ഗ്ഗവിവേചനത്തിനെതിരെ കൂടി രാഷ്‌ട്രീയ ഇച്ഛാശക്തിയും വെള്ളാപ്പള്ളിയും ഉണരട്ടെ.
ഗുരുവായൂരും ശബരിമലയിലുമൊക്കെ ക്ഷേത്രഭരണം രാഷ്‌ട്രീയക്കാര്‍ പിടിച്ചടക്കിയപ്പോഴും തന്ത്രിയെയും മേല്‍ശാന്തിയെയും കഴകക്കാരെയും തൊട്ടുകളിക്കാത്തത് ഭണ്ഡാര വരവോര്‍ത്തിട്ടായിരിക്കാം. ക്ഷേത്രാചാരങ്ങളിലും താന്ത്രികത്തിലും വൈദഗ്ധ്യമില്ലാത്തിടത്തോളം ക്ഷേത്രപാലകരുടെ പാരമ്പര്യവൃത്തികളെ തിരുത്താന്‍ ശ്രമിക്കുന്നതില്‍ അനൗചിത്യമുണ്ട്. സര്‍ക്കാര്‍ മാറുന്നതോ ദേവസ്വം ഭരണസമിതിയുടെ നൈപുണ്യമോ ഒന്നും ഭക്തന്റെ പരിഗണനാ വിഷയമല്ല. തന്ത്രിയും മന്ത്രിയും അവരവരുടെ കര്‍മ്മമേഖലയില്‍ ജാഗ്രതയും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നവരാകുന്നതാണ് നല്ലത്. മന്ത്രിയുടെ തന്ത്രവും തന്ത്രിയും മന്ത്രവും രണ്ടു വഴിക്കാണല്ലോ.
കൂടല്‍മാണിക്യ വിവാദം കൂടുതല്‍ ആളിപ്പടരാതെ ഇരയുടെ ഔചിത്യ വാക്കുകളില്‍ ശമിക്കും എന്ന് കരുതാം. അവനവന്റെ നില മറന്ന് പരസ്പരം പെരുമാറുന്നത് ഭരണാധികാരികള്‍ക്കും സമുദായ നേതാക്കള്‍ക്കും ക്ഷേത്രപാ
ലകര്‍ക്കും നന്നല്ല. ബാലുവിന്റെ വാക്കുകളില്‍ ഈശ്വരാധീനത്തിന്റെ പ്രകാശം പരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: