India

സമാധാനം ഇല്ലാതെ വികസനം കൊണ്ടുവരാനാകില്ല: അമിത്ഷാ

'എബിവിപി എന്നും ദേശീയ താല്പര്യത്തിനൊപ്പം'

Published by

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം, സമാധാനം, ഐക്യം എന്നിവയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എബിവിപി സംഘടിപ്പിച്ച നോര്‍ത്ത്- ഈസ്റ്റ് സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത്ഷാ.

ബിജെപി അധികാരത്തില്‍ വന്നപ്പോഴെല്ലാം വടക്കുകിഴക്കന്‍ മേഖലയ്‌ക്ക് മുന്‍ഗണന നല്‍കിയതായി അമിത്ഷാ ചൂണ്ടിക്കാട്ടി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ദൂരം കുറച്ചു എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രധാനനേട്ടം. 2027 ആകുമ്പോഴേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ എല്ലാ തലസ്ഥാനങ്ങളെയും ട്രെയിന്‍, വിമാനം, റോഡ് വഴി ബന്ധിപ്പിക്കും. വടക്കുകിഴക്കന്‍ മേഖലകളുടെ ഭൗതിക അകലം കുറയ്‌ക്കുക മാത്രമല്ല, ഹൃദയങ്ങള്‍ തമ്മിലുള്ള അകലവും കുറച്ചു, അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ അക്രമസംഭവങ്ങളില്‍ ഗണ്യമായ കുറവുവരുത്താന്‍ കേന്ദ്രസര്‍ക്കാരിനായതായും അമിത്ഷാ കണക്കുകള്‍ സഹിതം വിശദീകരിച്ചു. 2004 നും 2014 നും ഇടയില്‍ 11,000 അക്രമസംഭവങ്ങളുണ്ടായി, എന്നാല്‍ 2014 നും 2024 നും ഇടയിലുണ്ടായത് 3428 അക്രമസംഭവങ്ങളാണ്, 70 ശതമാനം കുറഞ്ഞു. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ 89 ശതമാനവും സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തില്‍ 70 ശതമാനവും കുറവുണ്ടായി. മണിപ്പൂരിലെ സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വടക്കുകിഴക്കന്‍ മേഖല പൂര്‍ണമായും സമാധാനം അനുഭവിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വിവിധ സായുധ ഗ്രൂപ്പുകളുമായി 12 പ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. 10,500ല്‍ അധികമാളുകള്‍ ആയുധം താഴെവെച്ച് അക്രമത്തിന്റെ പാത വെടിഞ്ഞു, അമിത്ഷാ പറഞ്ഞു.

സ്വാതന്ത്ര്യത്തിനുശേഷം ആസാം ഒഴികെയുള്ള വടക്കുകിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളിലേക്ക് എല്ലാ പ്രധാനമന്ത്രിമാരും കൂടി നടത്തിയ ആകെ സന്ദര്‍ശനം 21 തവണ മാത്രമാണ്. എന്നാല്‍ നരേന്ദ്ര മോദി മാത്രം 78 തവണ ഈ മേഖല സന്ദര്‍ശിച്ചിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്റു ബൈ- ബൈ ആസാം എന്ന് പറഞ്ഞപ്പോള്‍, വിദ്യാര്‍ത്ഥികളുടെ അന്തര്‍ സംസ്ഥാന ജീവിതാനുഭവത്തിലൂടെ (സീല്‍) വടക്ക്- കിഴക്കന്‍ മേഖലയെ മുഴുവന്‍ രാജ്യവുമായി വൈകാരികമായി എബിവിപി ബന്ധിപ്പിച്ചെന്ന് അമിത് ഷാ പറഞ്ഞു.

കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ, എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവരും വിവിധ സെഷനുകളില്‍ സംസാരിച്ചു.

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി, സീല്‍ ട്രസ്റ്റി സുനില്‍ വസുമതാരി, എബിവിപി ദേശീയ സെക്രട്ടറി കമലേഷ് സിങ്, അരുണാചല്‍പ്രദേശ് സംസ്ഥാന സെക്രട്ടറി ഭിംകി യാദര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by