ചെന്നൈ : തമിഴ് നടൻ വിജയ് അടുത്തിടെയാണ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചത് . സ്വന്തമായി പാർട്ടി രൂപീകരിച്ച വിജയ്, അടുത്ത തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് സ്ഥാനാർത്ഥികളെ നിർത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാനായി വിജയ് അടുത്തിടെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു . വിരുന്നിൽ തൊപ്പി ധരിച്ച് വിജയ് ഇസ്ലാം ചടങ്ങുകളും, പ്രാർത്ഥനകളും നടത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
എന്നാൽ മുസ്ലീങ്ങളുടെ പിന്തുണ നേടാനുള്ള ഈ ശ്രമം ഇപ്പോൾ വിജയ്‌ക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണ് . തങ്ങളുടെ മതത്തെ വിജയ് അവഹേളിച്ചതായി കാട്ടി മുസ്ലീങ്ങൾ തന്നെ അദ്ദേഹത്തിനെതിരെ പരാതി നൽകി.
വിജയ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഇസ്ലാമിനെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് തമിഴ്നാട് സുന്നത്ത് ജമാഅത്താണ് വിജയ്‌ക്കെതിരെ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
വിജയ് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപമാനിച്ചുവെന്ന് പരാതിയിൽ പരാമർശിക്കുന്നു. കൂടാതെ വിജയ് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ മദ്യപന്മാരും റൗഡികളും പങ്കെടുത്തതായും പരാതിയിൽ പറയുന്നു. വ്രതമെടുക്കാത്തവരും റമദാനിനോട് ആദരവില്ലാത്തവരുമായ ആളുകളുടെ പങ്കാളിത്തം മുസ്ലീം സമൂഹത്തിന് അപമാനമാണ്. കൂടാതെ, ഇഫ്താർ വിരുന്നിന്റെ സംഘാടനവും അങ്ങേയറ്റം നിരുത്തരവാദപരമായിരുന്നു. വിജയ്‌യുടെ സുരക്ഷാ ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നവരോട് മോശമായി പെരുമാറി, പശുക്കളെ പോലെ ആളുകളെ വലിച്ചിഴച്ചു കൊണ്ടുപോയി- എന്നും പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക