Kerala

രജിസ്‌ട്രേഷനില്ലേ? ട്യൂഷന്‍ സെന്‌ററുകള്‍ക്ക് പൂട്ടുവീഴും, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരംകേസുമെടുക്കും

Published by

കോഴിക്കോട് : രജിസ്‌ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ കേന്ദ്രങ്ങള്‍ പൂട്ടാന്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി തീരുമാനിച്ചു. കുട്ടികള്‍ നേരിടുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ 1098 എന്ന ചൈല്‍ഡ് ലൈന്‍ നമ്പര്‍ വഴി അധികൃതരെ അറിയിക്കാം. ഇതിനായി 1098 എന്ന ചൈല്‍ഡ്‌ലൈന്‍ നമ്പറും ഏതൊക്കെ വിഷയങ്ങളില്‍ ചൈല്‍ഡ്‌ലൈനില്‍ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോര്‍ഡ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ്, സ്വകാര്യ സ്‌കൂളുകളിലും അംഗീകൃത ട്യൂഷന്‍ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണം. 1098 ചൈല്‍ഡ് ലൈന്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ പേരില്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സ്വകാര്യ ഭേദമന്യേ എല്ലാ സ്‌കൂളുകളിലും കൗണ്‍സിലര്‍മാരെ നിര്‍ബന്ധമായും നിയമിക്കണം. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ചു ട്യൂഷന്‍ കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ജില്ലയില്‍ പല ട്യൂഷന്‍ കേന്ദ്രങ്ങളും രജിസ്‌ട്രേഷന്‍ ഇല്ലാതെ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കുട്ടികള്‍ക്ക് ആവശ്യമായ മൂത്രപ്പുരയോ ഫാനോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടികാട്ടി. ടെറസിന് മുകളില്‍ ആസ്ബസ്റ്റോസ് മേല്‍ക്കൂര കെട്ടി അനുമതിയുമില്ലാതെ കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയിലാണ് പല ട്യൂഷന്‍ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം. ഇത്തരം സ്ഥാപനങ്ങള്‍ ഉടന്‍ അടച്ചുപൂട്ടണം. അല്ലാത്തപക്ഷം ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധന നടത്തി അനധികൃത സ്ഥാപനങ്ങളെ കണ്ടെത്തണം. ട്യൂഷന്‍ കേന്ദ്രങ്ങളില്‍ ഡിജെ പാര്‍ട്ടി പോലെ വലിയ ആഘോഷ പരിപാടി നടത്തുകയാണെങ്കില്‍ അക്കാര്യം അതത് പോലീസ് സ്റ്റേഷനിലോ ഗ്രാമപഞ്ചായത്തിലോ അറിയിക്കണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക