ന്യൂദല്‍ഹി: ആശാവര്‍ക്കര്‍മാരുടെ വേതനം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ വ്യക്തമാക്കി.എന്‍എച്ച്എം യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നതായും ആശാവര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായും രാജ്യസഭയില്‍ കേന്ദ്രമന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയ്‌ക്കായി ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന കഠിനാധ്വാനത്തെ അഭിനന്ദിക്കുകയാണെന്ന് ജെ.പി നദ്ദ പറഞ്ഞു. കേരളത്തിനുള്ള വിഹിതത്തില്‍ യാതൊരു കുറവും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടില്ല. കേരളത്തിന് ആരോഗ്യമേഖലയിലേക്ക് പണം നല്‍കാനില്ലെന്നും നല്‍കിയ തുകയുടെ കണക്കുകള്‍ കേരളം ഇതുവരെ നല്‍കിയിട്ടില്ലെന്നും ജെ.പി നദ്ദ വ്യക്തമാക്കി.
സിപിഐ അംഗം സന്തോഷ് കുമാറിന്റെ ചോദ്യത്തിനാണ് ജെ.പി നദ്ദ മറുപടി നല്‍കിയത്. എന്നാല്‍ വീഴ്ച സംഭവിച്ചത് സംസ്ഥാന സര്‍ക്കാരിനാണെന്ന് കേന്ദ്രമന്ത്രി സഭയില്‍ അറിയിച്ചതോടെ ചോദ്യം ചോദിച്ച സന്തോഷ് കുമാര്‍ പ്രതിരോധത്തിലായി. കേന്ദ്രആരോഗ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതായി സന്തോഷ് കുമാര്‍ പ്രതികരിച്ചു. വേതന വര്‍ദ്ധനവ് എന്ന കേന്ദ്രതീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി തിരുവനന്തപുരത്ത് സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: