കൊച്ചി: കാസർകോട് പൈവളിഗെയിൽ 15 വയസുകാരിയുടെ ആത്മഹത്യയിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. 15 വയസുള്ള ഒരു പെൺകുട്ടി കാണാതായാൽ അത് ഒളിച്ചോട്ടമല്ലെന്ന് വിമർശിച്ച ഹൈക്കോടതി പോക്സോ കേസ് ചുമത്തി അന്വേഷണം വേഗത്തിൽ നടത്തണമായിരുന്നുവെന്നും വിമർശിച്ചു. ഫോൺ ലോക്കേഷൻ കണ്ടുപിടിക്കാൻ എന്തായിരുന്നു തടസമെന്നും കോടതി ചോദിച്ചു.
പെൺകുട്ടിയെ കാണാതായി ഏഴ് ദിവസത്തിന് ശേഷം പോലീസ് നായയെ വിട്ടതിലെ വീഴ്ചയേയും കോടതി വിമർശിച്ചു. ഫെബ്രുവരി 12-നു പുലർച്ചെ കാണാതായ പെൺകുട്ടിക്കുവേണ്ടി പോലീസ് നായയെ ഉപയോഗിച്ചുള്ള പരിശോധന നടത്തിയത് ഫെബ്രുവരി 19-നാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളിൽ ഉടൻ നടപടി വേണം. ഈ സംഭവം ഭാവിയിൽ പോലീസിന് പാഠമാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതേ നിർദ്ദേശത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടെത്തി കേസ് ഡയറി സമർപ്പിച്ചപ്പോഴാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. ഫെബ്രുവരി 12-നു പുലർച്ചെയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ പെൺകുട്ടി വീടിന്റെ പിൻവാതിൽ തുറന്നു പുറത്തേക്കുപോയി എന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി.
മൊബൈൽ ഫോണും പെൺകുട്ടിയുടെ കൈയിലുണ്ടായിരുന്നു. ആദ്യം ഫോണിൽ ബെൽ അടിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക