India

വികസിതഭാരതം സാക്ഷാത്കരിക്കാന്‍ യുവാക്കളുടെയും വനിതകളുടെയും പങ്കാളിത്തം അനിവാര്യം: രേഖ ഗുപ്ത

Published by

ന്യൂദല്‍ഹി: യുവാക്കളുടെയും വനിതകളുടെയും സജീവപങ്കാളിത്തത്തോടെ മാത്രമെ സമ്പന്നവും വികസിതവുമായ ഭാരതം സാക്ഷാത്കരിക്കാനാവൂവെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. എബിവിപി വിദ്യാര്‍ത്ഥി പാര്‍ലമെന്റിന്റെ രണ്ടാംദിവസം നടന്ന വിദ്യാര്‍ത്ഥിനി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്നത്തെ യുവനേതാക്കളാണ് ഭാവി ഭാരതത്തെ നയിക്കേണ്ടത്. സമൂഹത്തിനും രാജ്യത്തിനും ഒരു പുതിയ ദിശാബോധം നല്‍കാന്‍ അവര്‍ക്കാകുമെന്നും രേഖ ഗുപ്ത പറഞ്ഞു.

താനും എബിവിപിയായിരുന്നുവെന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്ന് രേഖ ഗുപത പറഞ്ഞു. എബിവിപി ഒരു വിദ്യാര്‍ത്ഥി സംഘടന മാത്രമല്ല, രാജ്യത്തിന്റെ ഗതിനിര്‍ണയിക്കാന്‍ പ്രാപ്തരായ യുവനേതാക്കളെ വളര്‍ത്തിയെടുക്കുന്ന പാഠശാല കൂടിയാണ്. പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനും സ്വയംമുന്നേറുന്നതിനുമുള്ള പ്രചോദനം ലഭിച്ചത് എബിവിപിയില്‍ നിന്നാണ്. തന്റെ ജീവിതയാത്രയില്‍ എബിവിപി വഹിച്ച പങ്ക് വളരെ വലുതാണ്. രാഷ്‌ട്രത്തെ സേവിക്കുന്നതിന് അനേകായിരം രേഖ ഗുപ്തമാരെ വളര്‍ത്തിയെടുക്കുന്ന സംഘടനയാണ് എബിവിപി എന്നും അവര്‍ വ്യക്തമാക്കി. ദല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തശേഷം രേഖ ഗുപ്ത പങ്കെടുക്കുന്ന ആദ്യത്തെ എബിവിപി പരിപാടിയായിരുന്നു വിദ്യാര്‍ത്ഥിനി പാര്‍ലമെന്റ്.

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ വിജയ രഹത്ക്കര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ. മിലിന്ദ് മറാത്തെ, സുപ്രീംകോടതി അഭിഭാഷക മോണിക്ക അറോറ തുടങ്ങിയവരും വിവിധ സെഷനുകളില്‍ പങ്കെടുത്തു. എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി, ദേശീയ സെക്രട്ടറി ശാലിനി വര്‍മ, ദല്‍ഹി സംസ്ഥാന് പ്രസിഡന്റ് പ്രൊഫ. തപന്‍കുമാര്‍ ബിഹാരി, സംസ്ഥാന ജോ. സെക്രട്ടറി അപരാജിത, മനു ശര്‍മ്മ ഖട്ടാരിയ, നിമയാങ് സുമേര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് ചേരുന്ന നോര്‍ത്ത് – ഈസ്റ്റ് വിദ്യാര്‍ത്ഥി പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by