ഒട്ടാവ: മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. കാനഡയിലെ ലിബറല്‍ പാര്‍ട്ടി നേതാവായി 59 കാരനായ മാര്‍ക്ക് കാര്‍ണിയെ തെരഞ്ഞെടുത്തു. ഒന്നരലക്ഷത്തോളം പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ കാര്‍ണിക്ക് 86 ശതമാനത്തോളം വോട്ട് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെയാണ് കാര്‍ണി പരാജയപ്പെടുത്തിയത്.
വ്യാപാര രംഗത്ത് കാനഡ-അമേരിക്ക തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായ കാര്‍ണി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. കാര്യമായ രാഷ്‌ട്രീയ പശ്ചാത്തലമില്ലാത്ത കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായിരുന്നു. ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹ്റയാണു കാര്‍ണിയുടെ വിജയം പ്രഖ്യാപിച്ചത്. ലിബറല്‍ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മാര്‍ക്ക് കാര്‍ണി സാമൂഹികമാധ്യമമായ എക്സിലൂടെ ഏവര്‍ക്കും നന്ദി അറിയിച്ചു. ഐക്യപ്പെടുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ശക്തരാകുന്നതെന്നും നിങ്ങള്‍ക്ക് നന്ദിയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ജനുവരിയില്‍ ലിബറല്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒമ്പതുവര്‍ഷത്തിലേറെ ഭരണത്തിലിരുന്ന ശേഷമായിരുന്നു ട്രൂഡോയുടെ രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: