സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടി ഉയര്‍ന്നത് കൊല്ലത്താണെങ്കിലും കൊടി ഇറങ്ങിയത് ചൈനയിലാണ്. ടെന്‍ ഷിയാവോ പിങ് മുതല്‍ ഷി ജിന്‍ പിങ് വരെയുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ സ്വകാര്യ മൂലധന നിക്ഷേപങ്ങള്‍ക്കും വിദേശ ബഹുരാഷ്ട്ര കുത്തകകള്‍ക്കും ചൈനയിലേക്ക് വാതില്‍ തുറന്നു കൊടുത്തതിന് സമാനമായ ഒരു നടപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന സിപിഎം നയരേഖ. ഈ നവകേരള നയരേഖയിലൂടെ നവ ലിബറല്‍ മുതലാളിത്ത സിദ്ധാന്തങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കാന്‍ പിണറായി അനുമതി നേടിയെടുത്തത്.
ചൈനയില്‍ ഷി ജിന്‍ പിങ് ഈ നടപടിയെടുത്ത സമയത്ത് ആറു പേര് അദ്ദേഹത്തെ എതിര്‍ക്കാനായി കൈയുയര്‍ത്തി. ഒരാള്‍ ഇറങ്ങിപ്പോവുകയും, രണ്ടുപേര്‍ പ്രതിഷേധക്കുറിപ്പ് രേഖപ്പെടുത്തുകയും, മറ്റ് രണ്ട് പേര് ശബ്ദം ഉയര്‍ത്താന്‍ ശ്രമിക്കുകയും, മറ്റൊരാള്‍ അസാധു വോട്ട് ചെയ്തുമാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പക്ഷേ, മഹാ ഭൂരിപക്ഷം പേരും നിശബ്ദമായി ഷി ജിന്‍ പിങ്ങിനെ അനുകൂലിച്ചതോടെ കമ്മ്യൂണിസ്റ്റ് ചൈന മുതലാളിത്ത ചൈനയായി മാറി.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള രാജ്യം അമേരിക്കയല്ല, ചൈനയാണ്. 814 ശതകോടീശ്വരന്മാര് ചൈനയിലുള്ളപ്പോള് അമേരിക്കയില്‍ ശതകോടീശ്വരരുടെ എണ്ണം 800 മാത്രമാണ്. ഹോങ്കോങ് ആസ്ഥാനമായുള്ള ഹൂറൂണ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ആഗോള സമ്പന്ന പട്ടികയെ സംബന്ധിച്ച ഗവേഷണ പഠനത്തിലാണ് ഈ കണക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചൈനീസ് സാമ്പത്തിക പരിവര്‍ത്തനത്തിന്റെ നായകനായിരുന്ന ഹോ ഫുങ് ഹങ് പറഞ്ഞത്, ‘സാമ്പത്തിക ആസൂത്രണത്തിന്റെയും നിയന്ത്രണത്തിന്റെയും അധികാരം ആദ്യം വിദേശ ചൈനക്കാര്‍ക്കും, പിന്നീട് ബഹുരാഷ്ട്ര മൂലധന ശക്തികള്‍ക്കും തുറന്നുകൊടുക്കുക’ എന്നതായിരുന്നു.
ഈ നിര്‍ദ്ദേശമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് നടപ്പിലാക്കിയത്. ‘ഇതിനെതിരെ ആഗോള കമ്മ്യൂണിസ്റ്റുകള്‍’ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം അന്ന് പറഞ്ഞത് ‘ചൈനീസ് സ്വഭാവമുള്ള സോഷ്യലിസം ആണിത്’ എന്നാണ്. അതിനും മുന്‍പ് 1980 കളിലും 90 കളിലും മൂന്ന് ഘട്ടങ്ങളിലായി ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയിലെ സ്റ്റേറ്റിന്റെ നിയന്ത്രണം തെങ് സിയാവോ പിങ് എടുത്തു കളഞ്ഞിരുന്നു. ഇതിനായി അദ്ദേഹം 1990 കളില്‍ സ്റ്റേറ്റ് ഓണ്‍ഡ് എന്റര്‍പ്രൈസസ് എന്ന ചൈനയുടെ സ്വന്തം പൊതുമേഖലാ സ്ഥാപനങ്ങളെ (SOE) ലാഭാധിഷ്ഠിത മുതലാളിത്ത കോര്‍പ്പറേഷനുകളാക്കി പുനഃസംഘടിപ്പിച്ചു. ചൈനയിലെയും ഉത്തര കൊറിയയിലെയും കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ നടപ്പാക്കിയ അതേ നയ തത്വ പരിപാടികളുടെ പ്രായോഗിക തനിയാവര്‍ത്തനത്തിന്റെ കൊടിയേറ്റമായിരുന്നു കൊല്ലത്ത് നടന്നത്. സാമ്പത്തിക വരുമാനത്തിന്റെ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ജനങ്ങളെ പലപല തട്ടുകളിലാക്കി വേര്‍തിരിച്ച്, ജനങ്ങളെ ഓരോ തട്ടിലും ഉള്‍പ്പെടുത്തി പ്രത്യേകം പ്രത്യേകം ഫീസുകളും സെസ്സുകളും ഏര്‍പ്പെടുത്തും എന്നാണ് പിണറായി പ്രഖ്യാപിച്ചത്.
ഇത്തരം സെസ്സുകളില്‍ നിന്ന് ഒരാള്‍ പോലും വിട്ടുപോകാതിരിക്കാന്‍ സെസ്സ് ‘സര്‍വ്വതല സ്പര്‍ശി’ആയിരിക്കുമെന്ന് പറയാനും പിണറായി ധൈര്യം കാണിച്ചു.’നവ കേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്നുള്ള മുഖ്യമന്ത്രിയുടെ സ്വന്തം രേഖ രഹസ്യരേഖയായി കൊണ്ടുവന്ന് പരസ്യമായി അവതരിപ്പിച്ച്, പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടാവാതെ പാസാക്കി എടുക്കുക എന്ന ഏകാധിപത്യ നടപടിയാണ് പിണറായി വിജയകരമായി പൂര്‍ത്തിയാക്കിയത്. ചൈനയിലും സോവിയറ്റ് യൂണിയനിലും കൊറിയയിലും ഒക്കെ ഏകാധിപതികളായ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ എപ്രകാരമാണോ സ്വന്തം നയങ്ങള്‍ പാര്‍ട്ടിക്കുമേല്‍ അടിച്ചേല്‍പ്പിച്ചു പാസ്സാക്കിയെടുത്തത്. അതേ ശൈലിയാണ് കൊല്ലത്ത് പിണറായിയും ആവര്‍ത്തിച്ചത്. വിദേശനിക്ഷേപം, വിദേശ വായ്പ, പൊതുമേഖലയോടുള്ള ജനങ്ങളുടെയും സര്‍ക്കാരിന്റെയും സമീപനം, ഓരോ വിഷയത്തിലും തൊഴിലാളി വര്‍ഗ്ഗ താല്പര്യ സംരക്ഷണം, മൂലധന ശക്തികളുടെ സര്വാധിപത്യത്തിനുള്ള സാധ്യത, ബിസിനസ്, വ്യവസായം, കൃഷി, സേവനം എന്നിവ എപ്രകാരം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായി മാറും എന്നുള്ളതിനെക്കുറിച്ചുള്ള ആശങ്ക എന്നിവയെല്ലാം ബ്രാഞ്ച് തലം മുതല്‍ പോളിറ്റ് ബ്യൂറോ തലം വരെ വര്‍ഷങ്ങളോളം സമയം എടുത്ത് ചര്‍ച്ച ചെയ്ത്, തലനാരിഴ കീറി പ്രത്യയശാസ്ത്ര അഭ്യാസങ്ങള്‍ നടത്താറുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് പിണറായി വിജയന്റെ ഒറ്റ വരി പ്രമേയത്തെ ഒട്ടും എതിര്‍ക്കാതെ പാസ്സാക്കി കൊടുത്തത്. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ വിദേശ നിക്ഷേപം നടത്താന്‍ ഒരുങ്ങിയപ്പോഴും, കേരളത്തിലെ അഞ്ച് കോര്‍പ്പറേഷനുകള്‍ എഡിബി വായ്പ വാങ്ങാന്‍ ഒരുങ്ങിയപ്പോഴും, സംസ്ഥാനത്ത് നടന്ന ചര്‍ച്ചകളും തര്‍ക്കങ്ങളും അവസാനിക്കാതെ പോളിറ്റ് ബ്യൂറോയില്‍ വരെ എത്തുകയും, അവസാനം പോളിറ്റ് ബ്യൂറോ ഇടപെട്ട് സംസ്ഥാന കമ്മറ്റിയില്‍ നടത്തിയ സമവായ നീക്കങ്ങള്‍ പോലും പരാജയപ്പെടുകയും ചെയ്ത ചരിത്രം ഇതേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ട്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നൂറ്റാണ്ടിലേറെ നീളുന്ന ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാത്ത അടിസ്ഥാനപരമായ നയ വ്യതിയാനത്തിന് അനുവാദം കൊടുക്കുന്ന ഒരു രേഖ സംസ്ഥാന കമ്മിറ്റി നടക്കുമ്പോള്‍ പോലും സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി നേരിട്ട് സമ്മേളന വേദിയില്‍ അവതരിപ്പിച്ചപ്പോള്‍, ഒറ്റയടിക്ക് അത് പാസ്സാക്കിയെടുക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ഇവിടെ സിപിഎം കേന്ദ്ര നേതൃത്വം (അങ്ങനെ ഒന്ന് അവശേഷിക്കുന്നുണ്ട് എങ്കില്‍) വെറും വിദൂഷകന്മാരെ പോലെ ഗ്യാലറിയില്‍ ഇരുന്ന് കൈയ്യടിക്കുകയാണ് ചെയ്തത്. കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകാന്‍ ഇത്തരം നയ വ്യതിയാനങ്ങള്‍ ആവശ്യമാണെന്ന നിലപാടാണ് പിണറായി പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയത്. അതായത് പതിറ്റാണ്ടുകള്‍ മുമ്പ് വരെ എതിര്‍ത്തു വന്നിരുന്ന എല്ലാ നയ പരിപാടികളേയും പത്തോ നാല്പതോ വര്‍ഷം കഴിയുമ്പോള്‍ അതേപടി അംഗീകരിച്ചു നടപ്പാക്കുന്ന പഴയ കമ്മ്യൂണിസ്റ്റ് വിഡ്ഢിത്തം ഇവിടെ അതിന്റെ പരകോടിയില്‍ എത്തിയിരിക്കുന്നു എന്നതാണ് സത്യം. ആട് അറിയുന്നോ അങ്ങാടിവാണിഭം എന്ന അവസ്ഥയാണ് കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിന് ഇക്കാര്യത്തിലുള്ളത്.!
നിങ്ങളുടെ പ്രത്യയശാസ്ത്രം എന്താണ് എന്ന ചോദ്യത്തിന് കഴിഞ്ഞ ഒന്നേകാല്‍ നൂറ്റാണ്ടായിട്ട് പോലും മറുപടി പറയാന്‍ കഴിയാത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് യുഡിഎഫിനെ നയിക്കുന്നത്. യുഡിഎഫിലെ മുസ്ലിം ലീഗിനോ കേരള കോണ്ഗ്രസുകള്ക്കോ സിപിഎമ്മിന്റെ അടുക്കള ജോലിക്കാരായ സിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിക്കോ മറ്റു ഘടക കക്ഷികള്‍ക്കോ പ്രത്യയശാസ്ത്രം എന്താണ് എന്ന് ചോദിച്ചാല്‍ മാനത്തു നോക്കാന്‍ അല്ലാതെ മറ്റെന്താണ് അറിയാവുന്നത്? ഭരണം തുടരാനുള്ള സാമ്പത്തിക സമാഹരണത്തിന് മുതലാളിത്ത ശക്തികളോടുള്ള ചങ്ങാത്തമല്ലാതെ ഇനി രക്ഷയില്ല എന്നുള്ള തിരിച്ചറിവാണ് സിപിഐ എമ്മിനെ ഈ അവസ്ഥയിലെത്തിച്ചത്.
കടം വാങ്ങുക, മദ്യപാനം നടത്തുക, ചൂതുകളി നടത്തുക(ലോട്ടറി), പിടിച്ചു പറിക്കുക (പെട്രോളിയം സെസ്സ്) എന്നിങ്ങനെയുള്ള വരുമാന മാര്‍ഗങ്ങളിലൂടെ ഒരു സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന ഈ രാജ്യത്തെ ഒരേയൊരു ഭരണ വര്‍ഗ്ഗ പാര്‍ട്ടിയാണല്ലോ സിപിഎം. പ്രത്യയശാസ്ത്രപരമായി ലോകമെമ്പാടും പണ്ടേ പരാജയപ്പെടുകയും, പ്രായോഗികമായി ഇന്ത്യയില്‍ പരാജയപ്പെടുകയും ചെയ്ത, കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അവസാനത്തെ അത്താണി ആണല്ലോ മുതലാളിത്തം.
ജന്മം കൊണ്ട നാള് മുതല്‍ ഇന്നേവരെ മുതലാളിത്തത്തെ എതിര്‍ക്കുകയും ദിഗന്തങ്ങള്‍ നടുക്കുമാറ് മുദ്രാവാക്യം വിളിക്കുകയും, അവര്‍ക്കെതിരെ അക്രമ സമരം നയിക്കുകയും ചെയ്തതിനുശേഷം അതേ മുതലാളിത്തത്തെത്തന്നെ ഇരുകൈയ്യുംനീട്ടി സ്വീകരിച്ച് അതിന് ചുവപ്പു പരവതാനിനി വിരിച്ചാനയിച്ച് പ്രത്യയശാസ്ത്രപരമായിട്ടുള്ള അടയാഭരണങ്ങള്‍ ചാര്‍ത്തി അലങ്കരിക്കുന്ന ചൈനീസ് കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലവാരത്തിലേക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എത്തിച്ചേര്‍ന്നിരിക്കുന്നു. അവിടെ ഒരു കിം ജോങ് ഉന്നിനെപ്പോലെ, ഷി ജിന്‍ പിങ്ങിനെ പോലെ, ഇവിടെ ഒരു പിണറായി വിജയന് പിറവി എടുത്തു എന്നത് ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ അനിവാര്യമായ ഒരു പരിണാമഗുപ്തി മാത്രം.!
പ്രതികരിക്കാൻ ഇവിടെ എഴുതുക: