Kerala

എസ്ഡിപിഐ നേതാവ് ഫൈസിയുടെ കസ്റ്റഡി നീട്ടി

Published by

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത എസ്ഡിപിഐ അഖിലേന്ത്യ അധ്യക്ഷന്‍ എം.കെ. ഫൈസിയുടെ കസ്റ്റഡി കാലാവധി ദല്‍ഹി കോടതി മൂന്ന് ദിവസം കൂടി നീട്ടി. അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന ഇ ഡിയുടെ അപേക്ഷയില്‍ അഡീ. സെഷന്‍സ് ജഡ്ജി ചന്ദര്‍ജിത് സിങ്ങാണ് വിധി പറഞ്ഞത്.

മാര്‍ച്ച് 3 ന് രാത്രി ദല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഫൈസിയെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ നേതാവിന് കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ ലംഘിക്കുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. തെരഞ്ഞെടുപ്പുകള്‍ക്ക് എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് നിരോധിത സംഘടനയായ പിഎഫ്‌ഐ ആണെന്നും രാജ്യത്ത് ആക്രമണം നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പണം സമാഹരിച്ചുവെന്നുമാണ് ഇ ഡി കണ്ടെത്തല്‍.

ഇത്തരത്തില്‍ നാല് കോടിയോളം രൂപ എസ്ഡിപിഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പിഎഫ്‌ഐയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇതുവരെ 61.72 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. 26 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by