Kerala

കരിപ്പൂരില്‍ വന്‍ ലഹരിവേട്ട: ഒന്നര കിലോ എംഡിഎംഎ പിടികൂടി

Published by

കൊണ്ടോട്ടി: കരിപ്പൂര്‍ അയനിക്കാട് നിന്ന് വന്‍ എംഡിഎംഎ ശേഖരം പിടികൂടി. ലഹരിക്കേസുമായി ബന്ധപ്പെട്ട് കൊച്ചി മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായിരുന്ന കരിപ്പൂര്‍ അയനിക്കാട് മുക്കൂട് മുള്ളന്‍മടക്കല്‍ പുള്ളിത്തൊടിക വീട്ടില്‍ ആഷിഖി (27) ന്റെ വീട്ടില്‍ നിന്നാണ് 1598.47 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തത്. അടുത്തിടെ മയക്കുമരുന്ന് പിടികൂടിയ സംഭവങ്ങളില്‍ അളവില്‍ ഏറ്റവും വലിയതാണിത്. ജനുവരിയില്‍ ഒരു സ്ത്രീയടക്കം ആറുപേരെ ലഹരിവസ്തുക്കളുമായി പിടികൂടിയിരുന്നു. ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ വില്പന നടത്തിയത് ആഷിഖ് ആണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒമാനില്‍ നിന്ന് എയര്‍ കാര്‍ഗോ വഴി പാര്‍സലായാണ് ആഷിഖ് എംഡിഎംഎ കടത്തിയത്.

ആഷിഖിന്റെ പേരില്‍ ഒമാനില്‍ നിന്ന് ഒരു പാര്‍സല്‍ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിക്ക് കരിപ്പൂര്‍ പോലീസും ഡാന്‍സാഫ് സ്‌ക്വാഡും പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒമാനില്‍ വാടകയ്‌ക്ക് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയാണ് ആഷിഖ്. ഒമാനില്‍ നിന്ന് കുറഞ്ഞവിലയ്‌ക്ക് വാങ്ങുന്ന എംഡിഎംഎ കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി എത്തിച്ച് കേരളത്തില്‍ വന്‍ വിലയ്‌ക്ക് വില്‍ക്കുകയായിരുന്നു ഇയാള്‍. ഭക്ഷ്യവസ്തുക്കള്‍ക്കുള്ളിലും ഫ്ളാസ്‌ക്കുകളിലും ഒളിപ്പിച്ചായിരുന്നു മിക്ക കടത്തലുകളും.

കൊണ്ടോട്ടി പോലീസ് എസ്‌ഐ ജീസില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശുഭ, അജിത്, അബ്ദുല്ല ബാബു, ഡാന്‍സ്‌സാഫ് സ്‌ക്വാഡ് അംഗങ്ങളായ സഞ്ജീവ്, രതീഷ് ഒളിയന്‍, മുഹമ്മദ് മുസ്തഫ, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by