ന്യൂദല്‍ഹി: പകുതിവിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ട രേഖകള്‍ കേരളാ പോലീസ് കൈമാറുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എഫ്ഐആറിന്റെ പകര്‍പ്പും കേസുമായി ബന്ധപ്പെട്ട വിവരങ്ങളും കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരുവിവരവും കൈമാറാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന് കേന്ദ്രധനസഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ലോക്സഭയിലെ എന്‍.കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രധനസഹമന്ത്രിയുടെ പ്രസ്താവന.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം സംസ്ഥാനത്ത് പന്ത്രണ്ട് സ്ഥലത്ത് ഇ.ഡി പരിശോധന നടത്തിയതായും ഇടത്തരക്കാരായ ജനങ്ങളാണ് തട്ടിപ്പിനിരയായതെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കേസന്വേഷണം സിബിഐയുടെ പരിഗണനയില്‍ വിടുമോയെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയും കേന്ദ്രമന്ത്രി നല്കി.
കേസിലെ പ്രധാന പ്രതിയും സത്യസായി ട്രസ്റ്റ് ഡയറക്ടറുമായ കെ. എന്‍ ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് നാളെ വിധി പറയുന്നുണ്ട്. കണ്ണൂര്‍ സീഡ് സൊസൈറ്റി അംഗങ്ങള്‍ക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങള്‍ വാഗ്ദാനം ചെയ്ത് മൂന്നുകോടി രൂപ തട്ടിയെടുത്ത കേസിലാണ് ആനന്ദകുമാര്‍ പ്രതിപ്പട്ടികയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: