ശ്രീനഗര്‍: കശ്മീരിലെ ഗുല്‍മാര്‍ഗില്‍ നടന്ന ഫാഷന്‍ ഷോയ്‌ക്കെതിരെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്ത്. റംസാന്‍ മാസത്തില്‍ ഫാഷന്‍ ഷോ നടത്താന്‍ പാടില്ലായിരുന്നുവെന്ന് ഒമര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഫാഷന്‍ ഷോ നടന്നത് ഒമര്‍ അബ്ദുള്ളയുടെ ബന്ധുക്കളുടെ ഹോട്ടലിലാണെന്നും ഒമര്‍ അറിയാതെ അവിടെ അത്തരം പരിപാടികള്‍ നടക്കില്ലെന്നും ബിജെപി ആരോപിച്ചു. ആളുകള്‍ പരാതിപ്പെട്ടപ്പോള്‍ മാത്രമാണ് ഒമര്‍ ഫാഷന്‍ ഷോയ്‌ക്കെതിരെ രംഗത്തെത്തിയതെന്ന് ബിജെപി എംഎല്‍എ സുനില്‍ ശര്‍മ്മ കുറ്റപ്പെടുത്തി.
സങ്കടകരമായ കാര്യമാണ് നടന്നതെന്നും എന്തെങ്കിലും നിയമവിരുദ്ധമായ കാര്യം നടന്നാല്‍ നടപടിയെടുക്കുമെന്നും ഒമര്‍ നിയമസഭയില്‍ പറഞ്ഞു. ഹോട്ടലില്‍ നടന്ന സ്വകാര്യ ചടങ്ങായതിനാല്‍ തന്നെ അനുമതിയുടെ ആവശ്യമില്ലായിരുന്നുവെന്നും ഒമര്‍ പറഞ്ഞു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സഭയ്‌ക്കകത്തും പുറത്തും പറയുന്നതെല്ലാം കള്ളമാണെന്നാണ് ബിജെപി പറയുന്നത്.
അതിനിടെ ഫാഷന്‍ ഷോ വിവാദമാക്കി സംസ്ഥാനത്തെ ടൂറിസം രംഗത്തിനെതിരായ നീക്കം മുസ്ലിം മതനേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. കശ്മീരിലെ മതപണ്ഡിതനായ ഉമര്‍ ഫറൂഖ് സംഭവത്തിനെതിരെ ശക്തമായി രംഗത്തെത്തി. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്തുമാവാം എന്ന് കരുതേണ്ടെന്നും ഉമര്‍ ഫാറൂഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: