തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവാവിനെ കഴകം ജോലിയില്‍ നിന്ന് ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം. ദേവസ്വം ഭരണം കൈയാളുന്ന ഇടതുഭരണസമിതിക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം നഗ്നമായ ജാതിവിവേചനമാണ് കാണിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബാലുവിനാണ് വിവേചനം നേരിട്ടത്. ഇദ്ദേഹത്തെ കഴകം ജോലിക്ക് നിയോഗിച്ചിരുന്നുവെങ്കിലും ചില യാഥാസ്ഥിതികരുടെ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദേവസ്വം തീരുമാനം മാറ്റി. ബാലുവിനോട് ഒരാഴ്ച അവധിയെടുക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കഴകം ജോലിയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് ഇദ്ദേഹത്തില്‍ നിന്ന് കത്ത് എഴുതി വാങ്ങി. ഓഫീസില്‍ പ്യൂണ്‍ തസ്തികയില്‍ മാറ്റി നിയമനം നല്‍കി. വര്‍ഷങ്ങളായി കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഭരണം കൈയാളുന്നത് സിപിഎം നേതൃത്വമാണ്. നിലവില്‍ സിപിഎം പ്രാദേശിക നേതാവായ സി.കെ. ഗോപിയാണ് ദേവസ്വം ചെയര്‍മാന്‍. അതേസമയം ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനാഘോഷം നടക്കുകയാണെന്നും ബാലുവിനെ മാറ്റാതെ സഹകരിക്കില്ലെന്ന് തന്ത്രിമാരും മറ്റു ചില കഴകക്കാരും പറഞ്ഞതിനാലാണ് നടപടിയെന്നുമാണ് ദേവസ്വം നല്കുന്ന വിശദീകരണം.
കൂടല്‍മാണിക്യം ഭരണസമിതിയുടെ തീരുമാനം മനുഷ്യകുലത്തിന് തന്നെ തീരാകളങ്കമാണെന്ന് എസ്എന്‍ഡിപി യോഗം മുകുന്ദപുരം താലൂക്ക് യൂണിയന്‍ അഭിപ്രായപ്പെട്ടു. തീരുമാനം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എതിരെ ശക്തമായ സമരവുമായി രംഗത്തുവരുമെന്നും എസ്എന്‍ഡിപി യൂണിയന്‍ വ്യക്തമാക്കി. യോഗത്തില്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക