മുംബൈ: പാൻമസാല പരസ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അഭിനയിച്ച ബോളിവുഡ് താരങ്ങൾക്കെതിരേ നോട്ടീസ്. പാൻമസാല പരസ്യത്തിൽ അഭിനയിക്കുന്നതിനെതിരേ താക്കീത് നൽകിയിട്ടും ബോളിവുഡ് താരങ്ങൾ പരസ്യത്തിൽ അഭിനയിക്കുന്നത് തുടർന്നതായാണ് വിവരം. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
നടന്മാരായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ്, ജെബി ഇൻഡസ്ട്രീസ് ചെയർമാൻ വിമൽ കുമാർ അഗർവാൾ എന്നിവർക്കെതിരേയാണ് ജയ്‌പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം നോട്ടീസ് അയച്ചിരിക്കുന്നത്. മാർച്ച് 19-ന് നേരിട്ടോ പ്രതിനിധിയോ ഹാജരാകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഓരോതരിയിലും കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ടെന്ന രീതിയിലായിരുന്നു പരസ്യം. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ജയ്‌പുർ സ്വദേശി യോഗേന്ദ്ര സിങ് ബദിയാൽ ആണ് പരാതി നൽകിയത്. കുങ്കുമപ്പൂവിന്റെ വില കിലോയ്‌ക്ക് നാല് ലക്ഷം രൂപവരേയാണ് .എന്നാൽ പാൻമസാല പാക്കറ്റിന് വെറും 5 രൂപയ്‌ക്ക് വിൽക്കുന്നു. അതിനാൽ, ഈ ഉത്പന്നത്തിൽ യഥാർത്ഥ കുങ്കുമപ്പൂവോ അതിന്റെ സുഗന്ധമോ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: