കറാച്ചി : റംസാൻ മാസം ആരംഭിക്കുമ്പോൾ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ വ്രതം അനുഷ്ഠിക്കുകയും ഇഫ്താർ സമയത്ത് ഈന്തപ്പഴം കഴിക്കുകയും ചെയ്യുന്നു. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടയിൽ പാകിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇസ്രായേലി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും റംസാൻ സമയത്ത് ഇസ്രായേലി ഈന്തപ്പഴം വീണ്ടും പാകിസ്ഥാൻ വിപണിയിൽ പ്രത്യക്ഷപ്പെട്ടു. കറാച്ചിയിലെ വിപണികളിൽ ഇസ്രായേലി “മെഡ്ജൂൾ ഈന്തപ്പഴം” ലഭ്യമാകുന്നതിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തകൻ സുൽഫിക്കർ അലി ഭൂട്ടോ ജൂനിയർ കറാച്ചി വിപണികളിൽ ഇസ്രായേലി ഈന്തപ്പഴം വിൽക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ ഈ വിഷയം ഉന്നയിച്ചു.
മൊറോക്കോയിൽ ആദ്യം കൃഷി ചെയ്തിരുന്ന മെഡ്ജൂൾ ഈന്തപ്പഴം ഇപ്പോൾ പലസ്തീൻ, ജോർദാൻ, ഇറാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും വളർത്തുന്നു. നിലവിൽ, ഇസ്രായേൽ ഏറ്റവും കൂടുതൽ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. പലസ്തീൻ ഭൂമിയിലെ ജൂത കോളനികളിലും കാർഷിക വാസസ്ഥലങ്ങൾ ഇസ്രയേലികൾ സ്ഥാപിച്ചിട്ടുണ്ട്.
അതേ സമയം പലസ്തീൻ ദുരിതത്തിന് കാരണമാകുന്ന ഇസ്രായേൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കേണ്ടത് ധാർമ്മികവും മതപരവുമായ കടമയാണെന്നാണ് ഭൂട്ടോ ഊന്നിപ്പറയുന്നത്. കടയുടമകളോട് അവരുടെ അലമാരയിൽ നിന്ന് ഇസ്രായേലി ഈന്തപ്പഴം നീക്കം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോൾ പാകിസ്ഥാനിലെ ജനങ്ങൾ ഈന്തപ്പഴ പാക്കേജിംഗിലെ ബാർകോഡ് പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇസ്രായേലിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് സാധാരണയായി ‘729’ എന്നതിൽ തുടങ്ങുന്ന ബാർകോഡ് ഉണ്ടായിരിക്കും. ഇത് ഇസ്രായേലി സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റെ (GS1) കീഴിൽ രജിസ്ട്രേഷൻ സൂചിപ്പിക്കുന്നു. എന്നാൽ ചില ഇസ്രായേലി ഉൽപ്പന്നങ്ങൾ അവയുടെ യഥാർത്ഥ ഉത്ഭവം മറയ്‌ക്കാൻ വ്യത്യസ്ത പേരുകളിൽ വിൽക്കാൻ സാധ്യതയുണ്ട്.
അത്തരം സാഹചര്യങ്ങളിൽ പാക്കേജിംഗ് വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കാനും, ബ്രാൻഡ് നാമങ്ങൾ ഓൺലൈനിൽ പരിശോധിക്കാനും നിർദ്ദേശം നൽകി. കൂടാതെ പലസ്തീനിൽ നിന്നോ മറ്റ് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നോ ലഭിക്കുന്നവ മാത്രം തിരഞ്ഞെടുക്കാനുമാണ് ഉപഭോക്താക്കളോട് സർക്കാർ നിർദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: