പത്തനംതിട്ട: തിരുവല്ലയില്‍ പത്തുവയസുകാരനായ മകന്റെ ശരീരത്തില്‍ എംഡിഎംഎ ചെറുകവറുകളിലാക്കി ഒട്ടിച്ചശേഷം വില്‍പനയ്‌ക്ക് ഉപയോഗിച്ച മുഹമ്മദ് ഷെമീറിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ചെയ്തു. കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാലനീതി നിയമപ്രകാരം കേസ് എടുത്തത്.
പത്തുവയസ്സുകാരനെ ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയെന്ന പരാതിയിലാണ് കുട്ടിയുടെ അമ്മയുടെ മൊഴി അനുസരിച്ച് തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതിയും കുട്ടിയുടെ അമ്മയും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്. കഴിഞ്ഞ ആ റു മാസമായി മുഹമ്മദ് ഷെമീർ ജില്ലാ ഡാൻസാഫ് ടീമിന്റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു.
തിരുവല്ലയിലെ പ്രഫഷണൽ കോളേജ് വിദ്യാർത്ഥികൾക്ക് അരികിലേക്ക് മയക്കുമരുന്ന് പ്ലാസ്റ്റിക് കവറിലാക്കി മകന്റെ ശരീരത്തില്‍ സെല്ലോടേപ്പുവെച്ച് ഒട്ടിച്ച് എത്തിച്ച് വിൽക്കുകയായിരുന്നു ഇയാളുടെ രീതി. കുട്ടിയുമായി കാറിലോ ബൈക്കിലോ വില്‍പ്പനയ്‌ക്കുപോവുകയായിരുന്നു പ്രതിയുടെ പതിവ്. എന്തോ ഒരു വസ്തു പിതാവ് ശരീരത്തില്‍ ഒട്ടിച്ചുവെക്കുന്നു, പിന്നീട് എടുത്തുമാറ്റുന്നു എന്നുമാത്രമാണ് കുട്ടി മനസ്സിലാക്കിയിരുന്നത്.
ലഹരിവില്‍പ്പനയ്‌ക്കിടെ പോലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാനാണ് മകനെ മറയാക്കിയിരുന്നത്. പ്രതി നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച തിരുവല്ല കോടതിയില്‍ സമര്‍പ്പിക്കും.
എറണാകുളത്തുനിന്ന് എത്തിക്കുന്ന എംഡിഎംഎ രണ്ടോ മൂന്നോ ഗ്രാം അടങ്ങുന്ന പക്കറ്റിലാക്കി തിരുവല്ലയിലും പരിസരങ്ങളിലുമുള്ള സ്‌കൂള്‍, കോളേജ് കേന്ദ്രീകരിച്ചാണ് ഇയാള്‍ വില്‍പ്പനനടത്തിയിരുന്നതെന്ന് ഡി.വൈഎസ്.പി. എസ്.അഷാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: