ഹാസ്യ കഥാപാത്രങ്ങള്‍ക്ക് അഭിനയ മുഹൂര്‍ത്തങ്ങളുടെ ചലനാത്മകത നല്‍കി, ഹൃദയത്തിന്റെ കണ്ണാടി പ്രേക്ഷക മനസ്സുകളിലേക്ക് തിരിച്ചുവെച്ച പ്രസിദ്ധ നടി കല്‍പ്പനയുടെ വേര്‍പ്പാടിന് 9 വര്‍ഷം. ആവര്‍ത്തന വിരസകളില്ലാത്ത അഭിനയം കാഴ്‌ച്ചവെച്ചും, ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചും തിയ്യറ്ററുകളില്‍ പ്രേക്ഷകന്റെ പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നാണ് അഭിനയ കലയുടെ പടവുകള്‍ കല്‍പ്പന അനായാസം കയറിപ്പോയത്. എഴുപതുകളുടെ അവസാനത്തില്‍ ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് നാല് പതിറ്റാണ്ടോളം പ്രേക്ഷകരെ ചിരിപ്പിച്ച കല്‍പ്പന, 2016 ജനുവരി 25 ന് ഒരു തിങ്കളാഴ്‌ച്ച 51-ാം വയസ്സില്‍ ഹൈദ്രാബാദില്‍വെച്ചാണ് നിത്യ നിദ്രയിലേക്ക് ആഴ്ന്നിറങ്ങിയത്.
ഒരു പ്രധാന നടിയാകുക എന്ന ലക്ഷ്യത്തോടെ സിനിമയിലെത്തിയ കല്‍പ്പന, ഹാസ്യ വേഷങ്ങളിലൂടെയാണ് പ്രേക്ഷകരെ കീഴടക്കിയത്. നടന വൈഭവത്തില്‍ നിരൂപകരെപോലും നിശ്ശബ്ദമാക്കി, നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ കല്‍പ്പന നിറഞ്ഞുനിന്നു.
നാടക പ്രവര്‍ത്തകരായ വി.പി. നായരുടെയും, വിജയലക്ഷ്മിയുടേയും മകളായ കല്‍പ്പന, കുടുംബപരമായി ആര്‍ജ്ജിച്ചെടുത്ത കലാസമ്പത്തുമായി സിനിമയില്‍ ഹരിശ്രീ കുറിച്ച് വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലായി 300-ലധികം ചിത്രങ്ങളില്‍ പ്രേക്ഷകരെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്തു. 1977 ല്‍ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘വിടരുന്ന മൊട്ടുകള്‍’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് കല്‍പ്പന അഭ്രപാളിയില്‍ ഹരിശ്രീകുറിച്ചത്. സുരേഷ് ബാബു സംവിധാനം ചെയ്ത ‘ഉപ്പുകണ്ടം ബ്രദേഴ്സ്’ എന്ന ചിത്രത്തില്‍ നായികാ പ്രാധാന്യത്തോടെ ക്യാപ്റ്റന്‍ രാജുവിന്റെ ഭാര്യയായി ഉജ്ജ്വല പ്രകടനം കാഴ്‌ച്ചവച്ചാണ് കല്‍പ്പന പ്രേക്ഷകരെ കയ്യിലെടുത്തത്. 100 ദിവസത്തിലേറെ ആചിത്രം നിറഞ്ഞ സദസ്സിലോടി.
വ്യത്യസ്തമായ അഭിനയ ശൈലി കാഴ്‌ച്ചവച്ച് മലയാള സിനിമയില്‍ ഹാസ്യ റാണിയെന്ന അഭിമാന നാമത്തോടെ, പ്രേക്ഷകരെ നിഷ്പ്രയാസം കല്‍പ്പന കൈപിടിയിലൊതുക്കി. കല്‍പ്പനയും ജഗതിയും ചേര്‍ന്ന താരജോഡികളാണ് വെള്ളിത്തിരയിലെങ്കില്‍ ഹാസ്യത്തിന്റെ ഇടിമുഴക്കം സൃഷ്ടിക്കുമെന്ന് പ്രേക്ഷകര്‍ക്കറിയാം. ”പാവത്തുങ്ങള്‍ക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ!” എന്നു കല്‍പ്പന ജീവന്‍ നല്‍കിയ കഥാപാത്രം അഭ്രപാളിയില്‍ വിലപിക്കുമ്പോള്‍, പ്രേക്ഷകന്‍ അതോര്‍ത്ത് ചിന്തിച്ച് ചിരിച്ചു. വിഭവ സമൃദ്ധമായ ഓരോ മാസ്റ്റര്‍ പീസുകളും പ്രേക്ഷകര്‍ക്ക് സമൃദ്ധിയോടെ വിളമ്പിയാണ് മലയാള സിനിമയില്‍ കല്‍പ്പന ഹാസ്യറാണിപ്പട്ടം നേടിയെടുത്തത്. മരണത്തിന് കീഴടങ്ങുന്നതിനും മുന്‍പ് ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടി്ക്കുള്ള ദേശീയ അവാര്‍ഡുമായി കല്‍പ്പന യാത്രതിരിക്കുമ്പോള്‍, മലയാള പ്രേക്ഷകര്‍ക്ക് നഷ്ടമായത് ചിരിയുടെ തമ്പുരാട്ടിയെ മാത്രമായിരുന്നില്ല, കരുത്തുറ്റൊരു അഭിനേത്രിയെ കൂടിയായിരുന്നുവെന്ന് കാലംതെളിയിച്ചു.
ശുദ്ധഹാസ്യത്തിന്റെ നേര്‍കാഴ്‌ച്ചയായി മലയാള സിനിമയില്‍ നിറഞ്ഞുനിന്ന കല്‍പ്പന ‘തനിച്ചല്ല ഞാനി’ല്‍ റസിയ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയപ്പോള്‍ ചെറുതായല്ല പ്രേക്ഷകന്റെ ഉള്ളുലച്ചത്. അതുപോലെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ പങ്കജമെന്ന കുടുംബിനിയുടെ കഥാപാത്രത്തിന് ജീവന്‍ നല്‍കിയപ്പോഴും ഏത് റോളുകളും തന്റെ കയ്യില്‍ ഭദ്രമാണെന്നും കല്‍പ്പന തെളിയിച്ചു. സംഭാഷണ ചാരുതയിലപ്പുറം ഭാവപ്രകടനത്തില്‍ മറ്റുപല നടീനടന്മാരില്‍നിന്നും കല്‍പ്പന വേറിട്ട് നിന്നു. കല്‍പ്പന ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ തൊടുത്തുവിടുന്ന ഓരോ സംഭാഷണ ശരങ്ങളും തിങ്ങിനിറഞ്ഞ പ്രേക്ഷകന്‍ കയ്യടിയോടെ എതിരേറ്റതും കല്‍പ്പനയ്‌ക്കുള്ള അംഗീകാരത്തിന്റെ അടയാളമായി മാറി.
”താന്‍ എന്നെക്കൊണ്ട് ഈര്‍ക്കിലയെടുപ്പിയ്‌ക്കു” മെന്ന് കസ്റ്റഡിയിലെടുത്തവരോട് ‘ഇഷ്ട’മെന്ന ചിത്രത്തില്‍ എസ്.ഐ മരിയാതോമസ് എന്ന കഥാപാത്രം കണ്ണിറുക്കി ഭീഷണിപ്പെടുത്തുന്ന രംഗമോര്‍ത്ത് പ്രേക്ഷകന്‍ പൊട്ടിപ്പൊട്ടി ചിരിച്ചു. 1977 ല്‍ തുടങ്ങിയ അഭിനയ തേരോട്ടം, ഇഷ്ടത്തിലെ എസ്.ഐ മരിയാ തോമസ്സിലൂടെ, 2012 ല്‍ സ്പിരിറ്റിലെ പങ്കജമാകുമ്പോഴേക്കും അഭ്രപാളിയുടെ ഉയരങ്ങള്‍ ഒട്ടേറെ താണ്ടിയിരുന്നു കല്‍പ്പന. ഇന്‍സ്പെക്ടര്‍ ബല്‍റാമിലെ എസ്.ഐ: ദാക്ഷായണിയെന്ന കുടുംബിനിയായ ഭാര്യയും, ഇഷ്ടത്തിലെ എസ്.ഐ: മറിയാമ്മ തോമസും പ്രേക്ഷകനെ ചെറുതായൊന്നുമല്ല ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും.
ഹാസ്യകഥാപാത്രങ്ങളുടെ അതേ തൂക്കത്തില്‍ ക്യാരക്ടര്‍ റോളുകളും ചെയ്ത് ഫലിപ്പിച്ചാണ് കല്‍പ്പന കാലയവനികയ്‌ക്കുലേക്ക് മാഞ്ഞുപോയത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാര്‍ളി’യാണ് കല്‍പ്പനയുടെ അവസാന ചിത്രം. മരിക്കുന്നതിനും ഒരാഴ്‌ച്ചമുന്‍പ് ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്തതായിരുന്നു, കല്‍പ്പനയുടെ അവസാനത്തെ പൊതുചടങ്ങ്. സഹോദരിമാരായ കലാരഞ്ജിനിക്കും ഉര്‍വശിക്കുമിടയില്‍ ഭംഗി കുറഞ്ഞവാളാണെന്ന തോന്നല്‍ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് പറഞ്ഞായിരുന്നു, പ്രസംഗത്തിന്റെ തുടക്കം. സ്‌കൂളിലെ ഏറ്റവും വികൃതികുട്ടിയായിരുന്ന തന്നോട്, എന്തിനാണ് സ്‌കൂളില്‍ വരുന്നതെന്ന് സഹികെട്ട് ടീച്ചര്‍മാര്‍ ചോദിച്ചപ്പോള്‍, ”വരാനാഗ്രഹമുമുണ്ടായിട്ടല്ല ടീച്ചര്‍, വീട്ടുകാര്‍ വിടുന്നതാണ്” എന്നായിരുന്നു ഉത്തരം. ”ഇവളെ സ്‌കൂളിലേക്ക് വിടേണ്ടെന്ന് ടീച്ചര്‍ക്കെങ്കിലും അച്ഛനോടൊന്ന് പറഞ്ഞു കൂടേ” എന്നുകൂടി കല്‍പ്പന കൂട്ടിചേര്‍ത്തപ്പോള്‍, വേദിയും സദസ്സും ഇളകി മറിഞ്ഞു. സിനിമയെ വെല്ലുംവിധം ചിരിയുടെ അമിട്ട് പൊട്ടിച്ചുകൊണ്ട് സ്വദസിദ്ധമായ രീതിയില്‍ തകര്‍പ്പന്‍ പ്രസംഗം കാഴ്‌ച്ചവെച്ച് തിങ്ങിനിറഞ്ഞ സദസ്സിന്റെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി ഹൈദ്രാബാദിലേക്ക് മടങ്ങിയ കല്‍പ്പന, അതിന്റെ മൂന്നാംനാള്‍ മരണത്തിന് കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: