കൂരിരുട്ടില്‍ ഒരു നുറുങ്ങ് വെളിച്ചം… മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായാലും മതി. ആ വെളിച്ചം നമുക്ക് നല്‍കുന്ന ആശയും ആവേശവും ചെറുതല്ല. പക്ഷേ ഇരുട്ടിലെ നുറുങ്ങുവെട്ടം കണ്ണഞ്ചിപ്പിക്കുന്ന പകല്‍ വെളിച്ചമായി മാറിയാലോ? ആ പ്രഭാപൂരം സ്ഥിരമായി രാത്രി മുഴുവന്‍ നീണ്ടുനിന്നാലോ? സംഗതി വലിയ പ്രശ്‌നമാവും. രാവും പകലും തിരിച്ചറിയാനാവാതെ ശരീരകോശങ്ങള്‍ കുഴങ്ങും. കോശങ്ങള്‍ ആശയക്കുഴപ്പത്തിലായാല്‍ ആരോഗ്യം തകരും.
അപ്പോഴാണ് കവി പാടിയ ഈരടികള്‍ ഏറെ അര്‍ത്ഥവത്താവുക-
”വെളിച്ചം ദുഃഖമാണുണ്ണി
തരസ്സല്ലോ സുഖപ്രദം”
കൃത്രിമ വെളിച്ചം മനുഷ്യ പുരോഗതിയുടെ വരദാനമാണ്. അതുകൊണ്ടാണല്ലോ നാം നാടും നഗരവുമെല്ലാം കൃത്രിമ വെളിച്ചം കൊണ്ട് നിറച്ചതും, രാത്രികളെ നാം പകലാക്കിയതും ഇടവഴിയും, പെരുവഴിയും അമ്പലവും ഉദ്യാനവും നഗരചത്വരങ്ങളുമെല്ലാം അങ്ങനെ രാവെളിച്ചത്തില്‍ ആറാടിയതും. എല്‍ഇഡി ബള്‍ബുകളുടെ വരവ് ആ വെളിച്ച വിപ്ലവത്തിന് ഗരിമ പകര്‍ന്നു. വന്യമൃഗ സങ്കേതങ്ങളിലെ നടപ്പാതകളെ പോലും നാം വെറുതെ വിട്ടില്ല.
പക്ഷേ രാവെളിച്ചത്തിന്റെ അമിതാഹ്ലാദം മനുഷ്യനിലുണ്ടാക്കിയേക്കാവുന്ന തിക്തഫലങ്ങള്‍ ആരും ഓര്‍ത്തില്ല. നാഡിഞരമ്പുകളുടെയും കണ്ണുകളുടെയും തലച്ചോറിന്റെയുമൊക്കെ പ്രവര്‍ത്തനത്തില്‍ അവ സൃഷ്ടിച്ചേക്കാവുന്ന ആശയക്കുഴപ്പങ്ങള്‍ ചിന്തിച്ചതുമില്ല. തേനീച്ച മുതല്‍ വവ്വാല്‍ വരെയുള്ള പരാഗികളുടെ ദിനചക്രവും ജീവിതചക്രവും തകരാറിലാക്കിയത് കണ്ടതുമില്ല. പൂച്ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും വിളകളുടെയും പൂവിടലിനെയും വിളയെയും അത് കുഴപ്പത്തിലാക്കുമെന്ന് അറിഞ്ഞതുമില്ല. തീര്‍ന്നില്ല, ഗ്രീന്‍ഹൗസ് മലിനവാതകങ്ങളുടെ ഉത്സര്‍ജനത്തിന് രാവെളിച്ചം ആക്കം കൂട്ടുകയും ചെയ്യും! അമിതമായ രാവെളിച്ചം എന്നാല്‍ പരിസ്ഥിതി ദുരന്തം എന്നു സാരം.
ലോകത്ത് ആകെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 19 ശതമാനവും ഉപയോഗിക്കുന്നത് രാവെളിച്ചം മോഹനമാക്കാനാണെന്ന് കണക്കുകള്‍ പറയുന്നു.
രാത്രിയിലെ പ്രകാശമലിനീകരണത്തെ ഡാര്‍ക്ക് സ്‌കൈ ഇന്റര്‍നാഷണല്‍ എന്ന സംഘടന നാലായി തിരിച്ചിട്ടുണ്ട്. നാമറിയാതെ വീടകത്തേക്ക് കടന്നുവരുന്ന വെളിച്ചം മുതല്‍ കണ്ണഞ്ചിപ്പിക്കുന്ന ഉജ്ജ്വല പ്രകാശവും ആകാശത്തിളക്കവും വരെ. നഗരമേഖലകളിലെ ചക്രവാളങ്ങളില്‍ നാം കാണുന്ന പ്രകാശ ദീപ്തി നക്ഷത്രങ്ങളെ കാണാനുള്ള മനുഷ്യന്റെ കഴിവ് കുറയ്‌ക്കുന്നു. വിദൂര ഗാലക്‌സികളില്‍നിന്ന് ഭൂമിയെ ലാക്കാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്ന പ്രക്രിയ ബുദ്ധിമുട്ടാക്കുന്നു.
പ്രകാശം വാരി വിതറുന്ന വിളക്കുമാടങ്ങളില്‍ ദിശ തെറ്റി ചെന്നിടിച്ച് നിരവധി ദേശാടനക്കിളികളാണ് കൊല്ലപ്പെടുന്നത്. രാപക്ഷികളുടെയും നിശാശലഭങ്ങളുടെയും അവസ്ഥയും മറിച്ചല്ല. രാത്രിയില്‍ ഇരപിടിക്കാനെത്തുന്ന പാവം രാപ്പക്ഷികളും ദിശ തെറ്റി ഇടിച്ച് വീണ് മരിക്കുന്നു. കീടങ്ങളെകൊണ്ട് വയറുനിറയ്‌ക്കുന്ന രാത്രിഞ്ചരന്മാരാവട്ടെ, പട്ടിണിയിലേക്ക് നീങ്ങാനും ഉജ്ജ്വലമായ ഈ രാവെളിച്ചം കാരണമാവുന്നു. നൂറ് മീറ്റര്‍ അകലെയുള്ള എല്‍ഇഡി വെളിച്ചം പോലും കടവാവലുകളുടെ ജീവിതക്രമത്തെ കീഴ്‌മേല്‍ മറിക്കുന്നു. അവയ്‌ക്ക് രാവും പകലും തിരിച്ചറിയാനാവതെ വരുന്നു. അവയുടെ വിശ്രമം പൂര്‍ണമായും നഷ്ടപ്പെടുന്നു.
ഇരുളിന്റെ മറവില്‍ തീരത്തെ പഞ്ചാര മണലില്‍ മുട്ടയിടാനെത്തുന്ന കടലാമകളുടെ സ്ഥിതി നാം ആലോചിച്ചുനോക്കുക. മുട്ട വിരിയുന്ന ആമക്കുഞ്ഞുങ്ങള്‍ ബീച്ചിലെ വെളിച്ചത്തില്‍ ഗതി മാറ്റി കടല്‍ കണ്ടുപിടിക്കാനാവാതെ കുഴഞ്ഞുവീഴുന്നു. പക്ഷികളുടെ ഇണചേരലും ആഹാര സമ്പാദനവും, ദേശാടനവുമൊക്കെ കുഴപ്പത്തിലാവുന്നു. പല പക്ഷികളുടെയും വംശനാശത്തിനു തന്നെ രാവെളിച്ചം വഴിവച്ചേക്കാം. പരാഗണത്തിലുണ്ടാകുന്ന വന്‍ വീഴ്ച കൊടിയ ഉല്‍പ്പാദന തകര്‍ച്ചയ്‌ക്ക് കാരണമാവുകയും ചെയ്യും.
സദാ കത്തിനില്‍ക്കുന്ന വഴിവിളക്കുകള്‍ക്ക് അടുത്തുനില്‍ക്കുന്ന വൃക്ഷങ്ങളുടെ സാധാരണ ജൈവപ്രക്രിയകള്‍ക്കു പോലും താളംതെറ്റുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ വീണത് വിദ്യയാക്കാന്‍ നമുക്കറിയാം! രാത്രിയില്‍ കൃത്രിമ വെളിച്ചം തുടര്‍ച്ചയായി നല്‍കിയ അകാലങ്ങളില്‍ പുഷ്പങ്ങള്‍ വിരിയിച്ചെടുക്കുന്ന ഏര്‍പ്പാടും നാം ആരംഭിച്ചിരിക്കുന്നു!
രാത്രിയിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം സ്തനാര്‍ബുദം ഉണ്ടാവാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായി ‘ഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ഫോര്‍ ഹെല്‍ത്ത് ജിയോഗ്രാഫിക്‌സ്’ പ്രസിദ്ധീകരിച്ച നിരീക്ഷണങ്ങളില്‍ ഊന്നിപ്പറയുന്നു. അല്‍ഷിമേഴ്‌സ് അടക്കമുള്ള രോഗങ്ങളുണ്ടാവാനും നിരന്തരമായ രാവെളിച്ചം കളമൊരുക്കുമത്രേ. പാരമ്പര്യവാഹകരായ ഡിഎന്‍എയില്‍ സംഭവിക്കാവുന്ന അപഭ്രംശം (മ്യൂട്ടേഷന്‍), ദഹനവ്യവസ്ഥയിലെ കുഴപ്പങ്ങള്‍, കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങള്‍, പ്രമേഹം, പൊണ്ണത്തടി, ഉറക്കമില്ലായ്മ, പ്രതിരോധ ശക്തിയില്‍ ഉണ്ടാവുന്ന തകരാറുകള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങള്‍ക്ക് നിലയ്‌ക്കാത്ത ഈ രാവെളിച്ചം കാരണമാവുമെന്ന് ഗവേഷകര്‍ പറയുന്നു. ‘സയന്‍സ്’, ‘ലാന്‍സെറ്റ്’ തുടങ്ങിയ ജേര്‍ണലുകളും സമാനപഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസമയത്തെ പ്രഭാപൂരിതമായ രാത്രി വെളിച്ചം ‘മെലാറ്റോണിന്‍’ എന്ന ഹോര്‍മോണിന്റെ താളംതെറ്റിക്കുമെന്നു ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. പകല്‍ സമയത്ത് ശരീരത്തില്‍ രൂപപ്പെടുന്ന ഈ ഹോര്‍മോണ്‍ രാത്രിയിലാണ് ശരീരത്തിലേക്ക് പ്രസരിക്കപ്പെടുന്നത്. അതും കണ്ണിലെ റെറ്റിനയിലുള്ള ഗാംഗ്ലിയോണ്‍ കോശങ്ങള്‍ സമയം രാത്രിയെന്ന് തിരിച്ചറിഞ്ഞ് സൂചന നല്‍കുമ്പോള്‍ മാത്രം. കണ്ണുകള്‍ക്ക് രാത്രിയായെന്ന് അറിയാന്‍ കഴിഞ്ഞില്ലെങ്കിലോ പണി പാളും. ശരീരത്തിലെ മറ്റ് പല ഹോര്‍മോണുകളും സ്രവങ്ങളുമൊക്കെ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഘടികാരത്തിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നവയാണ് എന്ന കാര്യം മറക്കാതിരിക്കുക.
ഈ സാഹചര്യത്തില്‍ ലോകത്തെ പല സര്‍ക്കാരുകളും രാവെളിച്ചം നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക് പ്രകാശ തീവ്രതയ്‌ക്ക് പരിധി വച്ചു. തെരുവ് വിളക്കിന്റെ വെളിച്ചം നിര്‍ദ്ദിഷ്ട സ്ഥലത്ത് മാത്രം പതിക്കത്തക്കവിധം കവചങ്ങള്‍ ഏര്‍പ്പെടുത്തി ആസ്‌ട്രേലിയ, ന്യൂസിലാന്റ്, സ്ലാവേനിയ, ക്രോയേഷ്യ തുടങ്ങിയ രാജ്യങ്ങളും അതേ വഴിക്ക് പ്രവര്‍ത്തിക്കുന്നു. ഇറ്റലി, ജര്‍മനി, അമേരിക്ക, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഒരു ഗവേഷക സംഘം കൃത്രിമ വെളിച്ചം സൃഷ്ടിക്കുന്ന ആകാശദ്യുതിയുടെ ഒരു ലോകമാപ്പു (അറ്റ്‌ലസ്) ഏതാനും മുന്‍പ് തയ്യാറാക്കിയിരുന്നു. അക്കൂട്ടത്തിലെ ഒരു ഗവേഷകരന്‍, ഡോ. ക്രിസ്റ്റഫര്‍ കൈബ അക്കൂടെ മറ്റൊരു പഠനവും നടത്തി: ഇതായിരുന്നു അതിന്റെ ഫലം-രാത്രിയില്‍ ആകാശത്ത് കാണാവുന്ന നക്ഷത്രങ്ങളുടെ എണ്ണം ഓരോ വര്‍ഷവും ഏഴു മുതല്‍ 10 ശതമാനം വരെ കുറഞ്ഞുവരികയാണ്. കാരണം, കൃത്രിമമായ രാവെളിച്ചത്തിന്റെ അതിപ്രസരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: