ഇനിവരും തലമുറയ്ക്കായി നമ്മള്
ഇനിയെന്ത് നല്കുവാന്
ബാക്കി വയ്ക്കും
കാലം കടന്നൊരു സ്മൃതി പഥങ്ങള്‍
കത്തിയമരുന്നു നീതി ശാസ്ത്രം
കാടുകള്‍ കയ്യേറി കുരുതിയാടി
കാടിന്റെ മക്കളെ കെണിയിലാക്കി
കാടുകള്‍ അരുവികള്‍ പോയ് മറഞ്ഞു
കാണാതെയായി ഋതുക്കളെല്ലാം
മലതുരന്ന് മാറുപിളര്‍ന്നവര്‍ നമ്മള്
മണ്ണളന്നടിവേരറുത്തവര് നമ്മള്
മലയന്റെ മനസ്സിന്റെ കണ്ണുനീര്
മലവെള്ളം പോലെ ഒഴുകിയിട്ടും
കണ്ടിട്ടും കാണാതെ പോയ നമ്മള്
കാലടിച്ചോട്ടിലെ മണ്ണും കവര്‍ന്ന്
കാണാക്കയത്തിലാഴ്ന്നിടുമ്പോള്
ഇനിയെന്ത് നല്കുവാന്
ബാക്കി വയ്ക്കും
പുകയാകെ നിറയും
ശ്വാസവായുവിന് തിരയും
അകമാകെ പകയുടെ
അര്‍ബുദം പരന്നിടും
ഇനിയെന്ത് നല്കുവാന്
ബാക്കി വയ്ക്കും
നിറങ്ങളില്ലാതെ
വര്‍ണ്ണ ശലഭങ്ങളില്ലാതെ
നിഴല്‍ പോലും കൂട്ടൊഴിഞ്ഞ
കാലത്ത്
ഇനിയെന്ത് നല്കുവാന്
ബാക്കി വയ്ക്കും
അതിരട്ട മതിലുകള്‍ ഹൃദയം പിളര്‍ത്തി
അകലുകയായി നമ്മളെല്ലാം
പരസ്പരം അറിയാതെയായി നമ്മളെല്ലാം
ഇനിവരും തലമുറയ്ക്കായി നമ്മള്
ഇനിയെന്ത് നല്കുവാന്
ബാക്കി വയ്ക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: