വക്രബുദ്ധിയില്‍ പ്രതിഭകളായിട്ടുള്ള ചില മാര്‍ക്സിസ്റ്റ് പണ്ഡിതന്മാരുണ്ട്. അവര്‍ക്ക് സ്റ്റാലിനെയും ഹിറ്റ്ലറെയും പോലെ മാര്‍ക്സിസത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കാന്‍ സാധിച്ചു. ഇവരാണ് തീവ്ര ഉത്തരാധുനിക ചിന്തകര്‍. വാസ്തവത്തില്‍ ഉത്തരാധുനികതയുടെ ഉപജ്ഞാതാവായ ജാക് ദറിദ തന്നെയാണ് വിജയം വരിച്ച ആദ്യത്തെ കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റ്. ദറിദയെ പിന്‍പറ്റിക്കൊണ്ടാണ് ഒട്ടനവധി ഇടതുപക്ഷ ചിന്തകരും ഭൗതിക വാദികളും നിരീശ്വരവാദികളും വ്യത്യസ്തങ്ങളായ തങ്ങളുടെ വൈജ്ഞാനിക മേഖലകളില്‍ ഉല്‍കൃഷ്ട മൂല്യങ്ങള്‍ക്കുമേല്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.
കള്‍ച്ചറല്‍ മാര്‍ക്സിസത്തിന്റെ യഥാര്‍ത്ഥ ദിഗ്വിജയി ദറിദയാണെന്നത് കൂടുതല്‍ പേരും അറിയാതെ പോകുന്നതിനു കാരണം ഒന്നാമതായി ദറിദയുടെ പുസ്തകങ്ങള്‍ മിക്കവാറും സാങ്കേതികപദജടിലമാണെന്നതാണ്. മറ്റൊരു കാരണം, ദറിദയ്‌ക്ക് മാര്‍ക്സിന്റെ അനുയായിട്ടോ മാര്‍ക്സിസത്തിന്റെ വ്യാഖ്യാതാവായിട്ടോ അറിയപ്പെടാന്‍ താല്‍പ്പര്യമില്ലായിരുന്നു. ദറിദയ്‌ക്ക് ഇടതുപക്ഷ രാഷ്‌ട്രീയ ചായ്വുണ്ടായിരുന്നെങ്കിലും ഒരു പ്രഖ്യാപിത മാര്‍ക്സിസ്റ്റല്ലായിരുന്നു. എന്നാല്‍ മാര്‍ക്സ് ദറിദയെ വളരെയധികം സ്വാധീനിച്ചിരുന്നുവെന്നത് പരക്കെ അംഗീകരിക്കുന്നതാണ്. ചില അവസരങ്ങളില്‍ ദറിദ മാര്‍ക്സിസത്തിന് പിന്തുണ നല്‍കുന്നതായും കാണാം. മാര്‍ക്സിസം മുന്നോട്ടു വച്ച വിമോചന സാധ്യതകളെ ‘സ്പെക്ടേഴ്സ് ഓഫ് മാര്‍ക്സ് ‘ എന്ന തന്റെ കൃതിയില്‍ ദറിദ പ്രശംസിച്ചിരുന്നു. എന്നാല്‍ പാരമ്പര്യ മാര്‍ക്സിസത്തില്‍, കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകള്‍ക്കെന്നപോലെ ദറിദയ്‌ക്കും താല്‍പ്പര്യമില്ലായിരുന്നു. ഇതിനൊക്കെ പുറമെ തന്റെ സിദ്ധാന്തം തികച്ചും പുതിയതാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മാര്‍ക്സിനെപ്പോലെ ദറിദയും ആഗ്രഹിച്ചിരുന്നു. മാര്‍ക്സിസം പുതിയ സിദ്ധാന്തമാണെന്ന് ഒരളവുവരെ ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മാര്‍ക്സിന് സാധിച്ചതു പോലെതന്നെ, ദറിദയ്‌ക്കും നവീന ആശയങ്ങളുടെ ഉപജ്ഞാതാവായി വാഴാന്‍ സാധിച്ചുവെന്നത് വിസ്മയാവഹമാണ്. വാസ്തവത്തില്‍ മാര്‍ക്സിന്റെയും ദറിദയുടെയും സിദ്ധാന്തങ്ങള്‍ക്ക് യാതൊരു മൗലികതയുമില്ല. മാര്‍ക്സിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ (Dialectical Materialism) വൈരുദ്ധ്യാത്മകത (Dialectic) വില്‍ഹെം ഫ്രെഡ്രിക്ക് ഹെഗലിന്റേതാണ്. ഭൗതിക വാദം (Materialism) രാമായണ കാലത്തെ ജാബാലി എന്ന പുരോഹിതന്‍ ശ്രീരാമനുനേരെ തൊടുത്തുവിട്ടതും, രാമന്റെ നിശിതമായ വാഗസ്ത്രങ്ങള്‍ കൊണ്ടു ഛേദിച്ചുകളഞ്ഞതുമായ വാദമാണല്ലോ. പില്‍ക്കാലത്ത് ചാര്‍വാകന്മാര്‍ ഈ വാദം വീണ്ടുമുയര്‍ത്തിക്കാട്ടിയെങ്കിലും, സത്യാന്വേഷികളുടെയും ധര്‍മ്മവാദികളുടെയും നാടായ ഭാരതത്തില്‍ ഭൗതിക വാദത്തിന് ഒട്ടുംതന്നെ മുന്നേറാനായില്ല. ഭാരതത്തിലെന്നപോലെ പുരാതന ഗ്രീസിലും ഭൗതിക വാദം കുറച്ചൊക്കെ പ്രചാരത്തിലുണ്ടായിരുന്നു. ലൂസിപ്പസ്, ഡെമോക്രിറ്റസ് എന്നിവരും സോഫിസ്റ്റുകളും ഭൗതിക വാദികളായിരുന്നു. അവിടെയും ഉല്‍കൃഷ്ട ചിന്തകന്മാരായിരുന്ന സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ എന്നിവര്‍ അതിനെ ഖണ്ഡിച്ചുകളഞ്ഞു. ആധുനിക കാലത്ത് പശ്ചാത്യ ഭൗതിക ശാസ്ത്രം അഭൂതപൂര്‍വ്വമായി വികാസം പ്രാപിച്ചതോടെ ജോണ്‍ ലോക്ക്, തോമസ് ഹോബ്സ്, ഡേവിഡ് ഹ്യും തുടങ്ങി അറിയപ്പെടുന്ന പല ചിന്തകരും ഭൗതിക വാദം പ്രചരിപ്പിക്കുകയുണ്ടായി. ഇവരില്‍ സോഫിസ്റ്റുകളും ചാര്‍വാകന്മാരും ഒഴികെ മറ്റ് ചിന്തകന്മാര്‍ ആരും തന്നെ ഭൗതികവാദ പ്രേരിതരായി സംസ്‌കാരിക മൂല്യങ്ങളെ തകര്‍ക്കാന്‍ ഉദ്യമിച്ചവരായിരുന്നില്ല. പക്ഷേ കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളും ദറിദയും അനുയായികളായ ഉത്തരാധുനിക ചിന്തകരും സംസ്‌കാരത്തിന്റെ മാനദണ്ഡങ്ങളെ കീഴ്മേല്‍ മറിക്കാന്‍ തുനിയുന്നവരാണ്.
ദറിദയും സൊസൂറും ഭാഷയുടെ ദ്വന്ദഗുണവും
മാര്‍ക്സിന്റെ പ്രത്യയശാസ്ത്രത്തെപ്പോലെതന്നെ ദറിദയുടെ പുതിയ ആശയമെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുന്ന ‘ഡിഫറാന്‍സ്’ (diffarance) നേരത്തെതന്നെ ഫെര്‍ഡിനന്റ് ദേ സൊസൂറിന്റെ ഘടനാവാദത്തില്‍ ഉള്‍പ്പെട്ടിരുന്നതാണ്. ഭാഷ അതിന്റെ സാരം എന്താണെന്ന് വ്യക്തമാക്കുന്നതോടൊപ്പം എന്തല്ലെന്നും ധ്വനിപ്പിക്കുന്നുണ്ടെന്ന് സൊസൂര്‍ ചൂണ്ടിക്കാണിച്ചു. ഭാഷയുടെ ഈ ദ്വന്ദ്വഗുണത്തെ ആദ്യമായി അവതരിപ്പിച്ചത് പുരാതന ഭാരതത്തിലെ നൈയ്യായികന്‍മാരാണ്. ഭാഷയില്‍ ശബ്ദങ്ങളെ വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നത് അവയുടെ ഭേദഭാവം കൊണ്ടാണെന്ന ഭാരതീയരുടെ ആശയമാണ് ദറിദ തന്റെ മൗലികമായ ആശയമെന്ന മട്ടില്‍ ‘ഡിഫറാന്‍സ്’ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയത്. മാത്രമല്ല, ഭാരതത്തിലെ വൈയ്യാകരണന്മാരില്‍ പ്രധാനിയായിരുന്ന ഭര്‍ത്തൃഹരിയുടെ സ്ഫോടവാദത്തിന്റെ നിഷേധം മാത്രമാണ് ദറിദയുടെ ഡിഫറാന്‍സിന്റെ നിര്‍വചനം മുഴുവന്‍. ഭര്‍ത്തൃഹരി ‘സ്ഫോട’ത്തെക്കുറിച്ച് എന്തൊക്കെ പറഞ്ഞുവോ അവയുടെയൊക്കെ വിപരീതം പറയുക മാത്രമാണ് ദറിദ ചെയ്തത്. മാര്‍ക്സ് ഹെഗലിന്റെ വൈരുദ്ധ്യാത്മക ആദര്‍ശവാദത്തെ (dialectical idealism) തലകീഴാക്കി വൈരുദ്ധ്യാത്മക ഭൗതികവാദം (dialectical materialism) അവതരിപ്പിച്ചതുപോലെ ദറിദ ഭാഷയുടെ അതീന്ദ്രിയ തത്ത്വമാകുന്ന ഭര്‍ത്തൃഹരിയുടെ ‘സ്ഫോട’ത്തെ കണ്ണുമടച്ച് നിഷേധിച്ചതിന്റെ ഫലം മാത്രമാണ് അദ്ദേഹത്തിന്റെ ‘ഡിഫറാന്‍സ്’ സിദ്ധാന്തം. ഇപ്രകാരം മാര്‍ക്സും ദറിദയും നിലവിലുണ്ടായിരുന്ന ആദര്‍ശ വാദങ്ങളെ മറിച്ചിട്ട് അവയുടെമേല്‍ ഭൗതിക വാദം സ്ഥാപിക്കാന്‍ ശ്രമിച്ചവരാണ്. മാര്‍ക്സ് അത് സാമ്പത്തികമായും രാഷ്‌ട്രീയമായും നടപ്പാക്കാന്‍ ആഹ്വാനം ചെയ്തു. ദറിദയാവട്ടെ സാംസ്‌കാരിക മേഖലകളില്‍ അത് സ്ഥാപിക്കുന്നതിനായി ഉത്തരാധുനികതയെന്ന പേരില്‍ സാഹിത്യത്തിലും തത്ത്വചിന്തയിലും നിലനിന്നിരുന്ന ആശയങ്ങളെ അപനിര്‍മിക്കുവാനാണ് ഉദ്യമിച്ചത്. ‘ഉത്തരാധുനികത’യുടെ പേരില്‍ ദറിദയെ പിന്തുടര്‍ന്ന മറ്റ് ഉത്തരാധുനികരും പാരമ്പര്യ മാര്‍ക്സിസത്തെ തിരുത്തിക്കൊണ്ട് കള്‍ച്ചറല്‍ മാര്‍ക്സിസത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്.
പാരമ്പര്യ മാര്‍ക്സിസത്തില്‍ നിന്ന് വ്യതിചലിച്ച് വിവിധ സാംസ്‌കാരിക രംഗങ്ങളില്‍ നിലവിലുള്ള അടിസ്ഥാന വ്യവസ്ഥകളെ അട്ടിമറിക്കുകയെന്ന ഒരേ ലക്ഷ്യം തന്നെയാണ് സാംസ്‌കാരിക മാര്‍ക്സിസ്റ്റുകള്‍ക്കും ഉത്തരാധുനികര്‍ക്കുമുള്ളത്. ‘സാംസ്‌കാരിക മാര്‍ക്സിസം’ എന്നത് ഒരു മിഥ്യാനാമമാണ്. ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇരുകൂട്ടര്‍ക്കും സംസ്‌കാരമാണ് വിഷയം എന്നുമാത്രം. ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യമെന്നത്, സമൂഹത്തില്‍ പരമ്പരാഗതമായി നിലനിന്നുപോരുന്ന ആത്മീയവും ധാര്‍മ്മികവുമായിട്ടുള്ള സദാചാരങ്ങളുടെ നേര്‍ക്ക് കണ്ണുപായിച്ച് അവയെ അപനിര്‍മാണ ശൈലിയില്‍ വ്യാഖ്യാനിച്ച് അവയ്‌ക്കു മേല്‍ ഭൗതികതയുടെ മേല്‍ക്കോയ്മ സ്ഥാപിക്കുകയെന്നതാണ്. ഈ ലക്ഷ്യത്തില്‍ വിജയം വരിച്ചു നില്‍ക്കുന്നത് ദറിദയാണ്. ദറിദ സംസ്‌കാരത്തിനു നേരെ പ്രയോഗിച്ച അപനിര്‍മാണ പദ്ധതി വാസ്തവത്തില്‍ സാമ്പത്തിക വ്യവസ്ഥിതിയെ അട്ടിമറിക്കുന്ന മാര്‍ക്സിന്റെ ശൈലിതന്നെയാകുന്നു. സാംസ്‌കാരിക മേഖലകളില്‍ ഭൗതിക വാദത്തിന്റെ മേല്‍ക്കോയ്മ ഉറപ്പിക്കുന്നതിലൂടെ ആധുനിക ചിന്തയുടെ ഗതി മാറ്റി ‘ഉത്തരാധുനികം’ ആക്കി മാറ്റിയത് ദറിദയുടെ ഈ ചിന്താപദ്ധതിയാണ്. ഈ പദ്ധതിയാവട്ടെ മാര്‍ക്സ് സമൂഹത്തിന്റെ ഉപരിപ്ലവതലത്തില്‍ മാത്രം ഒതുക്കിയിരുന്ന തത്ത്വചിന്ത, ഭാഷ, കലാസാഹിത്യം, സാഹിത്യ വിമര്‍ശനം എന്നിങ്ങനെയുള്ള സാംസ്‌കാരിക മേഖലകളെ സ്വാധീനിച്ചു നില്‍ക്കുന്ന അതിവിപുലമായ ഒന്നാണ്. ഈ പദ്ധതിയുടെ തന്നെ വേറിട്ടൊരു വിസ്തരണമാണ് കാള്‍ പോപ്പറിന്റെയും തോമസ് കൂണിന്റെയും മറ്റും ഭൗതിക ശാസ്ത്ര-രീതി വ്യാഖ്യാനങ്ങള്‍ (Philosophy of Science).
മാര്‍ക്സ് ഹെഗലിന്റെ ആശ്രിതന്‍ ജര്‍മന്‍ തത്ത്വചിന്തകനായിരുന്ന ഹെഗലിന്റെ പ്രസിദ്ധ സിദ്ധാന്തമാണ് ‘ഡയലക്ടിക്കല്‍ ഐഡിയലിസം’ അഥവാ വൈരുദ്ധ്യാത്മക ആദര്‍ശവാദം. ഈശ്വര വിശ്വാസിയായിരുന്ന ഹെഗലിന് ‘ഡയലക്ടിക്സ്’ എന്നത്, സൃഷ്ടിയെ ഏകമായിട്ടുള്ള ആത്മീയതത്ത്വവുമായി ബന്ധിപ്പിക്കുന്ന ഒരു ദര്‍ശനമാണ്. ദൈവിക തത്ത്വമായ ‘ആബ്സൊല്യൂട്ട് ഐഡ്യ’യുടെ ചലനമാണ് ദൃശ്യലോകത്തെ സംഭവ വികാസങ്ങള്‍ക്ക് കാരണമെന്നാണ് ഹെഗല്‍ വാദിച്ചത്. പ്രകൃതിയിലെ പ്രതിഭാസങ്ങളും മനുഷ്യമനസ്സിന്റെ വികാസവും സാമൂഹിക പുരോഗതിയും ചരിത്രവുമൊക്കെ ഈ അതീന്ദ്രിയ തത്ത്വത്തിന്റെ ചലനം മൂലമാണ് ഭവിക്കുന്നത്. ഈ ചലനത്തിന്റെ സ്വഭാവത്തെയാണ് ഹെഗല്‍ ‘ഡയലറ്റിക്സ്’ എന്നു വിശേഷിപ്പിച്ചത്. ആത്യന്തിക സത്യമാകുന്ന ഐഡ്യയില്‍ വൈരുദ്ധ്യമൊന്നുമില്ല. എന്നാല്‍ അതിന്റെ ചലനത്തിന്റെ ബാഹ്യപ്രകടനം വൈരുദ്ധ്യാത്മകമാണ്. ദൃശ്യലോകത്തിലെ ഓരോ വികാസവും വൈരുദ്ധ്യത്തിന്റെ ‘സിന്തസിസ്’ (ഉത്ഗ്രഥനം) ആയിട്ടാണ് ഹെഗല്‍ കണ്ടത്. ഏത് വ്യവസ്ഥയ്‌ക്കും (thesis) മാറ്റം വരണമെങ്കില്‍ അതിനൊരു പ്രതിരോധം (antithesis) ഉണ്ടാകണം. പ്രതിരോധത്തില്‍ നിന്നുണ്ടാകുന്ന ഓരോ സിന്തസിസും പുരോഗതിയാണ്. പക്ഷേ അതിലെത്താന്‍ പൂര്‍വ്വവര്‍ത്തിയായ അവസ്ഥ തകരണം. വിത്ത് പൊട്ടി വേണം ചെടി മുളയ്‌ക്കാന്‍ എന്നതുപോലെയാണിത്.
ദൃശ്യലോകത്തെ ആത്മീയ തത്ത്വവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ച ഹെഗലിന്റെ ആദര്‍ശവാദത്തെ (idealism) മാര്‍ക്സ് ഭൗതിക വാദത്താല്‍ (Materialism) മറിച്ചിട്ടു. അതിനാലാണ്, തലകുത്തി നിന്ന ഹെഗലിന്റെ സിദ്ധാന്തത്തെ തല നേരെയാക്കി നിര്‍ത്തുകയാണ് തങ്ങള്‍ ചെയ്തതെന്ന് മാര്‍ക്സും എംഗല്‍സും പറഞ്ഞത്. എന്നാല്‍ ഹെഗലിന്റെ വൈരുദ്ധ്യാത്മക രീതിയെ (ഉശമഹലരശേര)െ ആണ് മാര്‍ക്സ് സ്വീകരിച്ചത്. ഹെഗലിന്റെ സിദ്ധാന്തമനുസരിച്ച് പ്രകൃതിയിലും സമൂഹത്തിലും വ്യക്തിയിലും ഒരു ശക്തി വിശേഷത്തിന് വിരുദ്ധശക്തി ഉണ്ടാകുന്നത് സ്വാഭാവിക മാറ്റം മാത്രമായിരുന്നെങ്കിലും, മാര്‍ക്സ് ഇതിനെ സാമൂഹിക വ്യവസ്ഥയുടെ കരുതിക്കൂട്ടിയുള്ള അട്ടിമറിയ്‌ക്കും അക്രമ രാഷ്‌ട്രീയത്തിനും, തുടര്‍ന്നുണ്ടായ വംശഹത്യകള്‍ക്കും കൂട്ടക്കുരുതികള്‍ക്കും ഉപാധിയാക്കുകയാണുണ്ടായത്.
ഇപ്രകാരം ഹെഗലിന്റെ ആദര്‍ശത്തിന് പ്രായോഗികതലത്തില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും മാര്‍ക്സിസത്തിന്റെ പ്രത്യേക സാമ്പത്തിക-രാഷ്‌ട്രീയ ശൈലിയെന്നത് ഹെഗലിനെ ആശ്രയിച്ചുള്ളതാണ്. ഇതിനെക്കുറിച്ച് മുരളി പാറപ്പുറം ‘മലയാളി കാണാത്ത മാര്‍ക്സിന്റെ മുഖങ്ങള്‍’ എന്ന കൃതിയില്‍ ഇപ്രകാരം പറയുന്നു: ”മാര്‍ക്സിലൂടെയാണ് പലരും ഹെഗലിനെ കാണുന്നത്. എന്നാല്‍ ഹെഗലിനെ വന്‍തോതില്‍ ആശ്രയിക്കുന്ന മാര്‍ക്സിനെ കാണാതെ പോവുകയും ചെയ്യുന്നു… ഹെഗലിന്റെ ആശയങ്ങളെയാണ് താന്‍ മറ്റൊരു തരത്തില്‍ ഉപയോഗിക്കുന്നതെന്ന തിരിച്ചറിവ് മാര്‍ക്സിനുണ്ടായിരുന്നു. ഹെഗല്‍ ആശയവാദിയും മാര്‍ക്സ് ഭൗതിക വാദിയുമായിരുന്നു എന്ന പ്രസ്താവനകൊണ്ട് ലളിതമായി വിശദീകരിക്കാവുന്നതല്ല മാര്‍ക്സിന് ഹെഗലിനോടുള്ള ആശ്രിതത്വം. ”ഹെഗല്‍ തലകുത്തി നില്‍ക്കുകയാണ്, നിഗൂഢതയുടെ പുറംതോട് പൊട്ടിച്ച് സത്തപുറത്തു കൊണ്ടുവരുന്നതിന് അത് തിരിച്ചാക്കേണ്ടതുണ്ട്” എന്നു മാര്‍ക്സ് പറഞ്ഞത് ഒരര്‍ത്ഥത്തില്‍ അനാവശ്യമായിരുന്നു. അത്ര നിഗൂഢതയൊന്നും അതിലില്ലെന്ന് ഹെഗലിന്റെ ആശയങ്ങള്‍ പഠിക്കുന്നവര്‍ സമ്മതിക്കും…. പറയാനുള്ളത് ഹെഗല്‍ പറഞ്ഞു കഴിഞ്ഞിരുന്നു. മറ്റൊരാള്‍ അതിനുമേല്‍ അടയിരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.”
മാര്‍ക്സിസത്തിന്റെ മൗലികതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ‘വൈരുദ്ധ്യാത്മക ഭൗതിക വാദം’ എന്ന പ്രത്യയശാസ്ത്രത്തിലെ ഭൗതിക വാദവും വൈരുദ്ധ്യാത്മകതയും മാര്‍ക്സ് കടം കൊണ്ടതാകുന്നു. ഹെഗലിന്റെ ആദര്‍ശ വാദത്തെ മറിച്ചിട്ട് ഭൗതിക വാദം അതിനുമേല്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതിനു പുറമെ, ഹെഗലിന്റെ അതീന്ദ്രിയ തത്ത്വത്തിന്റെ രീതിയെ ആശ്രയിച്ചാണ് മാര്‍ക്സ് കമ്യൂണിസത്തിന്റെ ആശയം കെട്ടിപ്പടുത്തത്. എന്നിട്ടാണ് അതിന് ഭൗതിക ശാസ്ത്രത്തിന്റെ പദവി നേടിയെടുക്കാന്‍ മാര്‍ക്സും അനുയായികളും ശ്രമിച്ചത്. കാള്‍ പോപ്പര്‍ ചൂണ്ടിക്കാട്ടിയതു പോലെ അതീന്ദ്രിയ തത്ത്വങ്ങളുടെ തെറ്റും ശരിയും ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്ന സാമാന്യബോധം പോലും മാര്‍ക്സിനും ആരാധകര്‍ക്കും ഇല്ലാതെ പോയി. ഇതേ പ്രകാരം തന്നെയാണ് ജാക് ദറിദ അരിസ്റ്റോട്ടിലിനെയും സൊസൂറിനെയും പുരാതന ഭാരതീയ ഭാഷാ ശാസ്ത്രത്തെയും മറിച്ചിട്ട് അവയ്‌ക്കുമേല്‍ തന്റെ ഭൗതിക വാദം പണിതുയര്‍ത്തിയത്. ഇതിനായി ദറിദ ആശ്രയിച്ചത് ‘അപനിര്‍മാണം’ എന്ന മാര്‍ക്സിയന്‍ രീതിയെയാണ്.
(തുടരും)
(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: