ന്യൂദല്‍ഹി: പാകിസ്ഥാനും ചൈനയും തമ്മില്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടക്കുന്നതായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. പാകിസ്ഥാന്‍ ഉപയോഗിക്കുന്ന മിക്ക യുദ്ധഉപകരണങ്ങളും ചൈനീസ് നിര്‍മിതമാണ്. രണ്ട് രാജ്യങ്ങളില്‍ നിന്നുമുള്ള യുദ്ധഭീഷണി ഒരു യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമം സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു കരസേനാ മേധാവി.
അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതായുള്ള ഒരു സൂചനയും ലഭിച്ചിട്ടില്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചേക്കാം, നാം അതിനെ നേരിടാന്‍ തയ്യാറായിരിക്കണം. കഴിഞ്ഞവര്‍ഷം കൊലപ്പെടുത്തിയ ഭീകരവാദികളില്‍ ഭൂരിഭാഗവും, ഏകദേശം 60% പാകിസ്ഥാന്‍ വംശജരാണ്. ഇത് അയല്‍രാജ്യത്ത് നിന്ന് ഭാരതം നേരിടുന്ന തുടര്‍ച്ചയായ ഭീഷണിയെ അടിവരയിടുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഭീകരത നേരിടുന്നതില്‍ ഭാരതസൈന്യം ഗണ്യമായ നേട്ടം കൈവരിച്ചു. 2018 മുതല്‍ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ എണ്ണം 83% കുറച്ചു. കാശ്മീര്‍ താഴ്വരയില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് ഗണ്യമായി കുറഞ്ഞു. 45 പേര്‍ മാത്രമേ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുള്ളൂ. അതേസമയം വിനോദസഞ്ചാരത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായി, അമര്‍നാഥ് യാത്രയില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. സൈന്യത്തിന്റെ ശ്രമങ്ങള്‍ ടൂറിസം വിജയകരമാക്കി മാറ്റുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക