Article

അന്താരാഷ്‌ട്ര വനിതാദിനം:  *ശാക്തീകരിക്കാം, ഉയർത്താം, ത്വരിതപ്പെടുത്താം*

Published by

 ഡോ.ഡിന്നി മാത്യു 

2025 മാർച്ച് അഞ്ചിന് പത്രങ്ങളിൽ വന്ന ഒരു വാർത്തയുണ്ട് . “ജയിച്ചത് സ്ത്രീകൾ; പ്രതിജ്ഞ ചെയ്തത് ഭർത്താക്കന്മാർ” ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലെ പരാശ്വരാ ഗ്രാമപഞ്ചായത്തിലാണ് സംഭവം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പ്രതിജ്ഞ മാർച്ച് മൂന്നിന് നടന്നു .സത്യപ്രതിജ്ഞാ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ പ്രചരിച്ചതോടെ യാണ് ജില്ലാ അധികൃതർ കാര്യം അറിഞ്ഞത്. ഭാര്യമാർക്ക് പകരം ഭർത്താക്കന്മാരാണ് പ്രതിജ്ഞയെടുത്ത് അധികാരമേറ്റത്.ഉടൻ അന്വേഷണത്തിന് ഉത്തരവിട്ടു. പരാശ്വരയിൽ ജയിച്ച 11 പേരിൽ 6 പേർ സ്ത്രീകളായിരുന്നു .എന്നാൽ പഞ്ചായത്ത് സെക്രട്ടറിക്ക് മുന്നിൽ പ്രതിജ്ഞ ചെയ്യാൻ അവരെ ത്തിയില്ല. പകരം അവരുടെ ഭർത്താക്കന്മാരാണെത്തിയത്.വീണ്ടുമൊരു അന്താരാഷ്‌ട്ര വനിതാദിനം കടന്ന് വരുമ്പോഴും കാര്യങ്ങൾ പഴയപടി തന്നെ പലയിടത്തും നിലനിൽക്കുകയാണ്. സ്ത്രീ ശാക്തീകരണ രംഗത്ത് നാം പല നാഴികല്ലുകൾ പിന്നിട്ടെങ്കിലും ലിംഗസമത്വം ലക്ഷ്യത്തിലെത്താൻ ഇനിയും വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കാനും അവർ നേരിടുന്ന വെല്ലുവിളികളെ മറികടക്കാനും സാമൂഹിക പുരോഗതിയെ ത്വരിതപ്പെടുത്താനും ശക്തമായ നടപടികൾ സ്വീകരിക്കേണ്ട ആവശ്യകത എന്നും പ്രസക്തമാണ്.അതുകൊണ്ടാണ് “പ്രവർത്തനം ത്വരിതപ്പെടുത്തുക” (Accelerate Action )എന്ന മുദ്രാവാക്യം 25ലെ വനിതാ ദിനത്തിന്റെ ആപ്തവാക്യമായി സ്വീകരിച്ചിട്ടുള്ളത്.’

സമത്വത്തിനായി ശക്തമായ നടപടികൾ വേഗത്തിൽ കൈക്കൊള്ളണമെന്നാണ് ഈ പ്രമേയത്തിലൂടെ വ്യക്തമാക്കുന്നത്.സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ,വിവിധ പ്രതിഭകളെ കണ്ടെത്തൽ, സ്ത്രീകൾക്ക് നേതൃസ്ഥാനങ്ങളിൽ പ്രവേശനം, ആരോഗ്യപരമായി തീരുമാനമെടുക്കാനുള്ള അവകാശം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പരിശീലനം എന്നീ തലങ്ങളിൽ വേഗത്തിൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.പല രാജ്യങ്ങളിലും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാൻ കുടുംബത്തിലും സമൂഹത്തിലും വിലക്കുകൾ നേരിടേണ്ടി വരുന്നുണ്ട്. രാഷ്‌ട്രീയത്തിലും നേതൃ സ്ഥാനങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം ഇപ്പോഴും വളരെ കുറവാണ്. സ്ത്രീകളെ മത്സരിപ്പിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എത്തിക്കുന്നുണ്ടെങ്കിലും പുരുഷ മേധാവിത്വത്തിന്റെ നിഴലുകളിൽ ഒതുക്കപ്പെട്ടു പോകുന്നുണ്ട് ചിലർ. കഴിവ് തെളിയിച്ചവർ സംവരണത്തിലൂടെയല്ലാതെ തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. പ്രാഗത്ഭ്യം തെളിയിച്ചവർ ധാരാളമുണ്ട്.

സ്ത്രീകളുടെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, വെല്ലുവിളികള്‍ തിരിച്ചറിയുക, സ്ത്രീകളുടെ അവകാശങ്ങളിലും ലിംഗസമത്വത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് അന്താരാഷ്‌ട്ര വനിതാദിനത്തിന്റെ (IWD) ലക്ഷ്യം. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്‌ട്രീയ നേട്ടങ്ങള്‍ ആഘോഷിക്കുന്ന ഒരു ആഗോളദിനമാണിത്. എല്ലാ മേഖലകളിലും   സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള ആഹ്വാനമാണീ ദിനം നല്കുന്നത്.  ഓരോ വനിതാദിനവും സ്ത്രീത്വത്തിന്റെ ആഘോഷവും സ്ത്രീശാക്തീകരണം ലോകത്ത് അടയാളപ്പെടുത്തുന്ന ദിനവുമാണ്.

എല്ലാവര്‍ക്കും തുല്യത കൈവരിക്കുന്നതിന് നാം പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം. അവബോധത്തില്‍ നിന്ന് പ്രകടമായ മാറ്റങ്ങളിലേക്ക് നീങ്ങാന്‍ വനിതാ ദിന പ്രമേയം നമ്മെ പ്രേരിപ്പിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും നേട്ടങ്ങള്‍ ആഘോഷിക്കുക മാത്രമല്ല ,നമ്മള്‍ കാണാനാഗ്രഹിക്കുന്ന ഭാവിസൃഷ്ടിച്ചെടുക്കലാണ് ലക്ഷ്യം. ബോധപൂര്‍വ്വം ആ സൃഷ്ടി സംജാതമാക്കണം .എല്ലാവര്‍ക്കും തുല്യഅവകാശങ്ങളും അവസരങ്ങളും തുറന്നു കൊടുക്കുന്നതിലും ശാശ്വതമാറ്റത്തിനുള്ള ഉത്തേജകങ്ങളായി അടുത്ത തലമുറയെ ശാക്തീകരിക്കുന്നതിലും  നാം ശ്രദ്ധ കേന്ദ്രീകരിക്കണം.

വൈവിധ്യം, തുല്യത, ഉള്‍പ്പെടുത്തല്‍, സ്വന്തമാകല്‍ എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത ത്വരിതപ്പെടുത്തണം .പക്ഷപാതങ്ങള്‍ക്കെതിരെ ധൈര്യത്തോടെ സംസാരിക്കാം, ജോലിസ്ഥലത്ത് ശമ്പള തുല്യതക്കായി വാദിക്കാം, പരസ്പരം സഹാനുഭൂതിയോടെ പ്രത്യക്ഷപ്പെടാം, ഉള്‍പ്പെടുത്തലിനെക്കുറിച്ച് ശബ്ദമുയര്‍ത്താം. അങ്ങനെ വൈവിധ്യമാര്‍ന്നതും തുല്യവും ഉള്‍ക്കൊള്ളുന്നതുമായ ഒരു ലോകം കെട്ടിപ്പടുക്കാം. അവകാശങ്ങള്‍ക്കായി നിരന്തരം പോരാടാം. ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പോരാളികളായി മാറാം.

എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവകാശങ്ങള്‍, സമത്വം, ശാക്തീകരണം എന്ന ഐക്യ രാഷ്‌ട്രസഭയുടെ പ്രമേയവുമായി പൊരുത്തപ്പെടുന്ന പ്രോഗ്രാമാണ് അന്താരാഷ്‌ട്ര വനിതാദിനം. നില നില്‍ക്കുന്ന അസമത്വങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനും സമത്വത്തിന് അനുകൂലമായി ശബ്ദമുയര്‍ത്തു ന്നതിനുമുള്ള ആക്ടിവിസത്തിന് അവസരമൊരുക്കുന്ന നിര്‍ണ്ണായക സന്ദര്‍ഭമാണിത്.

സാമ്പത്തിക അസമത്വം, രാഷ്‌ട്രീയ പ്രാതിനിധ്യക്കുറവ്, ലിംഗാധിഷ്ടിത അക്രമം, ഗാര്‍ഹിക പീഡനം, ശൈശവവിവാഹം, സ്ത്രീധനം, കുറഞ്ഞ വേതനം, സാമൂഹിക നീതികേടുകള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്.  വികലമായ കാഴ്ചപ്പാടുള്ള ഒരു സമൂഹവും മതങ്ങളും സാമൂഹിക കെട്ടുപാടുകളുമൊ ക്കെ സ്ത്രീ മുന്നേറ്റത്തിനുള്ള വിലങ്ങുതടികളായി ഇന്നും നിലകൊള്ളുന്നു .സ്ത്രീയും പുരുഷനും ഒപ്പം എത്താനുള്ള മത്സരിക്കലല്ല, മറിച്ച് എല്ലാ സവിശേഷ കഴിവുകളും ഉൾക്കൊണ്ടു കൊണ്ട് പൂർണമായ വളർച്ചയിലേക്കും വികസനത്തിലേക്കും എത്തിപ്പെടുക എന്നതാണ് സ്ത്രീശാക്തീകരണം കൊണ്ട് അർത്ഥമാക്കേണ്ടത്. ജീവിതത്തെ സ്വാധീനിക്കുന്ന നിയമങ്ങള്‍, ചട്ടങ്ങള്‍, സാമൂഹികക്രമങ്ങള്‍ എന്നിവയില്‍ സൃഷ്ടിപരമായ മാറ്റങ്ങള്‍ക്ക് അവസരമൊരുക്കണം. നേട്ടങ്ങള്‍ വിലയിരുത്തി, തടസ്സങ്ങള്‍ തിരിച്ചറിഞ്ഞ്, ലിംഗസമത്വഭാവിയിലേക്കുള്ള സുപ്രധാന നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പ്രതിബദ്ധത പുതുക്കാനുള്ള അവസരമാണിത്.

“ലോകം അഭൂതപൂര്‍വ്വമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷെ, ഒരു രാജ്യവും ലിംഗസമത്വം നേടിയിട്ടില്ല”. ഐക്യരാഷ്‌ട്രസഭയുടെ തുറന്നുപറച്ചിലാണിത്. 2030 ഓടെ ലിംഗ സമത്വം എന്ന ലക്ഷ്യം ഐക്യരാഷ്‌ട്രസഭ നിശ്ചയിച്ചിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച് പുരുഷന്മാരെ അപേക്ഷിച്ച് 23 ശതമാനം വരുമാനമാണ് സ്ത്രീകള്‍ നേടുന്നത്. ലോകമെമ്പാടുമുള്ള പാര്‍ലമെന്റ് സീറ്റുകളില്‍ 24 ശതമാനം സീറ്റുകളെ സ്ത്രീകള്‍ക്ക് കൈവശപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളൂ. സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ്  അന്താരാഷ്‌ട്ര വനിതാദിനാചരണം ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ചത്.

ആഗോളവികസനത്തില്‍
സ്ത്രീകള്‍ക്ക് പൂര്‍ണവും തുല്യവുമായ പങ്കാളിത്തം നേടാന്‍ ഐക്യരാഷ്‌ട്രസഭ സഹായകമായ നിലപാടുകള്‍ സ്വീകരിച്ചു പോരുന്നുണ്ട്. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്‌ട്രീയ ജീവിതത്തിലെ  സ്ത്രീകളുടെ നേട്ടങ്ങളെ ആദരിച്ചും ജീവിതത്തിലെ എല്ലാ മേഖലകളിലും ലിംഗസമത്വത്തിനായി പോരാടിയും ശമ്പള വ്യത്യാസം, അധികാരസ്ഥാനങ്ങളിലെ പ്രാതിനിധ്യകുറവ്, വിദ്യാഭ്യാസ പ്രവേശനം തുടങ്ങിയവയിലെ അസമത്വങ്ങള്‍ എന്നിവ തുറന്നുകാണിച്ചും അവ നേടിയെടുത്തും പോരാട്ടം
തുടരാം. പരസ്പരം ഉയര്‍ത്താനും ശാക്തീകരിക്കാനും പിന്തുണക്കാനും നമുക്ക് സാധിക്കട്ടെ.,

ലോകത്തെ പ്രകാശമാനമാക്കുന്ന വനിതാരത്‌നങ്ങള്‍ക്ക് വനിതാദിനാശംസകള്‍.

(സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍ റീജിയണല്‍ മാനേജരും എറണാകുളം വിമന്‍ വെല്‍ഫെയര്‍ സര്‍വ്വീസസ് സെക്രട്ടറിയുമാണ് ലേഖിക. Mob: 9447987282)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by