Kerala

അരിപ്പ ഭൂസമരം പോലീസിനെ ഉപയോഗിച്ച് തകർക്കാൻ നീക്കം; നേതാക്കൾക്കെതിരെ കാപ്പ ഭീക്ഷണി, വനിത ദിനത്തിൽ സമരക്കാരുടെ പ്രതിഷേധ ധർണ്ണ

Published by

കുളത്തുപ്പുഴ: ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പതിമൂന്ന് വർഷമായി അരിപ്പയിൽ തുടർന്ന് വരുന്ന ഭൂസമരം പോലീസിനെ ഉപയോഗിച്ച് തകർക്കാൻ നീക്കം. ഭൂസമര നേതാവ് ശ്രീരാമൻ കൊയ്യോൻ ഉൾപ്പെടെയുള്ള സമര പ്രവർത്തകരെ കള്ള കേസ്സിൽ കുടുക്കി പീഡിപ്പിക്കുന്ന നടപടിക്കെതിരെ വനിത ദിനത്തിൽ കുളത്തൂപുഴ പോലീസ് സ്റ്റേഷന് മുന്നിൽ ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ പ്രായമായ അമ്മമാർ കുത്തിയിരിപ്പ് ധർണ്ണ നടത്തി.

അരിപ്പ ഭൂസമരം പരിഹരിക്കാമെന്നുള്ള റവന്യൂ മന്ത്രിയുടെ ഉറപ്പ് നിലനിൽക്കേ, ഭരണകക്ഷിയുടെ നേതൃത്വത്തിൽ പട്ടിക വിഭാഗത്തിൽപ്പെടാത്ത ചെറിയൊരു വിഭാഗത്തെ അടർത്തിയെടുത്ത് രാഷ്‌ട്രീയ മുതലെടുപ്പിന് സമരഭൂമിയിൽ നിരന്തരം സംഘർഷം സൃഷ്ടിച്ച് വരുന്നതായും പ്രതിഷേധക്കാർ പറഞ്ഞു. ഭൂസമരമാരംഭിച്ച കാലം മുതൽ അരിപ്പ ഭൂസമര പ്രവർത്തകരെ ഉപരോധിച്ചും , അക്രമിച്ചും അടിച്ചോടിക്കാൻ ശ്രമിച്ച ഭരണകക്ഷി പാർട്ടികളും , ജനപ്രതിനിധികളുമാണ് ഭൂസമരം പരിഹരിക്കുന്നതിന്റെ അന്തിമ ഘട്ടത്തിലും സംഘർഷത്തിന് നേതൃത്വം നൽകുന്നത്.

പട്ടികജാതി നേതാക്കൾക്കെതിരെ പൊതു വിഭാഗത്തിൽപ്പെട്ടവരെ ഉപയോഗിച്ച് പരാതി എഴുതി വാങ്ങികള്ള കേസ് ചുമത്തുകയും, രണ്ടിൽ കൂടുതൽ കേസ്സായാൽ കാപ്പ ചുമത്തി നാടുകടത്തുമെന്നാണ് പോലീസ് ഭീക്ഷണി. എന്നാൽ ഭൂസമരത്തിൽ ഉൾപ്പെട്ട പട്ടികജാതിക്കാർ ആക്രമിക്കപ്പെട്ടാൽ കേസ് ഒതുക്കി തീർക്കാൻ എം.എൽ.എയെ ഇടപ്പെടലുണ്ടാവുന്നതായി സമരക്കാർ ആരോപിച്ചു.

കുളത്തൂപുഴ പോലീസ് പട്ടിക വിഭാഗങ്ങളോട് കാണിക്കുന്ന നീതി നിഷേധത്തിനെത്തിരെ മാർച്ച് രണ്ടാം വാരം കൊട്ടാരക്കര റൂറൽ എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും, മതമൗലികവാദികളായ സാമൂഹ്യ വിരുദ്ധരെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്താൽ ആദിവാസി ദളിത് മുന്നേറ്റ സമിതി നേതാക്കളെ കാപ്പ ചുമത്തുന്നതിന് ഒത്താശ ചെയ്യുന്ന എം.എൽഎയുടെയും പാർട്ടി നേതാക്കളുടെയും വീട്ട് പടിക്കലേക്ക് കുടിൽ കെട്ടി സമരം നടത്തുമെന്ന് പോലീസ് സ്റ്റേഷൻ ധർണ്ണ ഉൽഘാടനം ചെയ്തു കൊണ്ട് ഏ.ഡി.എം എസ് ജില്ല പ്രസിഡണ്ട് മണി പി അലയമൺ പറഞ്ഞു. കുമാരൻ പുന്നല അദ്ധ്യക്ഷത വഹിച്ചു. സുലേഖ ബീവി, എൽ.പാപ്പൻ , ബേബി .കെ, സുനിൽ അച്ചൻകോവിൽ , പ്രഭാ സത്യൻ, അമ്മിണി ചെങ്ങറ പ്രസംഗിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by