പെട്രോവാക് (മോണ്ടെനെഗ്രോ): ചെസ്സില്‍ ലോകശക്തി ഇനി ഇന്ത്യയാണ് എന്നറിയിച്ചുകൊണ്ടാണ് ലോക ചെസ് കിരീടങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകുന്നത്. പണ്ട് റഷ്യയായിരുന്നു ചെസ്സിലെ ലോകശക്തി. പിന്നീട് 1972ല്‍ ചെസ്സില്‍ റഷ്യയുടെ മേധാവിത്വം തകര്‍ത്ത് അമേരിക്കയുടെ ബോബി ഫിഷര്‍ ലോക ചാമ്പ്യനായി. പിന്നീട് അമേരിക്ക ലോക ശക്തിയായി. അതിനിടെ യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും കടന്നുവന്നു. ഇനിയിപ്പോള്‍ ഇന്ത്യയുടെ യുഗമാണ്. അതിന്റെ തുടക്കമായിരുന്ന ലോകചാമ്പ്യനായുള്ള ഡി.ഗുകേഷിന്റെ അരങ്ങേറ്റം.
അതിന് പിന്നാലെ ലോക ചെസ് കിരീടങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകുകയാണ്. പ്രജ്ഞാനന്ദ ടാറ്റാ സ്റ്റീല്‍ ചെസ് ചാമ്പ്യനായി. അതുപോലെ അരവിന്ദ് ചിതംബരം കഴിഞ്ഞ ദിവസം പ്രാഗ് ചെസ് ചാമ്പ്യനായി. ഇതിന് പിന്നാലെ ഇതാ ലോക ജൂനിയർ ചെസ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് 18 വയസുകാരൻ പ്രണവ് വെങ്കടേഷ്. മാറ്റിച് ലോറെൻചിച്ചിനെതിരെ സമനിലയായതോടെയാണ് പ്രണവ് ചാമ്പ്യനായത്.
ഇദ്ദേഹവും തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്നാണ് എന്നതാണ് രസകരം. ഇന്ത്യയുടെ ചെസ് വിപ്ലവത്തിന്റെ തലസ്ഥാനം തമിഴ്നാടാണ് എന്ന് പറയേണ്ടിവരും. അഞ്ച് തവണ ചെസില്‍ ലോകകിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന വിശ്വനാഥന്‍ ആനന്ദിന്റെ തമിഴ്നാട്ടില്‍ നിന്നു തന്നെയാണ് അടുത്ത തലമുറയിലെ താരങ്ങളായ ഡി.ഗുകേഷ്, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം, പ്രണവ് വെങ്കടേഷ് എന്നിവരെല്ലാം കടന്നുവന്നിരിക്കുന്നത്. ഗുകേഷിനെപ്പോലെ, ചെന്നൈയിൽ നിന്നുള്ള പ്രണവ് ഇതിഹാസതാരം വിശ്വനാഥൻ ആനന്ദ് സ്ഥാപിച്ച വെസ്റ്റ്ബ്രിഡ്‌ജ്-ആനന്ദ് ചെസ് അക്കാദമിയിലെ അംഗമാണ്.
63 രാജ്യങ്ങളിൽ നിന്നായി 12 ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പടെ 157 താരങ്ങളെ പിന്നിലാക്കിയാണ് പ്രണവ് വെങ്കടേഷ് ലോക ജൂനിയര്‍ ചെസ് കിരീടം സ്വന്തമാക്കിയത്. 11 മത്സരങ്ങളിൽ ഒമ്പത് പോയിന്‍റുമായാണ് പ്രണവ് ഒന്നാമത് എത്തിയത്. ഒറ്റ ഗെയിം പോലും തോൽക്കാതെയാണ് അപൂർവമായ നേട്ടം കൗമാരക്കാരൻ നേടിയെടുത്തത്. രണ്ട് വര്‍ഷം മുന്‍പ് മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ലോകശ്രദ്ധനേടിയ താരം കൂടിയാണ് പ്രണവ്.
ഇതിന് മുന്‍പ് അഭിജിത് ഗുപ്ത ആണ് ചെസില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലോക ജൂനിയര്‍ ചാമ്പ്യനായത്. ഇപ്പോഴിതാ 17 വർഷത്തിന് ശേഷം ഈ നേട്ടം ഇന്ത്യയിലേക്ക് എത്തുകയാണ്. വിശ്വാനാഥൻ ആനന്ദ് (1987) പി ഹരികൃഷ്ണ (2004), അഭിജീത് ഗുപ്ത (2008) എന്നിവരാണ് ഇതിനു മുൻപ് ചാമ്പ്യന്മാർ ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: