Cricket

ടോസ് കളിക്കും ! ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനല്‍ നാളെ

Published by

ദുബായി: നാളെയാണ് ഒമ്പതാം ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം. മിനി ലോകകപ്പിന്റെ അന്തിമ പോരാട്ടത്തിന് ദുബായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം(ഡിക്‌സ്) അതിനായി ഒരുങ്ങിക്കഴിഞ്ഞു. ഭാരതവും ന്യൂസിലന്‍ഡും കലാശപ്പോരില്‍ മുഖാമുഖം വരുന്നു. മത്സരത്തിന്റെ വീറും വാശിയും നില്‍ക്കുമ്പോള്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഈ മത്സരത്തില്‍ ടോസ് നിര്‍ണായക സ്ഥാനം അലങ്കരിക്കും എന്നതാണ്. ക്രിക്കറ്റില്‍ ഇതിഹാസ പദവിയിലേക്കെത്തിയ മുന്‍കാല താരങ്ങള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. പിച്ച് തന്നെയാണ് അവരുടെയും വിഷയം. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് പ്രത്യേകിച്ച് മത്സരം രാത്രി സമയങ്ങളിലേക്ക് നീളുമ്പോള്‍ വലിയ തോതില്‍ ഗുണം ചെയ്യുന്ന സ്വഭാവമാണ് ഡിക്‌സ് പ്രകടമാക്കുന്നത്.
വെറുതെ ചര്‍ച്ചയ്‌ക്കുവേണ്ടി അഭിപ്രായം തട്ടിവിടുകയല്ല. മുന്‍കാല വസ്തുതകള്‍ നിരത്തിയാണ് വിഷയം ഗൗരവമാക്കിയിട്ടുള്ളത്.

ലോക ക്രിക്കറ്റില്‍ എക്കാലത്തും അധികായന്മാരായി നിറഞ്ഞുനിന്നിട്ടുള്ള ടീമാണ് ഓസ്‌ട്രേലിയ. പക്ഷെ ട്വന്റി20 ക്രിക്കറ്റില്‍ അവര്‍ അത്ര മേധാവിത്വം പുലര്‍ത്തിയിട്ടില്ല. എങ്കിലും 2021 ട്വന്റി20 ലോക കിരീടം നേടി. യുഎഇയും ഒമാനും സംയുക്തമായി ആതിഥ്യമരുളിയ ആ ലോകകപ്പ് ടൂര്‍ണമെന്റില്‍ 13 കളികളും ദുബായിലായിരുന്നു. ഒരു സെമിയും ഫൈനലും അടക്കം. ഇതില്‍ ഒരു മത്സരം മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത്. ഇത് ഒരു ഉദാഹരണം മാത്രം. കോവിഡ്-19 മഹാമേരി പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ 2020, 2021 ഐപിഎല്‍ സീസണുകള്‍ സംഘടിപ്പിച്ചത് യുഎഇയിലായിരുന്നു. അന്നും ഡിക്‌സില്‍ നടന്ന മത്സരങ്ങളില്‍ മിക്കതിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്.

ഇനി ഇത്തവണത്തെ ഐസിസി ചാമ്പ്യന്‍സ്‌ട്രോഫിയിലേക്കെത്തിയാല്‍ ഭാരതത്തിന്റെ കളികള്‍ മാത്രമാണ് ഇതുവരെ ഡിക്‌സില്‍ നടന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങള്‍ സെമിയില്‍ ഒന്ന്. നാല് മത്സരങ്ങളും ഭാരതം ജയിച്ചു. അതില്‍ മൂന്നും സ്‌കോര്‍ പിന്തുയര്‍ന്നുള്ള വിജയമായിരുന്നു.

ഇരുട്ടിത്തുടങ്ങുമ്പോള്‍ ദുബായിയില്‍ തണുപ്പ് ഏറി വരുന്നു. ഇത് ബൗളിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു. ഇതാണ് രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുന്ന ഡിക്‌സിലെ ഇപ്പോഴത്തെ കാലാവസ്ഥയുടെ പ്രധാന ഘടകം.
ബാറ്റര്‍മാര്‍ക്കും കാര്യമായ പ്രതിസന്ധി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഓസ്‌ട്രേലിയക്കെതിരായ സെമിയില്‍ ഭാരതത്തിന്റെ ബാറ്റിങ്ങില്‍ ഇത് വ്യക്തമായതാണ്. 264 റണ്‍സ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഓവറുകള്‍ കഴിയുന്തോറും ഡിക്‌സിലെ മൈതാനത്തിന്റെ ഔട്ട്ഫീല്‍ഡിന് വേഗത കുറഞ്ഞുവുന്നു. ബൗണ്ടറിയെന്ന് ഉറപ്പിച്ച ഭാരത ബാറ്റര്‍മാരുടെ പല ഷോട്ടുകളും ഇഴഞ്ഞാണ് ഡിക്‌സിലെ ടര്‍ഫിലൂടെ നീങ്ങിയത്. ഇത്തരം സാഹചര്യത്തില്‍ ഭാരതം, ഓസ്‌ട്രേലിയ പോലുള്ള ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ടീമുകള്‍ക്കേ അതിജീവിക്കാന്‍ സാധിക്കൂ എന്ന് കൂടി കണക്കിലെടുക്കേണ്ടതാണ്. കാലാവസ്ഥയിലെ വ്യതിയാനം ചിലപ്പോള്‍ പൊടുന്നനെ മാറിമറിഞ്ഞേക്കാം. കളിയുടെ സ്വഭാവത്തെയും അത് സ്വാധിനിക്കാം. 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മുതല്‍ ഇങ്ങോട്ട് തുടരെ ഭാരതം കളിച്ച 14 മത്സരങ്ങളിലും ടോസ് എതിര്‍ ടീമിനായിരുന്നു.

ഫൈനല്‍ ദുബായിലേക്കു മാറിയതോടെ പാകിസ്ഥാന്‍ ആതിഥേയത്വമരുളിയ ഐസിസി ടൂര്‍ണമെന്റിന് ആ പ്രാധാന്യം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാന്റെ മത്സരങ്ങള്‍ക്കു മാത്രമായിരുന്നു ഗാലറികള്‍ നിറഞ്ഞത്. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാന് ഇത്തരത്തിലൊരു ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്. അതിനിടെ, ഫൈനലില്‍ പങ്കെടുക്കുന്നതിന് ന്യൂസിലന്‍ഡ് ടീം മിനിയാന്ന് ദുബായിയിലെത്തി. ഇന്നലെ ഇരുടീമും പരിശീലനം നടത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by