കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്ന് കൈയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. കയ്യിലുണ്ടായിരുന്ന രണ്ട് എംഡിഎംഎ പാക്കറ്റുകളാണ് ഇയാൾ വിഴുങ്ങിയത്. ഉടനടി താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം. താൻ വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് പോലീസിനോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികളടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു. യുവാവ് ഓടുന്നതിനിടയില്‍ ഒരു പാക്കറ്റ് വിഴുങ്ങുന്നത് പോലീസ് കണ്ടിരുന്നു. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.
അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഷാനിദ് ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്. ഇയാൾക്കെതിരെ പോലീസ് എൻ ഡി പി എസ് ആക്ട പ്രകാരം കേസെടുത്തിരുന്നു. ഇതിന് മുമ്പും ഇയാൾക്കെതിരെ ലഹരിക്കേസുകൾ ചുമത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: