വാഷിങ്ടണ്‍: അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീന്‍സിന്റെ ഐഎം ദൗത്യത്തിന്റെ ഭാഗമായ അഥീന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങി. അമേരിക്കയില്‍ നിന്നുള്ള മൂന്നാമത് സ്വകാര്യ ലാന്‍ഡറായ അഥീന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് സോഫ്റ്റ്‌ലാന്‍ഡിങ് നടത്തിയത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സോഫ്റ്റ് ലാന്‍ഡിങ്.
പേടകം ലാന്‍ഡ് ചെയ്‌തെങ്കിലും ഇപ്പോള്‍ നേരെ നില്‍ക്കുകയല്ല എന്നാണ് വിവരം. ഭാരത സമയം രാത്രി 11:01 നാണ് പേടകം ചന്ദ്രനില്‍ ഇറങ്ങിയത്. പേടകത്തില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ഊര്‍ജ്ജം സോളാര്‍ പാനലുകളില്‍ നിന്ന് ഉത്പാദിപ്പിക്കാനാകുന്നില്ല. പേടകവുമായി ആശയവിനിമയത്തിലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ലാന്‍ഡിങ്ങിനിടെ അഥീന ലാന്‍ഡര്‍ മറിഞ്ഞുവീണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ സംഭവിച്ചോ എന്നത് വ്യക്തമല്ല.
ഇന്റ്യൂറ്റീവ് മെഷീന്‍സിന്റ തന്നെ ആദ്യ ചാന്ദ്ര ലാന്‍ഡറായ ഒഡീസിയസ് കഴിഞ്ഞവര്‍ഷം സമാന പ്രതിസന്ധില്‍ പെട്ടിരുന്നു. ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ സ്വകാര്യ ലാന്‍ഡര്‍ എന്ന നേട്ടം സ്വന്തമാക്കിയെങ്കിലും പേടകം കാലൊടിഞ്ഞ് അന്ന് മറിഞ്ഞുവീഴുകയായിരുന്നു. ഭാവിയില്‍ മനുഷ്യനെ ഇറക്കാന്‍ പദ്ധതിയിടുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് അഥീന പേടകം ഇറങ്ങിയിരിക്കുന്നത്.
ആറ് കാലുകളാണ് അഥീനയ്‌ക്കുള്ളത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് 160 കി.മീ ദൂരത്തായിരുന്നു ലാന്‍ഡിങ് നിശ്ചയിച്ചിരുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യം കണ്ടെത്തുന്നതിനടക്കം 11 പേലോഡുകളും ശാസ്ത്രീയ ഉപകരണങ്ങളുമാണ് അഥീനയിലുള്ളത്. ചന്ദ്രോപരിതലം തുരന്ന് ജലസാന്നിധ്യം പ്രൈം-1 എന്ന ഉപകരണം പരിശോധിക്കും. ചന്ദ്രോപരിതലത്തില്‍ നിന്ന് മൂന്നടി താഴേക്ക് കുഴിക്കാനും സാംപിള്‍ ശേഖരിക്കാനും ഈ ഉപകരണത്തിനാകും. ആകെ മൂന്ന് ലാന്‍ഡറുകളും ഒരു ഹോപ്പറുമുണ്ട്.
ഫെബ്രുവരി 26ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഇന്റ്യൂറ്റീവ് മെഷീന്‍സിന്റെ അഥീന ലാന്‍ഡര്‍ വിക്ഷേപിച്ചത്. മാര്‍ച്ച് രണ്ടാം തീയതി മറ്റൊരു സ്വകാര്യ അമേരിക്കന്‍ കമ്പനിയായ ഫയര്‍ഫ്‌ളൈ എയ്റോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍ ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: