തിരൂര്‍: താനൂരില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച റഹീം അസ്‌ളത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് തിരൂരില്‍ മടങ്ങിയെത്തിയപ്പോഴാണ് അസ്‌ളത്തെ പിടികൂടിയത്. എടവണ്ണ സ്വദേശിയായ ഇയാള്‍ പെണ്‍കുട്ടികളുടെ സുഹൃത്ത് ആണെന്നാണ് അവകാശപ്പെടുന്നത്.
കാണാതായ പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്താണ് താനെന്നാണ് അസ്‌ളം പോലീസിനോട് പറഞ്ഞത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ ആവശ്യപ്പെട്ട പ്രകാരം കൂടെ പോവുകയായിരുന്നു. വീട്ടില്‍ പ്രശ്‌നങ്ങളാണെന്നും ഇറങ്ങിപോവുകയാണെന്നും പെണ്‍കുട്ടി പറഞ്ഞപ്പോഴാണ് അസ്‌ളം കൂടെപോയതെന്നാണ് പറയുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണെന്നറിഞ്ഞിട്ടും അവരുമായി മുംബൈയിലേക്ക് കടന്നതിന് അസ്‌ളത്തിന് മറുപടിയില്ല. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ പെണ്‍കുട്ടികളെ ചോദ്യം ചെയ്ത ശേഷം തീരുമാനിക്കും.
ഇന്നലെ വൈകിട്ട് ഗരീബ് രഥ് എക്‌സ്പ്രസില്‍ പന്‍വേലില്‍ നിന്ന് പോലീസ് സംഘം പെണ്‍കുട്ടികളുമായി കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. ഉച്ചയോടെ തിരൂരിലെത്തുന്ന കുട്ടികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം വിശദമായ മൊഴിയെടുക്കും. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: