കോട്ടയം: മോഷണ മുതല്‍ വാങ്ങിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സ്വര്‍ണ വ്യാപാരി കസ്റ്റഡിയില്‍ മരിച്ചത് പോലീസ് മര്‍ദ്ദനം മൂലമാണെന്ന വ്യക്തമായ സൂചനകള്‍ പുറത്തുവരുന്നു. മണ്ണഞ്ചേരി പൊന്നാട് പണിക്കപറമ്പില്‍ രാധാകൃഷ്ണന് (63) ആണ് മരിച്ചത്. സംഭവത്തില്‍ മകന് രതീഷ് മുഖ്യമന്ത്രിക്കും പോലീസിലും നല്കിയ പരാതികളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. കടുത്തുരുത്തി എസ് എച്ച് ടി എസ് റെനീഷ് അടക്കമുള്ളവര്‍ക്കെതിരെയാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്.
രാധാകൃഷ്ണന്റെ ഇരുതോളിലും ഇടതുകാലിലും ചതവും പരുക്കും ഏറ്റിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പോലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് പരിക്കുണ്ടായതെന്നും വ്യക്തമാണ്. മര്‍ദ്ദിക്കുകയോ ചവിട്ടുകയോ ചെയ്താല്‍ ഉണ്ടാവുന്ന തരത്തിലുള്ള ചതവുകളാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടു വാരിയല്ലുകളും ഒടിഞ്ഞിട്ടുണ്ട്. ക്രൈബ്രാഞ്ച് എസ് പി ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം. സംഭവത്തില്‍ വിശ്വകര്‍മ്മ സംഘടനകള്‍ അടക്കം കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
കഴിഞ്ഞമാസം ആറിന് പോലീസ് കസ്റ്റഡിയിലായ രാധാകൃഷ്ണന് പിറ്റേന്ന് വൈകിട്ട് തെളിവെടുപ്പിനായി ജ്വല്ലറിയില്‍ എത്തിക്കുമ്പോഴാണ് നിലത്തു കുഴഞ്ഞു വീണത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: