ബീജിങ്: വ്യാളിയും ആനയും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട കാലമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ഭാരതവും ചൈനയും തമ്മിലുള്ള സഹകരണം പോസിറ്റീവായി മുന്നോട്ട് പോവുകയാണെന്നും ഏറ്റവും വലിയ അയല്‍ക്കാരെന്ന നിലയില്‍ ഇരുവരും പരസ്പ്പരമുള്ള വിജയത്തിനായി പിന്തുണ നല്‍കണമെന്നും വാങ് യി പറഞ്ഞു. വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഭാരതവുമായുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. യുഎസിന്റെ തീരുവ ഭീഷണിക്കിടെയാണ് ഭാരതവുമായുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ചൈനീസ് പ്രതികരണം.
ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ ഒന്നിച്ചാല്‍ രാജ്യാന്തര ബന്ധങ്ങളില്‍ ജനാധിപത്യവല്‍ക്കരണമുണ്ടാകുമെന്നും ഗ്ലോബല്‍ സൗത്തിന്റെ വികസനം സാധ്യമാകുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പൗരന്മാരുടെ അടിസ്ഥാന താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കണമെന്നും വാങ് യി പറഞ്ഞു.
നാലുവര്‍ഷം നീണ്ടുനിന്ന് ദോക് ലാം സംഘര്‍ഷം അവസാനിപ്പിച്ച് ഇരുസൈന്യങ്ങളും തമ്മില്‍ അതിര്‍ത്തി കരാര്‍ യാഥാര്‍ത്ഥ്യമായി മാസങ്ങള്‍ക്ക് ശേഷമാണ് ചൈനീസ് വിദേശകാര്യ മന്ത്രി രാജ്യങ്ങളുടെ സഹകരണത്തെപ്പറ്റി പറയുന്നതെന്നത് ശ്രദ്ധേയമായി. കഴിഞ്ഞ ഒക്ടോബറില്‍ റഷ്യയില്‍ നടന്ന മോദി-സീ ജിന്‍പിങ് കൂടിക്കാഴ്ചയോടെയാണ് അതിര്‍ത്തി കരാര്‍ യാഥാര്‍ത്ഥ്യമായത്. തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈന സന്ദര്‍ശിച്ചിരുന്നു. എസ് ജയശങ്കര്‍- വാങ് യി കൂടിക്കാഴ്ചയും കഴിഞ്ഞ മാസം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: