ന്യൂദല്‍ഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ ബൊഫോഴ്സ് കേസില്‍ പുനരന്വേഷണം വരും. ഇതിന് മുന്നോടിയായി അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് സിബിഐ അമേരിക്കയെ സമീപിച്ചു. ദല്‍ഹിയിലെ പ്രത്യേകകോടതിയുടെ ലെറ്റര്‍ റൊഗേറ്ററിയാണ് സിബിഐ അമേരിക്കക്ക് അയച്ചത്. ഒരു കേസ് സംബന്ധിച്ച് വിവരങ്ങള്‍ തേടി ഒരു രാജ്യത്തെ കോടതി മറ്റൊരു രാജ്യത്തെ കോടതിയിലേക്ക് അയക്കുന്ന രേഖാമൂലമുള്ള അഭ്യര്‍ത്ഥനയാണ് ലെറ്റര്‍ റൊഗേറ്ററി.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബൊഫേഴ്സ് തോക്കിടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാമെന്ന് അമേരിക്കന്‍ സ്വകാര്യ കുറ്റാന്വേഷകനായ മൈക്കിള്‍ ഹെര്‍ഷ്മാന്‍ 2017ല്‍ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അന്വേഷണം വഴിതിരിച്ചുവിട്ടെന്ന് പറഞ്ഞ അദ്ദേഹം അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും സിബിഐയുമായി വിവരങ്ങള്‍ പങ്കുവെക്കാമെന്നും പറഞ്ഞിരുന്നു.
1986 മാര്‍ച്ച് 24നാണ് സ്വീഡിഷ് ആയുധ കമ്പനിയായ എബി ബൊഫോഴ്സില്‍ നിന്ന് 155 എം.എം. ഹോവിറ്റ്സര്‍ തോക്കുകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ കരാറുണ്ടാക്കിയത്. 1,437 കോടിയുടെ ഇടപാടിനായി രാജീവ് ഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയനേതാക്കള്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കുമായി 64 കോടി കോഴ നല്‍കിയെന്നായിരുന്നു ആരോപണം. 1989ല്‍ പ്രതിപക്ഷം ബൊഫോഴ്സ് അഴിമതി തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാക്കിയതോടെ രാജീവും കോണ്‍ഗ്രസും പുറത്തായി. 1990ല്‍ സിബിഐ കേസ് ഏറ്റെടുത്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെ 1991 മെയ് 21 ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു.
ഇറ്റാലിയന്‍ വ്യവസായിയും ബൊഫോഴ്സ് ഇടനിലക്കാരനുമായ ഒട്ടാവിയോ ക്വത്റോച്ചി, മുന്‍ പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്ട്നഗര്‍, ബൊഫോഴ്സ് മേധാവി മാര്‍ട്ടിന്‍ ആര്‍ട്ബോ, ബൊഫോഴ്സ് കമ്പനി, ഇടനിലക്കാരനായ വിന്‍ ഛദ്ദ എന്നിവരെ പ്രതികളാക്കി 1999ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2000ല്‍ ഹിന്ദുജ സഹോദരന്മാരെ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു. 2004 ഫെബ്രുവരിയില്‍ ദല്‍ഹി ഹൈക്കോടതി രാജീവ് ഗാന്ധിയെ ഒഴിവാക്കി. ക്വത്റോച്ചി 2013 ജൂലൈയില്‍ മിലാനില്‍വെച്ച് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: