കൊലപാതക ആരോപണങ്ങളും നയതന്ത്ര പ്രശ്‌നങ്ങളും
ഒട്ടേറെ കൊലപാതക ആരോപണങ്ങളാണ് ഭാരതത്തിനെതിരെ ഉയര്‍ന്നത്. ഖാലിസ്ഥാന്‍ പ്രശ്‌നത്തെ ഭൗമരാഷ്‌ട്രീയ ഉപകരണമാക്കി ഭാരതത്തെ നിയന്ത്രിക്കാന്‍ ബൈഡന്റെ കാലത്ത് ശ്രമിച്ചു. 2023 ജൂണില്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതോടെയായിരുന്നു തുടക്കം. കൊലപാതകത്തില്‍ ഭാരതത്തിന് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ 2023 സെപ്തംബര്‍ 18ന് ആരോപിച്ചു. 2019 മുതല്‍ ഒട്ടേറെ സിഖ് ഭീകരര്‍ക്കെതിരെ ഭാരതം ഇന്റര്‍പോള്‍ സഹായം തേടിയിരുന്നതിനാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ആഖ്യാനങ്ങള്‍ക്കായി ഇതുപയോഗിച്ചു. 2024 ഒക്ടോബറില്‍ ട്രൂഡോ ഇതാവര്‍ത്തിച്ചു. ഭാരതവുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിയതിന് പുറമെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി. 2023 സെപ്തംബര്‍ 22ന്, അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കാനഡയെ പിന്തുണച്ചു. നിജ്ജാര്‍ കേസ് അന്വേഷണത്തില്‍ ഭാരതം സഹകരിക്കണമെന്നാവശ്യപ്പെട്ടു. നവംബറില്‍ സിഖ് ഭീകരന്‍ ഗുര്‍പത്വന്ത് സിങ് പന്നൂണിനെതിരായ ഭാരതത്തിന്റെ വധശ്രമം യുഎസ് തടഞ്ഞെന്ന് ബ്രിട്ടീഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്ത നല്‍കി. തുടര്‍ന്ന് ന്യൂയോര്‍ക് ടൈംസ്, അസോസിയേറ്റഡ് പ്രസ്സ്, ബിബിസി, ദി ഗാര്‍ഡിയന്‍, സിബിഎസ് ന്യൂസ് തുടങ്ങിയ ബ്രിട്ടീഷ്-അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്തയേറ്റെടുത്തു. ഭാരതത്തിലെ മാധ്യമങ്ങളും ഇത് പ്രചരിപ്പിച്ചു. ടൈം മാഗസിനും ചില ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും പന്നുവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു. ടൈം മാഗസിന്‍ സ്ഥാപകന്‍ ഹെന്റി ലൂസും അദ്ദഹത്തിന്റെ ഫൗണ്ടേഷനും വര്‍ഷങ്ങളായി മോദിയ്‌ക്ക് പിന്നാലെയുണ്ട്. ഭാരതത്തിലെ രാഷ്‌ട്രീയ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനായി അശോക സര്‍വ്വകലാശാലയും യുഎസിലെ മിഷിഗണ്‍ സര്‍വകലാശാലയും സംയുക്തമായി 15 കോടി രൂപ ചെലവില്‍ ‘ത്രിവേദി സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ഡാറ്റ’ (ടിസിഡിപി) എന്നൊരു സ്ഥാപനം തുടങ്ങിയിരുന്നു. ജാതി, ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളില്‍ ആഖ്യാന നിര്‍മാണത്തിനായിരുന്നു ഇവ. ‘കമ്മ്യൂണലൈസിങ്ങ് സിറ്റിസണ്‍ഷിപ് ഇന്‍ ഇന്ത്യ’ അഥവാ ‘ഇന്ത്യയിലെ വര്‍ഗീയവത്കരിക്കപ്പെടുന്ന പൗരത്വം’ എന്നതാണ് പൗരത്വ ഭേദഗതി നിയമം വിവാദമാക്കാന്‍ രൂപം നല്‍കിയ ഒരു പ്രൊജക്ട്. ഇതിനായി 120,000 യുഎസ് ഡോളറാണ് ഹെന്റി ലൂസ് ഫൗണ്ടേഷന്‍ നല്‍കിയത്. (1) ‘റിലീജിയന്‍, സിറ്റിസണ്‍ഷിപ് ആന്‍ഡ് ബിലോങ്ങിങ് ടു ഇന്ത്യ ‘അഥവാ ‘ഇന്ത്യയിലുള്ള മതം, പൗരത്വം’ (2) ‘റിലീജിയന്‍, എത്തിനിസിറ്റി ആന്‍ഡ് എമര്‍ജിങ് ഹിന്ദു വോട്ട് ഇന്‍ ഇന്ത്യ അഥവാ മതവും വംശീയതയും ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന ഹിന്ദു വോട്ടുകള്‍’ എന്നിവയായിരുന്നു മറ്റ് രണ്ടെണ്ണം. ഭാരത വിരുദ്ധര്‍ പണം നല്‍കി പടച്ചു വിടുന്ന ഇത്തരം ഹിന്ദു വിരുദ്ധ ആഖ്യാനങ്ങളില്‍ കണ്ണോടിക്കുന്നത്കൊണ്ടു മാത്രമാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് മഹാകുംഭിനെ ബിജെപി വോട്ട് വിഷയമെന്ന രീതിയില്‍ കാണാന്‍ സാധിക്കുന്നത്.
കാനഡയുടെ കൊലപാതക ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് ബ്രിട്ടനും ഇതേ സമയത്ത് ആവശ്യപ്പെട്ടു. 2024 ജൂണ്‍ 13 ന് ബ്രിട്ടണ്‍ കേന്ദ്രമായ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ റിസൈലീയന്‍സ് (സിഐആര്‍) ഭാരതം സിഖുകാരെ ആഗോള തലത്തില്‍ വേട്ടയാടുന്നുവെന്ന തലക്കെട്ടില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സ്വതന്ത്ര സ്ഥാപനമെന്ന് അവകാശപ്പെടുമ്പോഴും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭാഗമായ റോസ് ബര്‍ലി, ആദം റുട്‌ലാന്‍ഡ് എന്നിവര്‍ ചേര്‍ന്നാണ് സിഐആറിന് രൂപം നല്‍കിയത്. 2021ന് ആഗോളതലത്തിലെ സിഖ് ഗ്രൂപ്പുകള്‍ ഭാരത ദേശീയതയെ പരിപോഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന മറ്റൊരു റിപ്പോര്‍ട്ടിലൂടെ ഖാലിസ്ഥാന്‍ വാദത്തെ വെള്ളപൂശാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. തൊട്ടുപിന്നാലെ 2024 ജൂണ്‍ 17ന്, ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ (എബിസി) ഭാരതം കൊലപാതകം നടത്തിയെന്ന് ആരോപിക്കുന്ന ‘ചാരന്‍മാര്‍, രഹസ്യങ്ങള്‍, ഭീക്ഷണി: വിദേശത്തുള്ളവരെ മോദി സര്‍ക്കാര്‍ എങ്ങനെയില്ലാതാക്കുന്നു’ വെന്ന പേരില്‍ ഒരന്വേഷണ റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചു. ശേഷം കാനഡയെ പിന്തുണച്ച് 2024 ഒക്ടോബര്‍ 15ന്, ന്യൂസിലാന്‍ഡും രംഗത്തുവന്നു.
ഭാരതത്തെ വരുതിയിലാക്കാന്‍ ട്രാന്‍സ്‌നാഷണല്‍ റിപ്രഷന്‍
രണ്ടാം ലോക മഹായുദ്ധക്കാലം മുതല്‍ സോവിയറ്റ് യൂണിയന്‍, ചൈന തുടങ്ങിയ പാശ്ചാത്യ വിരുദ്ധ രാജ്യങ്ങള്‍ക്കെതിരെ പ്രയോഗിച്ചു വന്നൊരു തന്ത്രത്തിന്റെ തുടക്കമായിരുന്നു ഇത്. ‘അന്തര്‍ദേശീയ പീഡനം’ അഥവാ ‘ട്രാന്‍സ് നാഷണല്‍ റിപ്രഷന്‍’ (ടിഎന്‍ആര്‍) ആരോപണമെന്ന് ഇതറിയപ്പെടുന്നു. ലോകത്തെ ഏകാധിപത്യ രാജ്യങ്ങള്‍ തങ്ങളുടെ വിമര്‍ശകരെ ഇല്ലാതാക്കാന്‍ സ്വീകരിക്കുന്ന നടപടികളെ തുറന്നു കാട്ടുന്നതിനും ഈ രാജ്യങ്ങളെ താറടിച്ചു കാണിച്ചു സമ്മര്‍ദ്ദത്തിലാക്കുന്നതിനും പാശ്ചാത്യ രാജ്യങ്ങള്‍ ഉപയോഗിക്കുന്ന വിദേശ നയ ഉപകരണമാണിത്. പരസ്പരം രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറി ആഗോള തലത്തില്‍ ആഖ്യാനം ചമയ്‌ക്കുന്ന യുഎസ്എ, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ ‘പഞ്ച നേത്ര’ങ്ങളെന്നറിയപ്പെടുന്ന രാജ്യങ്ങളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ ടിഎന്‍ആര്‍ ആഖ്യാനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതത്തെയും 2020ല്‍ ഉള്‍പ്പെടുത്തി. ഇതിന്റെ ഭാഗമായാണ് കൊലപാതക ആരോപണങ്ങളുയര്‍ന്നത്.
ടിഎന്‍ആര്‍ ആരോപിച്ചു നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ യുഎസ് സര്‍ക്കാരും സ്വകാര്യ ഫൗണ്ടേഷനുകളും ധനസഹായം നല്‍കി. ഇതിന്റെ ഭാഗമായി പാശ്ചാത്യ-ഭാരത മാധ്യമങ്ങള്‍ ഭാരതത്തിനെതിരായി ടിഎന്‍ആര്‍ ആരോപണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഭാരതത്തിനെതിരായ നയതന്ത്ര സമ്മര്‍ദ്ദത്തിനും പൊതു അഭിപ്രായ രൂപീകരണത്തിനും പാശ്ചാത്യ രാജ്യങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ചു. ഇതിനായി ഖാലിസ്ഥാനി-ഇസ്ലാമിക ഗ്രൂപ്പുകളുള്‍പ്പെടെയുള്ളവരെ അന്താരാഷ്‌ട്ര പീഡനത്തിന്റെ ഇരകള്‍ക്ക് ഉദാഹരണങ്ങളായി ആഗോളതലത്തില്‍ അവതരിപ്പിച്ചു. ഒപ്പം ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദി നേതാക്കളെ ആക്ടിവിസ്റ്റുകളായി ചിത്രീകരിച്ചു. ഭാരതത്തിന് ഇവയൊന്നും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നില്ലെന്ന വാര്‍ത്തകളും പ്രചരിപ്പിച്ചു.
റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ പാശ്ചാത്യ താത്പര്യങ്ങള്‍ക്കൊപ്പം ഭാരതം ചേരാത്തത് അടക്കമുള്ള ഒട്ടേറെ കാരണങ്ങള്‍ ഇവയ്‌ക്ക് പിന്നിലുണ്ടാവാം. എങ്കിലും ബൈഡന്റെയും ഡെമോക്രാറ്റുകളുടെയും മറ്റ് താത്പര്യവും ഇതിലുണ്ടായിരുന്നു. സാധാരണ പാശ്ചാത്യ മാധ്യമങ്ങളാണ് ടിഎന്‍ആര്‍ നീക്കത്തില്‍ മുഖ്യപങ്കു വഹിക്കുന്നതെങ്കിലും ഭാരതത്തിനെതിരെ രംഗത്തുവന്നത് ഇസ്ലാമിസ്റ്റ് -ഖാലിസ്ഥാന്‍ വാദികളടക്കമുള്ള ശക്തികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: