വാഷിംഗ്‌ടൺ : ഇന്ത്യയ്‌ക്ക് കൈമാറാതിരിക്കാൻ അവസാന അടവുമായി 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ. ഇന്ത്യയ്‌ക്ക് കൈമാറുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ്ടും യുഎസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് റാണ .
പാകിസ്ഥാൻ വംശജനായ മുസ്ലീമായതിനാൽ ഇന്ത്യയിൽ താൻ പീഡിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്. നേരത്തെ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള തീരുമാനം യുഎസ് സുപ്രീംകോടതി ശരിവെച്ചിരുന്നു.
63 കാരനായ തഹാവൂർ റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ ഒരു ജയിലിലാണ്.175 പേരുടെ ജീവനെടുത്ത 26/11 മുംബൈ ഭീകരാക്രമണത്തിൽ തഹാവൂർ റാണയ്‌ക്കുള്ള പങ്കിന്റെ തെളിവുകൾ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് ലഭിക്കുകയും ചെയ്തതാണ്.
നിലവിൽ അമേരിക്കൻ സുപ്രീംകോടതിക്ക് റാണ നൽകിയ ഹർജിയിൽ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി കാര്യങ്ങളാണ് റാണ ചൂണ്ടിക്കാട്ടുന്നത്.കാർഡിയാക് അന്യൂറിസം, പാർക്കിൻസൺസ് രോഗം, ബുദ്ധിശക്തി കുറയാനുള്ള സാധ്യത, മൂത്രാശയ കാൻസർ തുടങ്ങിയ നിരവധി രോഗങ്ങൾ ഉണ്ടെന്നും റാണയുടെ അഭിഭാഷകൻ പരാമർശിച്ചു. ഇന്ത്യയിലെ വിചാരണക്കാലയളവ് പൂർത്തിയാക്കാൻ ഒരുപക്ഷെ റാണയ്‌ക്ക് കഴിഞ്ഞേക്കില്ലെന്നും അത്രയും നാൾ ജീവിച്ചിരിക്കാൻ പോലും സാധ്യതയില്ലെന്നും ഹർജിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: