മാവേലിക്കര: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നടക്കുന്നത് കോടികളുടെ അധിക ചെലവ്. ചോദ്യ പേപ്പര്‍ അതത് ദിവസം സ്കൂളുകളില്‍ എത്തിക്കുന്നതിന്റെ പേരിലാണ് ധൂര്‍ത്ത്. ചോദ്യപേപ്പര്‍ വിതരണത്തിന് നിയോഗിക്കപ്പെടുന്ന ഉദ്യോസ്ഥര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്. പരീക്ഷയ്ക്ക് മുന്‍പ് എല്ലാ വിഷയങ്ങളുടെയും ചോദ്യപേപ്പര്‍ പായ്ക്കറ്റുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വാഹനങ്ങളില്‍ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ച് സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കുകയും രാത്രികാലങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു പതിവ്.
പതിനഞ്ചു വര്‍ഷം മുന്‍പ് സംസ്ഥാനത്തെ ഒരു സ്കൂളില്‍ ചോദ്യപേപ്പര്‍ കവര്‍ മാറ്റി പൊട്ടിച്ചതു മൂലം പരീക്ഷ റദ്ദാക്കി പിന്നീട് നടത്തേണ്ടി വന്നു. ഇതിനു ശേഷമാണ് ചോദ്യപേപ്പര്‍ അതത് ദിവസം രാവിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന സംവിധാനം ആരംഭിച്ചത്. എന്നാല്‍, ഈ തീരുമാനം തുടര്‍ന്നു പോകുന്നതിനു പിന്നില്‍ വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ലോബി പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം. സംസ്ഥാനത്ത് 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളാണുള്ളത്. ഓരോ ഓഫീസിലേയും നാല് വീതം സ്കൂളുകളെ ഓരോ ക്ലസ്റ്ററുകളാക്കി രണ്ട് ജീവനക്കാരെ വീതം വാഹനങ്ങളില്‍ അയച്ചതാണ് ചോദ്യപേപ്പര്‍ രാവിലെ എത്തിക്കുന്നത്.
ഓരോ ദിവസത്തേക്കും ഓരോ ക്ലസ്റ്ററിനും 1500 മുതല്‍ 2000 രൂപവരെ വാഹന ചെലവ് ലഭിക്കും. ഇത്തരം വാഹനങ്ങള്‍ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരുടേതാണെന്നും ആരോപണമുണ്ട്. ഒന്‍പത് ദിവസത്തെ ചെലവിനായി ഓരോ കസ്റ്ററിനും 20,000 രൂപവരെ ചെലവാകും. ഇത്തരത്തില്‍ ഓരോ ഓഫീസിനും 10 മുതല്‍ 15 വരെ വാഹനങ്ങള്‍ ഒമ്പത് ദിവസത്തേക്ക് ക്രമീകരിക്കേണ്ടതുണ്ട്. ഓരോ വര്‍ഷത്തെ പരീക്ഷയ്ക്കായി ചോദ്യപേപ്പര്‍, അച്ചടി, അദ്ധ്യാപകരുടെ പ്രതിഫലം, മറ്റ് കണ്ടിജന്‍സി ചെലവുകള്‍ എന്നിവ കൂടാതെ ചോദ്യപേപ്പര്‍ എത്തിക്കുന്ന ഇനത്തില്‍ കോടിക്കണക്കിന് രൂപ അധികമായി ചെലവാക്കി വരികയാണ്. ഇതുകൂടാതെ ചോദ്യപേപ്പര്‍ സോര്‍ട്ടിങ് തുടങ്ങിയവ്ക്കുള്ള കണ്ടിജന്‍സി ചെലവുകള്‍ ഓരോ വിദ്യാഭ്യാസ ഓഫീസിലേക്കും അനുവദിക്കാറുണ്ട്.
ഈ ദിവസങ്ങളിലും മോഡല്‍ പരീക്ഷയുമായി ബന്ധപ്പെട്ട സോര്‍ട്ടിങ് ദിവസങ്ങളിലും ജീവനക്കാരുടെ ഭക്ഷണം, റിഫ്രഷ്മെന്റ് ചെലവുകള്‍ക്കായി ഓരോ ഓഫീസിനും വന്‍തുക അനുവദിക്കാറുണ്ട്. വിതരണ ചുമതലയുള്ള ജീവനക്കാര്‍ക്ക് ഓരോ ദിവസത്തെയും ഡിഎയും ലഭിക്കും.
ചോദ്യപേപ്പര്‍ വിതരണത്തിനായി പോകുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ഇതുവലിയ അവസരമാക്കി മാറ്റുകയാണ്. രാവിലെ 7.30ന് ചോദ്യപേപ്പര്‍ വിതരണം അവസാനിപ്പിച്ച് ജീവനക്കാര്‍ വീടുകളിലേക്കും പോകും. പിന്നെ ഓഫീസില്‍ എത്തില്ല. ജീവനക്കാരില്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ വിദ്യാഭ്യാസ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റുന്നു. ഉച്ചക്കഞ്ഞിക്കുള്ള തുക പോലും നല്കാനില്ലാത്ത സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതയുള്ള കാലത്തുള്ള ഈ ധൂര്‍ത്ത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
സിസിടിവികളുടെ പേരിലും കോടികള്‍ പാഴായി. ചോദ്യപേപ്പറിന്റെ പേരില്‍ നടക്കുന്ന അധിക ചെലവുകള്‍ ഒഴിവാക്കി, മുന്‍കാലങ്ങളിലെ പോലെ ചോദ്യപേപ്പര്‍ മുന്‍കൂട്ടി സ്കൂളുകളില്‍ എത്തിച്ച് സൂക്ഷിക്കുന്ന പതിവ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി എല്ലാ സ്കൂളുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
സംസ്ഥാനത്തെ 2500ലധികം വരുന്ന പരീക്ഷാകേന്ദ്രങ്ങളായ സ്കൂളുകളില്‍ സ്പെഷല്‍ ഫീസ് അക്കൗണ്ടായ ട്രഷറി പിഡിയില്‍ നിന്ന് പണം പിന്‍വലിച്ച് സിസിടിവി സ്ഥാപിച്ചു. കുട്ടികളില്‍ നിന്ന് ശേഖരിച്ച് ട്രഷറിയില്‍ നിക്ഷേപിക്കുന്ന പിഡി അക്കൗണ്ടില്‍ നിന്ന് 2020ല്‍ ഈ ഇനത്തില്‍ കോടികള്‍ ചെലവാക്കിയെന്നല്ലാതെ ഭൂരിഭാഗം സ്കൂളുകളിലും ഇപ്പോള്‍ സിസിടിവി പ്രവര്‍ത്തിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: