വാഷിങ്ടണ്‍: പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിന്റെ യുഎസ് കോണ്‍ഗ്രസിലെ ആദ്യ പ്രസംഗം നികുതി തീരുവയിലൂന്നി. ‘അമേരിക്ക തിരിച്ചുവന്നു’ എന്ന് പറഞ്ഞ് കൊണ്ടാരംഭിച്ച പ്രസംഗത്തില്‍ അമേരിക്കന്‍ ജനതയുടെ ജീവിതരീതി അവര്‍ക്ക് താങ്ങാവുന്ന നിലയിലേക്ക് എത്തിക്കുമെന്ന് ട്രംപ് വാക്ക് നല്കി.
മുട്ടയുടെ വില കുതിച്ചുയരുന്നതാണ് അമേരിക്കക്കാരെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കുന്നത്. അതിനാല്‍ മുട്ട വില ഉയരുന്നത് പിടിച്ചുനിര്‍ത്തുമെന്നും അതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചെന്നും ട്രംപ് പറഞ്ഞു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനങ്ങളാണ് മുട്ടയുടെ വില കൂടാന്‍ ഇടയാക്കിയതെന്നും വിലകുറക്കാന്‍ ഞങ്ങള്‍ കഠിന പ്രയത്നം തന്നെ നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയിലെ കര്‍ഷകര്‍ക്കായി പുതിയ വ്യാപാരനയം കൊണ്ടുവരും. ഗുണനിലവാരമില്ലാത്ത പല ഉത്പന്നങ്ങളും മറ്റ് രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് എത്തുന്നുണ്ട്. ഇത് കര്‍ഷകരെ ദ്രോഹിക്കുന്നതിന് തുല്ല്യമാണ്. ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വരുന്ന പുതിയ താരിഫുകള്‍ കാര്‍ഷിക ഉത്പന്നങ്ങളെ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ട്രംപ് വ്യക്തമാക്കി.
സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ സെന്‍സര്‍ഷിപ്പുകളും അവസാനിപ്പിച്ചുവെന്നും ആശയാവിഷ്കാര സ്വാതന്ത്ര്യം തിരിച്ചുകൊണ്ടുവന്നുവെന്നും ട്രംപ് പറഞ്ഞു. വിവിധ വിഭാഗം ജീവനക്കാര്‍ക്ക് ലഭിക്കുന്ന ടിപ്പുകള്‍, ഓവര്‍ടൈം, മുതിര്‍ന്നവര്‍ക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിവയ്ക്കുള്ള നികുതി ഒഴിവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് നല്കിയ ഇളവുകള്‍ നിര്‍ത്തുകയാണെന്നും, ആയിരക്കണക്കിന് ആള്‍ക്കാരുടെ ജീവനെടുത്ത ഫെന്റനൈല്‍ ലഹരിമരുന്ന് ഈ രാജ്യങ്ങളില്‍ നിന്നാണ് അമേരിക്കയിലെത്തിയതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയുടെ സ്വപ്നം തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും രാജ്യത്തിന്റെ സ്വപ്നങ്ങള്‍ എല്ലായ്പ്പോഴത്തേക്കാളും മികച്ചതായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ചടങ്ങില്‍ അഞ്ച് ദശലക്ഷം ഡോളര്‍ നല്കി ഗോള്‍ഡ് കാര്‍ഡ് എടുത്താല്‍ യുഎസ് പൗരത്വം നല്കുന്ന പദ്ധതി ട്രംപ് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: