ന്യൂദല്‍ഹി: ഭാരതത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ കേദാര്‍നാഥിലേക്ക് റോപ്‌വേ നിര്‍മിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ റോപ്‌വേ വികസന പദ്ധതിയായ പര്‍വത്മാല പരിയോജന പ്രകാരം ഉത്തരാഖണ്ഡിലെ സോനപ്രയാഗ് മുതല്‍ കേദാര്‍നാഥ് വരെയുള്ള 12.9 കിലോമീറ്റര്‍ റോപ്‌വേ സ്ഥാപിക്കാന്‍ 4081.28 കോടി രൂപയാണ് വകയിരുത്തിയത്. രൂപകല്‍പ്പന-നിര്‍മാണം-ധനസഹായം-പ്രവര്‍ത്തിപ്പിക്കല്‍-കൈമാറ്റ മാതൃകയില്‍, പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി വികസിപ്പിക്കും.
പ്രതിദിനം 18,000 യാത്രക്കാരെ വഹിക്കാനും മണിക്കൂറില്‍ 1800 യാത്രക്കാരെ ഒരു ദിശയിലേക്കു കൊണ്ടുപോകാനും ശേഷിയുള്ള ഏറ്റവും നൂതനമായ ട്രൈ കേബിള്‍ ഡിറ്റാച്ചബിള്‍ ഗൊണ്ടോള (3എസ്) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണു പദ്ധതി. ഇതു വരുന്നതോടെ ഒരു ദിശയിലേക്കുള്ള യാത്രാസമയം 8-9 മണിക്കൂര്‍ എന്നത് വെറും 36 മിനിറ്റായി കുറയും.
കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര ഗൗരികുണ്ഡില്‍നിന്ന് 16 കിലോമീറ്റര്‍ കയറ്റം നിറഞ്ഞതാണ്. കാല്‍നടയായോ കുതിരകള്‍, പല്ലക്കുകള്‍, ഹെലികോപ്റ്റര്‍ എന്നിവയിലൂടെയോ ആണ് ഇവിടേക്കു യാത്ര നടത്തുന്നത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ 3583 മീറ്റര്‍ (11,968 അടി) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 12 പുണ്യ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് കേദാര്‍നാഥ്. അക്ഷയതൃതീയ (ഏപ്രില്‍-മെയ്) മുതല്‍ ദീപാവലി (ഒക്ടോബര്‍-നവംബര്‍) വരെ വര്‍ഷത്തില്‍ ഏകദേശം ആറു മുതല്‍ ഏഴു മാസം വരെ തീര്‍ത്ഥാടകര്‍ക്കായി ക്ഷേത്രം തുറന്നിരിക്കും. തീര്‍ത്ഥാടനകാലയളവില്‍ 20 ലക്ഷം തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്.
ഹേമകുണ്ഡിലേക്ക് 2730 കോടിയുടെ റോപ്‌വേ
ഉത്തരാഖണ്ഡിലെ ഗോവിന്ദ്ഘട്ട് മുതല്‍ ഹേമകുണ്ഡ് വരെയുള്ള (12.4 കിലോമീറ്റര്‍) റോപ്‌വേ പദ്ധതി വികസിപ്പിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. ഗോവിന്ദ്ഘട്ട് മുതല്‍ ഹേമകുണ്ഡ് സാഹിബ് വരെ 12.4 കിലോമീറ്റര്‍ റോപ്‌വേയ്‌ക്ക് 2730.13 കോടി രൂപയുടെ മൂലധന ചെലവാണ് പ്രതീക്ഷിക്കുന്നത്.
ഗോവിന്ദ്ഘട്ടില്‍ നിന്ന് ഹേമകുണ്ഡ് വരെയുള്ള 21 കിലോമീറ്റര്‍ കയറ്റം നിലവില്‍ വെല്ലുവിളി നിറഞ്ഞതാണ്. കാല്‍നടയായോ ചെറു കുതിരകള്‍ക്കു പുറത്തോ പല്ലക്കുകളിലോ മാത്രമേ ഈ ദൂരം മറികടക്കാനാകൂ. ഒരു ദിശയില്‍ ഒരു മണിക്കൂറില്‍ 1100 യാത്രികര്‍ എന്ന നിലയില്‍ പ്രതിദിനം 11000 യാത്രികരെ വഹിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ചമോലി ജില്ലയില്‍ 15,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് ഹേമകുണ്ഡ്. ഈ പുണ്യസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഗുരുദ്വാര മെയ് മുതല്‍ സപ്തംബര്‍ വരെ വര്‍ഷത്തില്‍ ഏകദേശം അഞ്ചു മാസം തുറന്നിരിക്കും. പ്രതിവര്‍ഷം ഏകദേശം 1.5 മുതല്‍ രണ്ടു ലക്ഷം വരെ തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ലോക പൈതൃക കേന്ദ്രമായി യുനെസ്‌കോ അംഗീകരിച്ച പുരാതനമായ ഗഡ്‌വാള്‍ ഹിമാലത്തില്‍ സ്ഥിതിചെയ്യുന്ന ദേശീയ ഉദ്യാനമായ വാലി ഓഫ് ഫഌവേഴ്‌സിലേക്കുള്ള കവാടമായും ഹേമകുണ്ഡ് വര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക